Sunday, December 14, 2025

മേൽപ്പുത്തൂർ നാരായണ ഭട്ടതിരിയും ചെമ്പകശ്ശേരി രാജാവും:- ഭട്ടതിരിയുടെ പ്രധാനമായ പുരസ്കർത്തൃത്വത്തിനുള്ള ഭാഗ്യം സിദ്ധിച്ചതു ‘പൂരാടം പിറന്ന പുരുഷൻ’ എന്ന പേരിൽ പ്രസിദ്ധനായ അന്നത്തെ ചെമ്പകശ്ശേരി രാജാവിനായിരുന്നു. ആ മഹാൻ, 741-ാമാണ്ടു് മേടമാസത്തിൽ ജനിച്ചു. 798-ാമാണ്ടു് ധനുമാസം 2-ാംനു മരിച്ചു. അദ്ദേഹം ചെമ്പകശ്ശേരിരാജ്യം ഭരിക്കുവാൻ ആരംഭിച്ചതു് എന്നാണെന്നു നിശ്ചയമില്ല. എന്നാൽ സ്വയം ഗ്രന്ഥകാരനും കവികൾക്കും പണ്ഡിതന്മാർക്കും കല്പവൃക്ഷവുമായിരുന്നതിനുംപുറമേ ശ്രീകൃഷ്ണഭഗവാന്റെ പരമഭക്തനും, ഭാരതം, ഭാഗവതം എന്നീ മഹാഗ്രന്ഥങ്ങളിൽ അത്യധികം അഭിരുചിയും നിഷ്ണാതതയുമുള്ള ഒരു പുരുഷപുംഗവനുമായിരുന്നു എന്നുള്ളതിനു പല തെളിവുകളുമുണ്ടു്. ഏതോ ഒരു ദിവ്യനായ സന്യാസിയിൽനിന്നു് അദ്ദേഹത്തിനു ബാല്യത്തിൽത്തന്നെ ഒരു മഹോപദേശവും സിദ്ധിച്ചിരുന്നു. ഈ വസ്തുതകളിൽ പലതും ഭട്ടതിരിയുടെ പ്രക്രിയാസർവസ്വത്തിൽ ആരംഭത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളിൽനിന്നു വ്യക്തീഭവിക്കുന്നു: “തിഷ്ഠത്യേവാനിലോഽപി പ്രചലതി ഗിരിര പ്യാജ്ഞയാ യസ്യ രാജ്യേ; ശത്രോസ്സർവാഭിസാരേ സതി രചയതി യ സ്തസ്യ സർവാപഹാരം; സോഽയം നിശ്ശേഷശാസ്ത്രശ്രുതിനിവഹകലാ നാടകേഷ്വദ്വിതീയോ ഭാതി ശ്രീദേവനാരായണധരണിപതി ർമ്മഗ്നചേതാ മുകുന്ദേ. യോ വൃന്ദാവനവാസിനോ നിയമിനസ്സാക്ഷാൽകൃതാധോക്ഷജാദ് ദുഷ്പ്രാപം ഖലു നാരദാദു് ധ്രുവ ഇവ പ്രാപോപദേശം പരം, യസ്യാപാസ്തസമസ്തവസ്തുകുതുകം കൃഷ്ണാവലോകോത്സവ ക്രീഡാകൗതുകി മാനസം വിജയതേ സോയം മഹാത്മാ നൃപഃ.” ദേവനാരായണൻ എന്നതു ചെമ്പകശ്ശേരി രാജാക്കന്മാരുടെ മാറാപ്പേരാണു്. പൂരാടംതിരുനാൾ ഒരു കഷണ്ടിക്കാരനായിരുന്നു എന്നും, ഭട്ടതിരിയെ ആദ്യമായി കണ്ടപ്പോൾ ആളറിയാതെ ‘കൂട്ടിവായിക്കാനറിയാമോ’ എന്നു ചോദിച്ചതിനു് അറിയാമെന്നു ഭട്ടതിരി പറഞ്ഞു എന്നും, അടുത്ത ദിവസം പതിവായി മഹാഭാരതം വായിച്ചുവന്ന നീലകണ്ഠദീക്ഷിതർക്കുപകരം ആ ഇതിഹാസം വായിക്കുവാൻ നിയുക്തനായെന്നും, ആ അവസരത്തിൽ സന്ദർഭാനുഗുണമായി കർണ്ണപർവ്വത്തിൽ “ഭീമസേനഭയത്രസ്താ ദുര്യോധനവരൂഥിനീ ശിഖാ ഖർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ” എന്നൊരു ശ്ലോകം സ്വയം ഉണ്ടാക്കിച്ചൊല്ലുകയും