ആഗ്രഹത്തിനനുസരിച്ചു ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനാവാതെ വരുമ്പോള്‍ അതെങ്ങിനെയും സാധിക്കുന്നതിനായിട്ടാണ് മനുഷ്യന്‍ ആദ്യമായി അസത്യത്തിലേയ്ക്ക് എടുത്തു ചാടുന്നത്. അതിനായി കളവു പറയാനും അങ്ങിനെയത് പാപകര്‍മ്മങ്ങള്‍ക്കും കാരണമാവുന്നു. കാമക്രോധലോഭങ്ങളാണ് മനുഷ്യന്‍റെ ശത്രുക്കളില്‍ പ്രമുഖര്‍. ഈ ശത്രുക്കളാല്‍ ബാധിതരായാല്‍ അവര്‍ക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തമ്മിലുള്ള വിവേചനബുദ്ധി നഷ്ടപ്പെടുന്നു. അസത്യത്തിലൂടെ കാര്യം നേടിക്കഴിഞ്ഞാലോ പിന്നെ അഹങ്കാരമായി. അഹങ്കാരത്തില്‍ നിന്ന് മോഹം, മോഹത്തില്‍ നിന്നും മരണം. മോഹത്തിലാണ് ഊഹാപോഹങ്ങളും സംശയങ്ങളും ഉടലെടുക്കുന്നത്. ഈര്‍ഷ്യ, അസൂയ, ദ്വേഷം, ആശ, തൃഷ്ണ, ദൈന്യം, ദംഭം, അധര്‍മ്മബുദ്ധി എന്നുവേണ്ട, സകലദൂഷ്യങ്ങള്‍ക്കും മനസ്സില്‍ ഇടമുണ്ടാവുന്നു. ഇതേ മോഹത്തിന്റെ ഫലമായാണ് അഹങ്കാരത്തിന്റെ ബഹിര്‍സ്ഫുരണമായി മനുഷ്യന്‍ യജ്ഞദാനാദികള്‍ ചെയ്യുന്നതും തീര്‍ഥാടനം നടത്തുന്നതും. വ്രത, യോഗ, നിയമാദികളും ഇതില്‍ നിന്നാണ് ഉല്‍ഭവിച്ചത്. എന്നാല്‍ അഹങ്കാരത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ശുദ്ധിയില്ല.
രാഗലോഭാദികളോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശുദ്ധമാവുകയില്ല. ആദ്യം ദ്രവ്യശുദ്ധി – അന്യരെ ദ്രോഹിക്കാതെ ആര്‍ജ്ജിക്കുന്ന വസ്തുക്കള്‍ മാത്രമേ ശുഭകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ദ്രോഹാര്‍ജ്ജിതമായ ധനം കൊണ്ട് ചെയ്യുന്ന യജ്ഞം വിപരീതഫലത്തെയുണ്ടാക്കുന്നു. മന:ശ്ശുദ്ധിയാണ് രണ്ടാമത്തേത്. അതില്ലാതെ ചെയ്യുന്ന കര്‍മ്മം കൊണ്ട് ശരിക്കുള്ള ഫലം കിട്ടുകയില്ല. കര്‍മ്മം ചെയ്യുന്നവരും യജമാനരും എല്ലാം മനശ്ശുദ്ധിയുള്ളവരാണെങ്കില്‍ ഉല്‍ക്കൃഷ്ടഫലം ലഭിക്കും. ദേശം, കാലം, ദ്രവ്യം, കര്‍ത്താക്കള്‍, മന്ത്രം എന്നിവയെല്ലാം ശുദ്ധമായാല്‍ പൂര്‍ണ്ണമായ കര്‍മ്മഫലപ്രാപ്തിയുണ്ടാവും. ശത്രുനാശം, സ്വാര്‍ത്ഥലാഭം എന്നിവയ്ക്കായി ചെയ്യുന്ന കര്‍മ്മം എത്ര ശുദ്ധമായാലും വിപരീത ഫലമാണുണ്ടാവുക. അങ്ങിനെയുള്ളവര്‍ക്ക് നന്മയും തിന്മയും തിരിച്ചറിയാന്‍ ആവുന്നില്ല. പ്രാരബ്ധങ്ങള്‍ കൊണ്ടാണ് അവരിങ്ങിനെ പാപം ചെയ്യുന്നത്. കശ്യപപ്രജാപതിയുടെ പുത്രന്മാരാണ് ദേവന്മാരും അസുരന്മാരും. എങ്കിലും അവര്‍ പരസ്പരം കലഹിക്കുന്നു. ദേവന്മാര്‍ സത്വഗുണത്തില്‍ നിന്നും മനുഷ്യര്‍ രജോഗുണത്തില്‍ നിന്നും മൃഗങ്ങള്‍ തമോഗുണത്തില്‍ നിന്നും ഉണ്ടായവരാണെന്നു വേദങ്ങള്‍ പറയുന്നു. എന്നാല്‍ സത്വവാന്മാരായ ദേവന്മാര്‍ക്ക് പോലും ശത്രുതയുണ്ടെങ്കില്‍ എന്ത് പറയാനാണ്? അപ്പോള്‍പ്പിന്നെ മനുഷ്യര്‍ക്കും മൃഗാദികള്‍ക്കും വൈരമുണ്ടാവുന്നതില്‍ എന്തത്ഭുതം? ദേവന്മാരും സംതൃപ്തിയില്ലാത്തവരാണ്. കാരണം ദ്വേഷവൈരങ്ങള്‍ അവരിലും സജീവമായുണ്ട്. അഹങ്കാരത്തില്‍ നിന്നാണ് ജഗത്ത് ഉത്ഭവിച്ചത്. അപ്പോള്‍പ്പിന്നെ അതില്‍ ജനിച്ച നരന് രാഗദ്വേഷം ഉണ്ടാവാതിരിക്കുമോ?'A.P.Sukumar