BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, December 12, 2025
ആര്യാംബ എന്ന അമ്മയും ശങ്കരാചാര്യർ എന്ന മകനും
🕉️
നാളെ പുലര്‍ച്ചെ ശങ്കരന്‍ പോവുകയാണ്.
അവന്റെ മുറിയില്‍ ഇപ്പോഴും വെളിച്ചമുണ്ട്. ഏകയായ സ്വന്തം മാതാവിനെ ഉപേക്ഷിച്ചു, സന്യാസത്തിന്റെ പടവുകള്‍ കയറാന്‍, നാട് വിട്ടു പോകുന്നതിന്റെ തലേ ദിവസവും ഓലകളുടെ നടുവിലാണോ എട്ടു വയസ്സുകാരനായ തന്റെ മകൻ അതോ ഓര്‍മ്മകളുടെ ഗ്രന്ഥപ്പുരയിലോ ?
ആര്യാംബ ജനാല തുറന്നു.
സാഗരം പോലെ നീണ്ടു കിടക്കുന്ന പാട ശേഖരങ്ങൾ. ദൂരെ തുരുത്ത് പോലെ ചെറു വെളിച്ചങ്ങളുമായി കാലടി ഗ്രാമം. നെല്‍ വയലുകളുടെ മീതെ ചെറു നീല നക്ഷത്രങ്ങള്‍ പോലെ മിന്നാ മിന്നികള്‍ പാറി നടക്കുന്നു.
കുഞ്ഞു ശങ്കരനെ തോളില്‍ ഇട്ടു കൊണ്ട് ഭര്‍ത്താവു ശിവഗുരു നെൽക്കതിരുകളുടെ മുകളില്‍ ഒളിച്ചിരിക്കുന്ന മിന്നാമിന്നികളെ പറത്തി രസിപ്പിചിരുന്നത് ആര്യാംബ ഓർമ്മിച്ചു.
ഏറെ നാള്‍ വടക്കുംനാഥന് മുന്നില്‍ പ്രാര്‍ത്ഥിച്ചാണ് തങ്ങള്‍ക്കു ഒരു മകന്‍ പിറന്നത്. ശങ്കരന് രണ്ടു വയസ്സുള്ളപ്പോള്‍ ശിവഗുരു മരിച്ചു. മരിക്കുന്നതിനു മുൻപ് പറഞ്ഞു അന്ന് നാല്പത്തിയെട്ട് ദിവസം നോയമ്പു നോറ്റതിന്റെ അവസാന നാള്‍ ദക്ഷിണാമൂര്‍ത്തിയെ സ്വപ്നത്തില്‍ ദര്‍ശിച്ച കാര്യം.
അസാമാന്യ പ്രതിഭാശാലിയായ ഒരു മകന്‍, ചുരുങ്ങിയ ആയുസ്സിനുള്ളില്‍ അവനു ചെയ്തു തീര്‍ക്കേണ്ട ഒരു വലിയ ദൗത്യം… വേദങ്ങളുടെ വീണ്ടെടുപ്പ്…
ആ വാക്കുകള്‍ സത്യമാവുകയാണോ..?
ഉള്ളില്‍ ഒരു സങ്കടത്തിര ഉയരുന്നു.
ശങ്കരാ പോകല്ലേ, അമ്മയെ തനിച്ചാക്കല്ലേ ..എത്ര പ്രാവശ്യം അവനു മുന്നില്‍ കരഞ്ഞു പറഞ്ഞു. അവനും കരഞ്ഞു.
ഓര്‍മ്മകള്‍ മിന്നാമിന്നികളെ പോലെ ഓടി മറയുന്നു. അവനെ വയറ്റില്‍ ചുമന്നു നടന്ന നാളുകള്‍, മച്ചി എന്ന് വിളിച്ച ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മുന്നില്‍ തല ഉയര്ത്തി പിടിച്ചു താന്‍ നിന്നു.
