Saturday, November 29, 2025

ഓരോ ക്ഷേത്രത്തിലേയും ദേവ ചൈതന്യത്തിനു ഭാവ വ്യതാസങ്ങൾ ഉണ്ട് എന്നതിന് ഒരുദാഹരണമാണ് തൃച്ചംബരം കൃഷ്ണനും ഗുരുവായൂർ കൃഷ്ണനും. ഗുരുവായൂർ കൃഷ്ണൻ സൗമ്യഭാവത്തിലുള്ള ദേവസങ്കല്പം ആണ്. ആൾക്കാർക്ക് ഗുരുവായൂരപ്പൻ കുസൃതിയായ ഉണ്ണിക്കണ്ണൻ ആണ്. പാൽപ്പായസപ്രിയൻ, രാവിലെ എണ്ണയും വാകയും തേച്ചൊരു കുളിയും ഒക്കെ കഴിഞ്ഞേ വല്ലതും കഴിക്കൂ. പിന്നെ ആനകൾ എന്നുവച്ചാൽ ജീവനാണ്. എന്നാൽ തൃച്ചംബരം കൃഷ്ണൻ രൗദ്ര മൂർത്തിയാണ്. ആനകളെ കണ്ടാൽ നിഗ്രഹിച്ചു കളയും. കാരണം കംസവധം കഴിഞ്ഞു കോപഭാവത്തിൽ ഉള്ള കൃഷ്‌ണൻ ആണെന്നാണ് സങ്കല്പം. അതുകാരണം അവിടത്തെ പൂജാ വിധികളിലും ആ വ്യത്യാസം കാണാം. പത്താം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട തൃച്ഛംബരത്തിലെ കൃഷ്ണന് അതിരാവിലെ അഭിഷേകത്തിനു മുൻപുതന്നെ ഉണക്കലരി ചോറ് നിർബ്ബന്ധം. കാരണം കംസവധം കഴിഞ്ഞു വിശന്നുവലഞ്ഞു വന്ന ഉണ്ണിക്കണ്ണന് വന്നയുടനെതന്നെ അമ്മ ആഹാരം (പഴഞ്ചോറ് എന്ന് ചിലർ) എടുത്തുകൊടുത്തു . അതിനുശേഷമാണ് കുളിയും തേവാരവും ഒക്കെ നടത്തിയത്. അതുകൊണ്ടുതന്നെ ആ സങ്കല്പത്തിലുള്ള ദേവന് അതിരാവിലെതന്നെ ഉണക്കലരി ചോറ് നിവേദിക്കും. അതോടെ കോപഭാവം വെടിഞ്ഞു ദേവൻ ശാന്തനാകും. അതിനുശേഷം നിർമ്മാല്ല്യവും മറ്റും. കംസവധത്തിനെത്തിയ രാമ കൃഷ്ണന്മാരെ കംസൻ്റെ കുവലയാപീഡം എന്ന ആന ആക്രമിക്കുകയുണ്ടായല്ലൊ. ആ ആനയെ കൊന്നതിനുശേഷമാണ്‌ അവർ കൊട്ടാരത്തിനുള്ളിൽ കയറിയത്. അതുകൊണ്ട് ഉത്സവത്തിന് ആന എഴുന്നള്ളത്തില്ല. ആനയെ കണ്ടാൽ ചിലപ്പോൾ ഭഗവാൻ ദേഷ്യം കയറി കൊന്നുകളയും എന്ന് സങ്കൽപ്പം. ഒരിക്കൽ ധനാഢ്യനായ ഒരാൾ (അന്യമതസ്ഥൻ എന്നു ചിലർ) ഇതൊന്നു പരീക്ഷിക്കാൻ വേണ്ടി ഒരാനയെ വാങ്ങി അലങ്കരിച്ച് ക്ഷേത്രത്തിനു മുന്നിലൂടെ കൊണ്ടുപോയി. കവാടത്തിൽ എത്തിയപ്പോൾ അടച്ചിരുന്ന ശ്രീകോവിൽ ഒരു വലിയ ശബ്ദത്തിൽ തുറക്കപ്പെടുകയും, ഉള്ളിൽനിന്നും ഒരു പ്രകാശം വെളിയിലേക്കു വരികയും ചെയ്തു. ആന കൊമ്പുകുത്തി വീണു ചരിഞ്ഞു. അതിനുശേഷം ആ സാഹസത്തിന് ആരും മുതിർന്നിട്ടില്ല എന്നു തോന്നുന്നു. തിടപ്പള്ളിയിലെ മണിക്കിണറിനും ഉണ്ടൊരു കഥ പറയാൻ. വളരെ നാളുകൂടി കാണാതിരുന്ന ഉണ്ണി തിരിച്ചു വന്നതു കണ്ടപ്പോൾ ദേവകീ മാതാവിൻ്റെ മാറിടം ചുരന്നു എന്നും, കഴുകാൻ ജലത്തിനു കൈ നീട്ടിയപ്പോൾ സാക്ഷാൽ ഗംഗാ ദേവി തന്നെ അവിടെ എത്തിയെന്നും ആണ് ആ കഥ. പ്രസവശേഷം അമ്മമാർ ഈ തീർത്ഥം സേവിക്കുന്നത് വിശേഷമാണ്. കണ്ണന് നേദിക്കാനുള്ള പാൽ കൊണ്ടുവരുന്നത് ഒരു കുടുംബത്തിനു മാത്രം ഉള്ള അവകാശമാണ്. “കുഞ്ഞരയാൽ” എന്ന പേരിൽ അറിയപ്പെടുന്ന ഒരു ദിവ്യ അരയാൽവൃക്ഷത്തിനു ചുവട്ടിൽ വച്ച് പൂജിച്ചതിനു ശേഷമാണ് പാൽ ഉള്ളിലേക്കെടുക്കാറ്. പാൽ കൊണ്ടുവരുന്ന ആളെ “പാലമൃതൻ" എന്നാണ് വിളിക്കാറ്. “ആയിരം അപ്പം നിവേദ്യം” ആണ് പ്രധാനപ്പെട്ട ഒരു വഴിപാട്. ക്ഷേത്രവുമായി ബന്ധപ്പെട്ട നമ്പൂതിരി ഇല്ലങ്ങളിലെ സ്ത്രീകളാണ് ശ്രീകോവിലിൽ കയറി ഈ വഴിപാട് നടത്താറ്. വിവാഹ തടസ്സം മാറാനും, ഉണ്ണികൾ ഉണ്ടാകാനും ഈ വഴിപാട് വിശേഷം ആണത്രേ. കുംഭമാസത്തിൽ ആണ് ഉത്സവം. ഓരോ ക്ഷേത്രവും ഇത്തരം വിശ്വാസങ്ങളാലും ആചാര വൈവിദ്ധ്യങ്ങളാലും വേറിട്ട് നിൽക്കുന്നു. അവയെല്ലാം അങ്ങിനെതന്നെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുന്നതാണ് നമ്മുടെ ഉത്തരവാദിത്ത്വം. ഒന്നോർക്കുക: "നശിപ്പിക്കാൻ എളുപ്പമാണ്. പക്ഷെ, പുനഃസൃഷ്ടി ദുഷ്കരവും"! ഹരേ ഹരേ കൃഷ്ണാ

No comments:

Post a Comment