സത്വഗുണം തീവ്രമായിത്തീര്‍ന്നു വേദജ്ഞാനം ഉള്ളില്‍ ഉണര്‍ന്നാല്‍ അത് തമോഗുണങ്ങളെ ഇല്ലാതെയാക്കും. രജസ്സിനെയും തമസ്സിനെയും ഇല്ലാതെയാക്കാന്‍ സത്വത്തിനാകും. താമസവിഷയങ്ങളില്‍ വിരക്തിയുണ്ടാക്കാന്‍ സത്വഗുണത്തിനു കഴിയും. രജോഗുണം ലോഭത്തോടു ചേര്‍ന്ന് വര്‍ദ്ധിച്ചും തമസ്സ് മോഹത്തോടു ചേര്‍ന്ന് തീവ്രമായും രജസ്-സത്വഗുണങ്ങളെ കീഴടക്കുന്നു. ഓരോരോ ഗുണങ്ങള്‍ മറ്റുള്ളവയെ എങ്ങിനെ സ്വാധീനിക്കുന്നു എന്നിനി നോക്കാം. സത്വഗുണം ഉയരുമ്പോള്‍ ധര്‍മ്മബുദ്ധി ഉറയ്ക്കുന്നു. അപ്പോള്‍ രജസ്-തമോ ജന്യങ്ങളായ വിഷയങ്ങളില്‍ മനസ്സുടക്കുകയില്ല. സത്വഗുണസംബന്ധിയായ വിഷയങ്ങളില്‍ മനസ്സ് രമിക്കുന്നു. അപ്പോള്‍ ധാര്‍മ്മികമായ യജ്ഞം, കര്‍മ്മം, അര്‍ത്ഥസമ്പാദനം എന്നിവയില്‍ മാത്രം ആഭിമുഖ്യമുണ്ടാകുന്നു. കേവലം സാത്വികഗുണങ്ങളില്‍ മാത്രം വ്യാപരിച്ചിരിക്കുന്ന അങ്ങിനെയുള്ള ഒരാളില്‍ രാജസവും താമസവും ആയ വിഷയങ്ങള്‍ കടന്നുവരികയേ ഇല്ല. രജസ്സിനെ കീഴടക്കി തമസ്സിനെ ജയിച്ചു കഴിഞ്ഞാല്‍പ്പിന്നെ ശുദ്ധസത്വം മാത്രമാണ് നിലകൊള്ളുന്നത്. എന്നാല്‍ രജസ്സ് കൂടുമ്പോള്‍ സത്യധര്‍മ്മാദികള്‍ക്ക് മൂല്യച്യുതിയുണ്ടാവുന്നു. ചിലപ്പോള്‍ ധര്‍മ്മത്തിനെതിരായും ചിലര്‍ വര്‍ത്തിക്കുന്നത് അങ്ങിനെയാണ്. സത്വവും നശിക്കുന്നത് തന്നെയാണ്, എന്നാല്‍ അപ്പോള്‍ താമസഗുണവും അവിടെ നിന്ന് മാറി നില്‍ക്കും. തമസ്സാണ് പെരുകുന്നതെങ്കില്‍ വേദധര്‍മ്മശാസ്ത്രങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നശിക്കും. നാശത്തിനു പലവിധത്തിലുള്ള ഭാവങ്ങള്‍ ഉണ്ടാവും. എല്ലായിടത്തും ദ്രോഹങ്ങള്‍ പെരുകി ശാന്തി തീരെ ഇല്ലാതെയാകും. രജസ്-സത്വ ഗുണങ്ങളെ കീഴടക്കി, ക്രുദ്ധനും മൂര്‍ഖനുമായി താന്തോന്നിയായി നടക്കുന്നവന്‍ ഭോഗലാലസനായി ജീവിതം കഴിക്കുന്നു.devibhagavathamnithyaparayanam