അവനെ മുലയൂട്ടി ഉറക്കി.. താരാട്ട് പാട്ടുകളായി ലക്ഷ്മിസ്തുതികള്‍ ചൊല്ലിക്കൊടുത്തുത്. അവന്റെ കുഞ്ഞു കൈ പിടിച്ചു പാട വരമ്പിലൂടെ, വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നടന്നു പോയത്, ഗ്രന്ഥപ്പുരയിലെ ഓലക്കെട്ടുകള്‍ ഓരോന്നായി അവന്‍ പഠിച്ചെടുക്കുന്നത്, ഒടുവില്‍ കഴിഞ്ഞവര്‍ഷം അവന്റെ ഉപനയനം നടത്തിയത്…
“എന്തൊരു തേജസ്സാണ് അവന്റെ മുഖത്ത് “
കാണുന്നവര്‍ പറയുന്നതു കേൾക്കുമ്പോള്‍ അവനെ ചേര്‍ത്ത് പിടിക്കും… നഷ്ടപെടാന്‍ പോകുന്ന ഒരു രത്നമാണ് തന്റെ മകന്‍ എന്ന് ആരോ പറയും പോലെ.. അവനെ ആർക്കും വിട്ടു കൊടുക്കാന്‍ മനസ്സില്ലായിരുന്നു.. ഏതൊരു അമ്മക്കാണ് അതിനു മനസ്സുണ്ടാകുക.
പുലര്‍ച്ചെ അമ്പലത്തില്‍ പോയതിനു ശേഷം ശങ്കരന്‍ ഭിക്ഷക്ക് പോകും. സന്യാസമാണ് തന്റെ വഴി എന്നവന്‍ തീരുമാനിച്ചത് പോലെ.
ആരുമില്ലാത്ത വിധവയായ ജ്ഞാനാംബാളിന്റെ വീട്ടില്‍ അവന്‍ ഭിക്ഷക്കു ചെന്നതും, ദരിദ്രയായ അവര്‍ ഒരു നെല്ലിക്ക മാത്രം കൊടുത്തുവെന്നും, അപ്പോള്‍ അവന്‍ ലക്ഷ്മിസ്തുതി ചൊല്ലിയെന്നും, ഇല്ലമാകെ കനക നെല്ലിക്കകള്‍ പൊഴിഞ്ഞുവെന്നും അമ്പലത്തിലെ പൂജാരി ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു അറിഞ്ഞു.
’കനകധാര’ എന്ന ലക്ഷ്മിസ്തുതി തന്റെ മകന്‍ ചൊല്ലുന്നത് കേട്ട് ദേവി ഇറങ്ങി വന്നു കാണണം.
അമ്മയും മകനും അതെക്കുറിച്ച് പരസ്പരം സംസാരിച്ചില്ല.
സംസാരം ഒടുവില്‍ സന്യാസം എന്ന അവന്റെ ആഗ്രഹത്തില്‍ ചെന്നെത്തി നില്ക്കും എന്ന് അറിയാവുന്നത് കൊണ്ട്.
താന്‍ ഒരിക്കലും അവന്‍ സന്യസിക്കാന്‍ പോകാന്‍ സമ്മതിക്കയില്ല എന്ന് ശങ്കരന് അറിയാമായിരുന്നു. ഒടുവില്‍ ഇന്നലെ, കുളിക്കാനായി ആറ്റിലേക്ക് പോകുന്ന വഴി താന്‍ അവനോടു പറഞ്ഞു.അവന്റെ കല്യാണം. അതാണ് ഇനി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.
അവന്‍ ഒന്നും പറഞ്ഞില്ല. അവന്റെ നിശബ്ദതയുടെ കാരണം തനിക്ക് അറിയാമായിരുന്നു.