രാജാവു് അന്ധാളിച്ചു് അതു മൂലത്തിലുള്ളതാണോ എന്നു ചോദിച്ചതിനു ‘കൂട്ടിവായിച്ച’താണെന്നു സമാധാനം പറയുകയും ചെയ്തു എന്നും ആശ്ചര്യഭരിതനായ ശ്രോതാവു് ‘അങ്ങാണോ മേല്പുത്തൂർ’ എന്നു് ഉടൻ തന്നെ പ്രശ്നം ചെയ്തുവെന്നുമുള്ള ഐതിഹ്യം വിശ്വാസ്യം തന്നെ. ഭട്ടതിരി അപ്പോൾ നിർമ്മിച്ചു ചൊല്ലിയതാണു് “അവ്യഞ്ജനസ്താർക്ഷ്യകേതുര്യത്പദം ഘടയിഷ്യതി തത്തേ ഭവതു കല്പാന്തം ദേവനാരായണ! പ്രഭോ!” എന്ന മംഗലാശംസാശ്ലോകം. ‘താർക്ഷ്യകേതുഃ’ എന്ന പദത്തിൽനിന്നു വ്യഞ്ജനാക്ഷരങ്ങൾ തള്ളിയാൽ അവശേഷിക്കുന്നതു് ആയുഃ എന്ന പദമാണെന്നു പറയേണ്ടതില്ലല്ലോ. മഹാകവി അദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുള്ള വേറേ ചില പദ്യങ്ങൾ കൂടി ഉദ്ധരിക്കുന്നു: “ബ്രഹ്മക്ഷേത്രം കിലേദം മഹിതജനപദം വിപ്രസംരക്ഷ്യമേവ വ്യാതേനേ ജാമദഗ്ന്യസ്തദിദമൃഷിവര സ്യാനുസന്ധായ ഭാവം യസ്സ്വേനൈവേദമുർവീവലയമവികലം ത്രായതേ, സോയമിന്ധേ ശൂരാണാം താപസാനാമപി പരമപദേ ദേവനാരായണോദ്യ. ഗോത്രാഭ്യുദ്ധരണോദ്ധ്യുരസ്യ മഹതാ ചക്രേണ കൃത്തദ്വിഷോ ലക്ഷ്മീം ഭൂമിമപി പ്രിയാം കലയതഃ സ്ഥാസ്നോർദ്വിജേന്ദ്രോപരി ഭൂയശ്ശൂരകുലൈകഭൂഷണമണേർദ്ദേവേന നാരായണേ നൈക്യം നിശ്ചിതമേവ നിശ്ചലധൃതേ! തേ ദേവനാരായണ. കസ്യൈവം വിദിതം കലാവിലസിതം? കോന്യോബുധാനന്ദഭൂഃ? കോ വാ വിഷ്ണുപദം സദൈവ ഭജതേ താരാനുസാരീ സ്വയം? തസ്മാദത്ര ഭവന്തമേവ ഭുവനേ രാജാനമീക്ഷാമഹേ; സ ത്വം കൈരവമാനനീയമഹിമാ ഹേ ദേവനാരായണ. സംരുദ്ധേ ദേവനാരായണനൃപ, ഭവതാ നാസ്തികാനാം പ്രചാരേ ത്വത്സേനാ ഹന്ത ചാർവാകവദയി പരലോ കോദയം ഖണ്ഡയന്തി കാന്താരേ വൈരിണസ്തേ ക്ഷപണകജനവൽ സപ്തഭംഗീം ഭജന്തേ തേഷാം രാജ്യേ ച ഹീഹീ സുഗതമത ഇവ ശ്രൂയതേ ശൂന്യവാദഃ. സംഗ്രാമേ ദേവനാരായണധരണിപതേ! നാമമാത്രാദമിത്രാ വിത്രസ്താ വിദ്രവന്തശ്ശിവശിവ വിപിനേ ക്വാപി ഗുഢം നിലീനാഃ തത്രാമീ ദേവ നാരായണ ജയ ഭഗവ ന്നിത്യുഷീണാമുദീർണ്ണാൻ വർണ്ണാനാകർണ്ണയന്തശ്ചകിതമത ഇതഃ കേവലം വ്യാവലന്തേ.” ആ തമ്പുരാന്റെ ഗുണങ്ങളാൽ ആകൃഷ്ടനാകുകനിമിത്തമാണു് താൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ചെന്നുചേർന്നതു് എന്നു ഭട്ടതിരി പ്രക്രിയാസർവസ്വത്തിൽ തുറന്നുപറയുന്നുണ്ടു്. 