സ്വപ്നാവസ്ഥയില് സ്വപ്നജഗത്തിനെ സത്യമായിക്കണ്ടാലും ആ കാണുന്ന സമയത്തും ആ സ്വപ്നജഗത്ത് എങ്ങനെ മിഥ്യ (അസത്ത്) ആയോ, അങ്ങനെ ഈ ജഗത്തിനേയും ഈ ജഗത്തിന്റെ ഒരംശമായ ശരീരം കൊണ്ടു കാണുമ്പോള്‍ സത്യമെന്നു തോന്നിയാലും ആ അവസരത്തിലും ഇതു മിഥ്യ(അസത്ത്) തന്നെയെന്ന് എന്തുകൊണ്ടു നിശ്ചയിച്ചു കൂടാ? ഇതിനാല്‍ ഒരു വസ്തുവിനെ യഥാര്‍ത്ഥമായി അറിയണമെങ്കില്‍ അതില്‍ നിന്നു വേറായിട്ടു നിന്നറിയണം. അങ്ങനെയല്ലാതെ അതായിരുന്നറിഞ്ഞാല്‍ സത്യമായിട്ടും അസത്യമായിട്ടും കാണും. കണ്ണും കാണപ്പെടുന്ന വിഷയവുംതമ്മിലുള്ള ചേര്‍ച്ചയില്‍നിന്നുണ്ടാകുന്ന അനുഭവം ഇതിനു തെളിവാണ്. എന്നാല്‍ ഒരു വസ്തു സത്തോ അസത്തോ എന്ന് ആരായുമ്പോള്‍ ആ വസ്തുവിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തോടു ചേരുന്നതായിക്കണ്ടു എന്നുവെച്ച് സത്താണെന്നു നിശ്ചയിക്കുന്നത് ഒരു വിധത്തിലും ശരിയായിട്ടുള്ളതല്ല. അങ്ങനെ നിശ്ചയിക്കുക എന്നു വന്നാല്‍ മരുമരീചികാപ്രവാഹത്തിന്റെ അലകളും ഒന്നു മറ്റൊന്നിനോടു ചേര്‍ന്നു കാണുന്നതുകൊണ്ട് അതിനേയും സത്താണെന്നു നിശ്ചയിക്കാമെന്നു വരും. അതു ശരിയല്ല. അതുപോലെ ലോകത്തിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തോടു ചേരുന്നതായിക്കണ്ടു എന്നുവെച്ച് ജ്ഞാനികള്‍ ലോകത്തെ സത്താണെന്നു പറയുകയില്ല. പ്രപഞ്ചമാകട്ടെ ജാഗ്രത്, സ്വപ്നം, സുഷുപ്തി ഈ മൂന്നു നിലയിലാണ് അറിയപ്പെടുന്നത്. അവയില്‍ ഒന്നിന്റെ അനുഭവമുള്ളപ്പോള്‍ മറ്റുള്ളവയുടെ അനുഭവമില്ല. അതിനാല്‍ ജാഗ്രാദാദി മൂന്നവസ്ഥകള്‍ക്കു പരസ്പരമറിയുവാന്‍ കഴിവില്ലെന്നു സിദ്ധിക്കുന്നു. എന്നാല്‍ അവ മൂന്നും അറിയപ്പെടുന്നുണ്ടുതാനും. അതിനാല്‍ ജാഗ്രത് പ്രപഞ്ചത്തേയും സ്വപ്നപ്രപഞ്ചത്തേയും സുഷുപ്തിപ്രപഞ്ചത്തേയും അറിയുന്ന ഒരു സാക്ഷിയുണ്ടെന്നും ആ സാക്ഷി സാക്ഷ്യമായ പ്രപഞ്ചത്തില്‍ നിന്നു വിലക്ഷണനാണെന്നും തീരുമാനിക്കാം. ആ സാക്ഷിയാണു സ്വപ്നപ്രപഞ്ചത്തെ പ്രകാശിപ്പിച്ചതും, അതിന്റെ സ്മരണ ജാഗ്രത്തിലുളവാക്കിയതും. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ സ്വപ്നപ്രപഞ്ചത്തെക്കുറിച്ച് ജാഗ്രത്പ്രപഞ്ചത്തിനറിവുണ്ടാവുകയില്ലായിരുന്നു. ഓരോ പ്രപഞ്ചവും ത്രിപുടി രൂപത്തിലാണല്ലൊ നിലനില്‍ക്കുന്നത്. ജ്ഞാതാവ്, ജ്ഞാനം, ജ്ഞേയം ഇവ മൂന്നും ചേര്‍ന്നതാണു ത്രിപുടി. ജാഗ്രത്തിലെ ജ്ഞാതാവും സ്വപ്നത്തിലെ ജ്ഞാതാവും സുഷുപ്തിയിലെ ജ്ഞാതാവും ഒന്നല്ല, മൂന്നാണ്. അവര്‍ അതാതവസ്ഥയിലെ ജ്ഞേയത്തെ മാത്രമേ അറിയുകയുള്ളൂ. ആകയാല്‍ ആ ജ്ഞാതാക്കള്‍ക്ക് അന്യോന്യം അറിയുവാനൊക്കുകയില്ല. അതുകൊണ്ടാണു മൂന്നവസ്ഥകളുമറിയുന്ന ഒരു സാക്ഷിയുണ്ടെന്ന് അനുഭവബലം കൊണ്ടു തീരുമാനിച്ചത്. സ്വപ്നപ്രപഞ്ചത്തില്‍നിന്ന് ഭിന്നനായ സാക്ഷി ആ സ്വപ്ന പ്രപഞ്ചവും അസത്താണെന്ന് അറിഞ്ഞതുപോലെ, ഈ ജാഗ്രത്പ്രപഞ്ചത്തില്‍നിന്നു ഭിന്നനായ സാക്ഷിക്ക് ജാഗ്രത്പ്രപഞ്ചത്തേയും അസത്തെന്നറിയുവാന്‍ കഴിയും. ആ സാക്ഷിഭാവമാണ് തുര്യം. സ്വപ്നപ്രപഞ്ചം ജാഗ്രദവസ്ഥയില്‍ അസത്താണെന്നു തെളിഞ്ഞതുപോലെ തുര്യഭാവത്തില്‍ ഉണരുന്ന ഒരു ജ്ഞാനിയ്ക്ക് സ്വപ്നസുഷ്പ്തികള്‍ മാത്രമല്ല, ഈ ജാഗ്രത്തുപോലും അസത്താണെന്നനുഭവപ്പെടും. ആ അനുഭവബലം വെച്ചുകൊണ്ടു നോക്കുമ്പോള്‍ ജ്ഞാനികള്‍ക്കു വ്യഷ്ടിരൂപത്തിലും സമഷ്ടിരൂപത്തിലും അനുഭവപ്പെട്ട എല്ലാ പ്രപഞ്ചവും അസത്തായിട്ടു നിര്‍ണ്ണയിക്കാന്‍ കഴിയും. കാനല്‍ജലം സത്യമല്ല എന്നത് നിര്‍ണ്ണയിച്ച ആള് കാനല്‍ ജലം കണ്ടുകൊണ്ട് തന്നെയാണ് അത് അവാസ്തവമെന്നു പറയുന്നത്. അതുപോലെ ജാഗ്രത്തില്‍ നിന്ന് കൊണ്ട് ജാഗ്രത്ത് മിഥ്യയാണെന്ന് നിര്‍ണ്ണയിക്കാം. താന്‍ സത്താമാത്രമായ ചിത്സ്വരൂപമെന്നുഅപരോക്ഷാനുഭൂതിയില് ബോധിച്ചജ്ഞാനിക്ക് ജാഗ്രത്ത് കാനല്‍ജലം പോലെ മിഥ്യയാണ്.Rajesh Pillai