അലക്കുന്നതിനിടയില്‍ അവന്റെ നിലവിളി കേട്ടാണ് തല ഉയര്‍ത്തി നോക്കിയത്. വെള്ളത്തിനു നടുവില്‍ പിടക്കുന്ന തന്റെ മകന്‍. മുതലയുടെ ശല്യം ഉള്ളത് കൊണ്ട് ദൂരേക്ക് നീന്താന്‍ പോകരുതെന്ന് അവനോടു പറഞ്ഞിട്ടുള്ളതാണ്..
എന്നിട്ടും എന്തിനു അവന്‍ അനുസരണക്കേട് കാട്ടി?
കാലില്‍ പിടി മുറുക്കിയിരിക്കുകയാണ് മുതല.
ആര്യാംബ ചങ്ക് പൊട്ടി നിലവിളിച്ചു.
“ശങ്കരാ…മകനേ..”
“അമ്മെ, ഞാന്‍ ഇപ്പോള്‍ മരിക്കും.
മരിക്കുന്നതിനു മുന്പ് ഞാന്‍ ഒരു സന്യാസിയായി മരിക്കട്ടെ… ആപത് സന്യാസം സ്വീകരിച്ചു ഞാന്‍ മരിക്കട്ടെ.. എന്നെ അനുവദിക്കൂ..”
ചിന്തിക്കാന്‍ നേരമില്ലായിരുന്നു.
അങ്ങിനെയാകട്ടെ എന്ന് താന്‍ പറഞ്ഞതും, മുതല പിടിവിട്ടു മറഞ്ഞതും ഒരുമിച്ചായിരുന്നു. വേദപ്പൊരുളായ ദക്ഷിണാമൂര്‍ത്തീ അവിടുന്നാണോ എന്റെ മകനെ കൊണ്ട് പോകാന്‍ മുതലയായി വന്നത് ?
ബന്ധങ്ങളുടെ ജീവിത സാഗരത്തില്‍ അവനെ പിടി വിടാതെ പിടിച്ചിരിക്കുന്ന മുതല അവന്റെ അമ്മയാണെന്ന് അവിടുന്ന് അറിഞ്ഞുവോ ?
തിരികെ കരയിലേക്ക് നീന്തിവന്നു കയറിയ മകന്റെ മുഖത്ത് ഒരു തേജസ് വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. ഒരു സന്യാസിയുടെ തേജസ്.
അപ്പോള്‍ പൊട്ടിക്കരഞ്ഞത്, സന്തോഷം കൊണ്ടാണോ ദുഃഖം കൊണ്ടാണോ ? തന്റെ കാലില്‍ കെട്ടിപ്പിടിച്ചു അവന്‍ കരഞ്ഞു….. i താനും...
“ശങ്കരാ മകനെ, നീ പോയാല്‍ ഞാന്‍ തനിച്ചാവും.. പോകരുതേ.. ഞാന്‍ മരിക്കുന്ന നേരത്ത്, എന്റെ കൂടെയിരിക്കാന്‍, എന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ ചെയ്യാന്‍ എനിക്ക് വേറെ ആരുണ്ട്?”
“അമ്മയെ വിട്ടു പോകുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണോ? ചങ്ക് പൊടിയുന്നത് പോലെ എനിക്ക് തോന്നുന്നു… ദക്ഷിണാമൂര്ത്തിയുടെ അനുഗ്രഹത്താല്‍ അമ്മ എപ്പോള്‍ നിനച്ചാലും ഞാന്‍ അമ്മയുടെ അരികിലെത്തും അമ്മെ.. ”തന്റെ കാല്‍ ചുവട്ടില്‍ കെട്ടി പിടിച്ചു മുഖത്തേക്ക് നോക്കി ശങ്കരന്‍ പറഞ്ഞു.
യോഗവിദ്യയുടെ തേജസ് നിറഞ്ഞ അവന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാര ധാരയായി ഒഴുകി.
അപ്പോള്‍ തീരുമാനിച്ചതാണ്. ഇനി കരയില്ല. സന്തോഷത്തോടെ താന്‍ അവനെ യാത്രയാക്കും.