791 മകരം 2-ാം നുയാണു് മഹാകവി സർവസ്വം ആരംഭിച്ചതു്. അറുപതു ദിവസംകൊണ്ടു് ആ മഹത്തായ ശാസ്ത്രഗ്രന്ഥം പൂർത്തിയാക്കി മീനം 3-ാംനു- സമർപ്പിച്ചു. അക്കാലത്തെ ഭാരതീയ വൈയാകരണന്മാരിൽ അഗ്രഗണ്യനായ ഭട്ടോജിദീക്ഷിതർ അതിലെ “രാസവിലാസവിലോലം ഭജത മുരാരേർമ്മനോരമം രൂപം, പ്രകൃതിഷു യൽ പ്രത്യയവൽ പ്രത്യേകം ഗോപികാസുസമ്മിളിതം” എന്ന വന്ദനശ്ലോകത്തിന്റെ പൂർവാർദ്ധം കേട്ടപ്പോൾ “ഈ വിടൻ എങ്ങനെ വൈയാകരണനാകും?” എന്നോർത്തു നെറ്റി ചുളിക്കുകയും ഉത്തരാർദ്ധം കേട്ടപ്പോൾ തന്റെ പ്രഥമാഭിപ്രായത്തിൽ ലജ്ജിച്ചു് അദ്ദേഹത്തെ തല കുലുക്കി ശ്ലാഘിക്കുകയും ചെയ്തതായി ഐതിഹ്യം ഘോഷിക്കുന്നു. ഭട്ടതിരി അമ്പലപ്പുഴവെച്ചാണു് ധാതുകാവ്യവും നിർമ്മിച്ചതു്. പാഞ്ചാലീസ്വയംവരം മുതലായ ചില ചമ്പുക്കളും മാനമേയോദയം എന്ന ന്യായഗ്രന്ഥത്തിലെ ‘മാന’ഭാഗവും നിർമ്മിച്ചതും അവിടെവെച്ചു തന്നെയാണു്. ഭട്ടതിരി അമ്പലപ്പുഴയിൽ താമസിക്കുമ്പോൾ ഒരു വിദേശപണ്ഡിതൻ മഹാരാജാവിനെ സന്ദർശിക്കുവാൻ അവിടെ ചെല്ലുകയും ഇപ്പോൾ മുഖം കാണിക്കാൻ സമയമാണോ എന്നു തന്നോടു ചോദിച്ചതിനു മറുപടിയായി അദ്ദേഹം “ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച മോദതേ കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ” എന്നൊരു ശ്ലോകം പെട്ടെന്നു നിർമ്മിച്ചു ചൊല്ലുകയും അതു കേട്ടു് ആ പണ്ഡിതൻ “നീർതാനാ മേല്പുത്തൂർ” എന്നു ചോദിക്കുകയും ചെയ്തതായി പുരാവിത്തുകൾ പറയുന്നു. 796-ൽ തന്റെ ഗുരുനാഥനായ അച്യുതപ്പിഷാരടിയുടെ അന്ത്യകാലത്തിൽ ഭട്ടതിരി തൃക്കണ്ടിയൂരിൽ ചെന്നു് അദ്ദേഹത്തെ വീണ്ടും ശുശ്രൂഷിക്കുകയും പിഷാരടി ആസന്നമരണനായി ശിംഗഭൂപന്റെ രസാർണ്ണവസുധാകരമെന്ന അലങ്കാരഗ്രന്ഥത്തിലുള്ള “കായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൗ ശ്വാസേ ശനൈശ്ശാമ്യതി ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ കർണ്ണേ വർണ്ണയതാദു് ഭവാർണ്ണവഭയാദുത്താരകം താരകം.” എന്ന പദ്യത്തിലെ ഉത്താരകം എന്ന പദംവരെ ഉച്ചരിക്കുകയും പിന്നീടു ശരീരസാദം നിമിത്തം വിരമിക്കവേ ഭട്ടതിരി ‘താരകം’ എന്ന പദം ചൊല്ലി തദ്ദ്വാരാ സ്വഗുരുവിനു പ്രാണോൽക്രാന്തിഘട്ടത്തിൽ താരകോപദേശം ചെയ്തു ചരിതാർത്ഥനാവുകയും ചെയ്തു. ‘ഹേ ശബ്ദാഗമ’ എന്ന ചരമശ്ലോകം ഞാൻ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.

No comments:

Post a Comment