കോഴി കൂവുന്നു. അവനു പോകാന്‍ നേരമായിരിക്കുന്നു.
പൂജാ മുറിയില്‍ നിന്ന് പുറത്തു വന്ന ശങ്കരന്‍ അമ്മയുടെ കാലില്‍ വീണു നമസ്ക്കരിച്ചു. ആര്യാംബ അവനെ എഴുന്നേല്പ്പിച്ചു.
പുറത്തു ഇരുട്ട് മാറിയിട്ടില്ല. കുഞ്ഞുങ്ങൾക്കു വേണ്ടി ഇര തേടി കൂട് വിട്ടു ദൂരേക്ക് പറക്കാന്‍ ഒരുങ്ങുന്ന കിളികളുടെ ചെറു ശബ്ദങ്ങള്‍. ആര്യാംബ പാനീസ് വിളക്ക് ഉയര്‍ത്തി പിടിച്ചു. ഈ ഇരുട്ടില്‍ അവനു അല്പം വെളിച്ചം കൂടി കിട്ടട്ടെ.
“ശ്രദ്ധിച്ചു പോകണേ മകനെ ശങ്കരാ..”
എന്നും അവന്‍ പുലര്‍ച്ചെ പോകുമ്പോള്‍ പറയുന്നതു പോലെ ഇപ്രാവശ്യവും അവര്‍ പറഞ്ഞു. മുറ്റത്ത് നിന്ന് നടകള്‍ ഇറങ്ങി ശങ്കരന്‍ നടന്നു തുടങ്ങി. തിരിഞ്ഞു നോക്കാതെ നേര്‍ത്ത ഇരുട്ടില്‍, പാതയുടെ അറ്റത്ത്, ഒരു പൊട്ടു പോലെ മകന്‍ തന്റെ ജീവിത്തില്‍ നിന്ന് മറയുന്നത് ആര്യാംബ നോക്കി നിന്നു
ഇനി എന്നാണ് അവനെ കാണുക?
തിരിഞ്ഞു നോക്കാതെ നടന്ന ശങ്കരന്‍ ഇല്ലം വിട്ടു ദൂരെ ആയപ്പോള്‍ ഒരു നിമിഷം നിന്നു. പിന്നെ ഏങ്ങലടിച്ചു കരഞ്ഞു.
അമ്മേ… മാപ്പ്…
കൊടിയ പട്ടിണിയിൽ, ഏകാന്തതയില്‍, തന്റെ അമ്മയെ ഉപേക്ഷിച്ചു താന്‍ പോവുകയാണ്.
പൊരുള്‍ തേടാന്‍. ഉള്ളില്‍ ഉറങ്ങുന്ന ശ്വാസം പ്രപഞ്ചസൃഷ്ടാവിന്റെ തന്നെയാണെന്ന സത്യം തെളിയിക്കാന്‍.. അത് ലോകത്തെ അറിയിക്കാന്‍. എന്നായിരിക്കും താന്‍ ഇനി വരുക?അതോ ഇനി തിരിച്ചു വരികയില്ലേ ?
ഓര്‍മ്മപെടുത്തല്‍ പോലെ ശംഖുനാദം കേള്‍ക്കുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ക്ഷേത്രനട തുറന്നിരിക്കുന്നു. ലോകബന്ധങ്ങള്‍ ഉപേക്ഷിച്ചു തന്റെ ദൗത്യം സ്വീകരിക്കാന്‍ അവിടുന്ന് പറയുന്നത് പോലെ.
ശങ്കരന്‍ ക്ഷേത്രദിശ നോക്കി തൊഴുതു. യാത്ര തുടര്‍ന്നു.
അതൊരു യാത്ര തന്നെയായിരുന്നു. ഭാരത ദിഗ്വിജയം. ദിനങ്ങൾ അതിവേഗം വര്‍ഷങ്ങളായി.
ആര്യാംബ എന്നും അവനെക്കാത്തു ഉമ്മറപ്പടിയില്‍ പാതയുടെ അറ്റത്തേക്ക് നോക്കി ഇരിക്കും.. പാടവരമ്പിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍, രോഗ ദുരിതത്തിലും പട്ടിണിയിലും വേദന അനുഭവിക്കുമ്പോള്‍, ചുവന്ന വെളിച്ചത്തില്‍ ഓരോ സന്ധ്യയും മുങ്ങി മറയുമ്പോള്‍, നീണ്ടു നേര്‍ത്ത ചുവന്നവര പോലെയുള്ള ചക്രവാളത്തിലൂടെ കിളികള്‍ കൂട്ടിലേക്ക് തിരികെ പറക്കുന്നത് കാണുമ്പോള്‍ ഒക്കെ അവര്‍ മകനെകുറിച്ച് ഓര്‍മ്മിച്ചു. അവനെ കാണുവാനുള്ള തീവ്രമായ അഭിലാഷം പൊന്തി വരുന്നത് അവര്‍ കണ്ണുനീര് കൊണ്ട് മൂടി വച്ചു. ഇല്ല. അവന്റെ ദൗത്യം അവന്‍ പൂര്‍ത്തിയാക്കട്ടെ. ഈ അമ്മ അതിനു ഒരു തടസ്സം ആവാന്‍ പാടില്ല.
ഒരു മുതലയെ പോലെ ഇനി അവനെ പിന്നോട്ട് വലിക്കാന്‍ പാടില്ല. എട്ടു വര്‍ഷത്തെ അവന്റെ ഓര്‍മ്മകള്‍ മതി തനിക്ക്. മകനെകുറിച്ചുള്ള വാര്‍ത്തകള്‍ അവരുടെ ചെവിയില്‍ എത്തുന്നുണ്ടായിരുന്നു.
“ശങ്കരന്‍ ദക്ഷിണാമൂര്‍ത്തിയുടെ അവതാരം തന്നെയാണ് എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. അദ്വൈത സിദ്ധാന്തം ഭാരതം കീഴടക്കിയിരിക്കുന്നു. എത്രയോ ശ്ലോകങ്ങളാണ് അദ്ദേഹം ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ എഴുതി കൂട്ടിയിരിക്കുന്നത്. എല്ലാം അമ്മയുടെ ഭാഗ്യം.”
ഒരിക്കല്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ സഞ്ചാരിയായ ഒരു ഭിക്ഷു പറഞ്ഞു. അത് കേട്ടപ്പോള്‍ അഭിമാനം കൊണ്ട് ആര്യാംബയുടെ കണ്ണ് നിറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍. എത്ര പെട്ടെന്നാണ് സമയം കഴിഞ്ഞു പോകുന്നത്. കാലം ആര്യംബയെ രോഗിയാക്കി. തുറന്നു കിടന്ന മുറിയുടെ വാതിലിലൂടെ, പുറത്തെ സന്ധ്യയിലേക്ക് ആര്യാംബ നോക്കി കിടന്നു.
ഇനി വയ്യ. അവസാന നിമിഷങ്ങളില്‍ താന്‍ എത്തിയിരിക്കുന്നു. കണ്ണിലൂടെ മരണവേദന ചാലിട്ടൊഴുകി.
“ശങ്കരാ..മകനേ…”. മകനേ കാണാൻ ആ നെഞ്ചു വെന്തു.
ശൃoഗേരിയിലെ മഠത്തില്‍ പൂജ കഴിഞ്ഞു ശങ്കരന്‍ എഴുന്നേല്ക്കുകയായിരുന്നു... അപ്പോഴാണ് ഉള്ളില്‍ ആ വിളി മുഴങ്ങുന്നത്.
“ശങ്കരാ..മകനേ…”
അമ്മ…
ഒരു നിമിഷം ഇരുപതുവര്‍ഷം മുൻപത്തെ പുലരിയില്‍ തന്നെ യാത്രയാക്കി ഇല്ലത്തിന്റെ ഉമ്മറത്ത് നോക്കി നിന്ന ആ രൂപം ഉള്ളില്‍ തെളിയുന്നു. എന്നും തനിച്ചാവുമ്പോള്‍ ഉള്ളില്‍ തെളിയുന്ന രൂപം. ആഹാരം കഴിക്കുമ്പോള്‍ ഓര്‍ക്കും..
അമ്മ എങ്ങനെയാണു കഴിയുന്നത് ? അമ്മക്ക് അസുഖം വരാറുണ്ടോ ?
അമ്മ തനിച്ചിരുന്നു കരയുന്നതു എത്ര പ്രാവശ്യം സ്വപ്നം കണ്ടിരിക്കുന്നു..
എല്ലാം ഇട്ടെറിഞ്ഞു തിരികെ പോകാന്‍ പല പ്രാവശ്യം തുടങ്ങിയതാണ്. പക്ഷെ…
ആദ്യമായാണ് അമ്മ തന്നെ വിളിക്കുന്നത്.. കൊല്ലങ്ങള്‍ക്ക് ശേഷം ..
ദക്ഷിണാമൂര്‍ത്തീ എന്നെ അമ്മയുടെ അരികില്‍ എത്തിച്ചാലും..
“അമ്മേ..”
ആര്യാംബ കണ്ണുകള്‍ ഉയര്ത്തി. വാതില്ക്കല്‍ ഒരു തേജസ്വിയായ യുവാവ് നില്ക്കുന്നു.
ശങ്കരന്‍.
ഇരുപതു വർഷം മുന്‍പത്തെ കൊച്ചു ബാലനല്ല. ആചാര്യനായി മാറിയ തന്റെ മകന്‍. മരണ സമയത്ത് തന്റെ അരികില്‍ എത്താം എന്ന വാക്ക് അവന്‍ പാലിച്ചിരിക്കുന്നു.
കണ്ണുനീരിലൂടെ ശങ്കരന്‍ അമ്മയെ വീണ്ടും കണ്ടു. ഇരുപതു വർഷം മുൻപത്തെ ആരോഗ്യവതിയായ അമ്മയല്ല, മെലിഞ്ഞു ശോഷിച്ച ഒരു വൃദ്ധ രൂപം. ശങ്കരന്‍ അമ്മയുടെ കട്ടിലിനരികില്‍ മുട്ട് കുത്തി , ചുളിവുകള്‍ വീണ ആ കൈകള്‍ നെഞ്ചോട് ചേര്‍ത്തു.
“ശങ്കരാ..മകനെ..” ആര്യാംബ വിളിച്ചു.
മാപ്പ് തരൂ എന്ന് ഒരു കടല്‍ ശങ്കരന്റെ ഉള്ളില്‍ നിലവിളിച്ചു .
“അമ്മേ, അമ്മ ഒന്‍പതു മാസം എന്നെ അമ്മയുടെ ഉദരത്തില്‍ വഹിച്ചു. ആ സമയം ഞാനമ്മയുടെ വയറ്റിൽ ചവിട്ടിയിരുന്നോ അമ്മേ ശിശുവായിരുന്നപ്പോൾ എന്റെ മല മൂത്രങ്ങള്‍ അമ്മയുടെ ശയ്യയായി മാറ്റിയിരുന്നോ അമ്മേ അതിനു പകരം ഞാന്‍ അമ്മക്ക് എന്താണ് തന്നത്?
എന്നെ ഗുരുകുലത്തിലേക്കയച്ചു പഠിപ്പിച്ചു, എന്നെ ലാളിച്ചു, എനിക്ക് ആഹാരം തന്നു, ഞാന്‍ കരഞ്ഞപ്പോള്‍ എന്റെ ഒപ്പം കരഞ്ഞു, ചിരിച്ചപ്പോള്‍ എന്റെ ഒപ്പം കളിച്ചു എന്റെ കൂട്ടുകാരിയായി, രോഗം വന്നപ്പോള്‍ ഉറക്കമിളച്ചു എന്നെ പരിചരിച്ചു. അതിനു പകരം ഞാന്‍ എന്താണ് അമ്മക്ക് തന്നത് ?
ഒടുവില്‍ കൊടിയ വേദനയില്‍ എന്നെ സന്യാസത്തിനു അയച്ചു. സര്‍വ്വ ദൈവങ്ങളെയും വിളിച്ചു അമ്മ എനിക്ക് വേണ്ടി കരഞ്ഞു. ഞാന്‍ പോയി വര്‍ഷങ്ങള്‍ അമ്മയെ തനിച്ചാക്കി.. ഒടുവില്‍ അമ്മക്ക് മരണ നേരം ഒരു തുള്ളി വെള്ളം തരാന്‍, കാതില്‍ രാമ നാമം ഓതാന്‍, മരണയാത്രയില്‍ അമ്മക്കു കൂട്ടിരിക്കാന്‍, വൈകിയാണെങ്കിലും ഞാന്‍ എത്തിയിരിക്കുന്നു. ഞാന്‍ മാപ്പ് അര്‍ഹിക്കുന്നില്ല.”
ശങ്കരന്‍ വിമ്മി വിമ്മി കരഞ്ഞു കൊണ്ട് അമ്മയുടെ പാദങ്ങളില്‍ ചുംബിച്ചു.
“നീ വാക്ക് പാലിച്ചുവല്ലോ. അത് മതി. ശങ്കരാ എനിക്ക് നീ ഒരു ശ്ലോകം ചൊല്ലി തരൂ… അത് കേട്ട് ഞാന്‍ പോകട്ടെ …” ആര്യാംബ മകന്റെ ശിരസ്സില്‍ തടവിക്കൊണ്ട് പറഞ്ഞു.
അമ്മയെ യാത്രയാക്കാന്‍ സമയമായിരിക്കുന്നു. |
തന്റെ ജീവിതം കൊണ്ട് ഒരിക്കലും കടം വീട്ടാന്‍ കഴിയാത്ത അമ്മക്ക് വേണ്ടി ശങ്കരന്‍ ഉള്ളു നൊന്തു ശ്രീ മഹാ വിഷ്ണുവിനെ സ്മരിച്ചു. മോക്ഷപ്രാപ്തിക്കു വേണ്ടി.
മുറിയില്‍ ഒരു അലൌകിക പ്രഭ നിറഞ്ഞു. ആര്യാംബയുടെ ശിരസ്സിനു മുകളില്‍ കൈകളില്‍ ഗദയും ചക്രവും ധരിച്ചു മഹാവിഷ്ണു പ്രത്യക്ഷപെട്ടു.
വിശ്വരൂപം ദര്‍ശിച്ചു കൊണ്ട് അമ്മക്ക് വേണ്ടി, അമ്മയുടെ മുന്നില്‍ കൈകള്‍ കൂപ്പി ശങ്കരന്‍ ആ ശ്ലോകം ചൊല്ലി .
“നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണു..
നമസ്തേ നമസ്തേ ഗദാ ചക്രപാണേ
നമസ്തേ നമസ്തേ പ്രപന്നാർത്ഥിഹാരിന്‍
സമസ്താപരാധം ക്ഷമാസ്വാകിലേശാ..
മുഖേ മന്ദഹാസം നഖേ ചന്ദ്രഹാസം
കരേ ചാരുചക്രം സുരേഷാഭിവന്ദ്യം
ഭുജംഗേ ശയാനം ഭജേ പദ്മനാഭം …”
ആര്യാംബയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അമ്മയുടെ ആത്മാവ് മോക്ഷത്തിലേക്ക് മടങ്ങുന്നത് കണ്ടു ശങ്കരന്‍ ആ കണ്ണുകള്‍ തഴുകിയടച്ചു.
No comments:
Post a Comment