മനസ്സും ചിത്തവും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ് ? Vipin Kumar മനോബുദ്ധിരഹങ്കാര- ശ്ചിത്തം കരണമാന്തരം സംശയോ നിശ്ചയോ ഗര്‍വഃ സ്മരണം വിഷയാ ഹ്യമീ-' എന്ന വേദാന്തമതമനുസരിച്ച് അന്തഃകരണം സംശയാവസ്ഥയിലുള്ളപ്പോള്‍ മനസ്സ് എന്നും നിശ്ചയാവസ്ഥയിലുള്ളപ്പോള്‍ ബുദ്ധി എന്നും ഗര്‍വാവസ്ഥയിലുള്ളപ്പോള്‍ അഹങ്കാരം എന്നും സ്മരണാവസ്ഥയിലുള്ളപ്പോള്‍ ചിത്തം എന്നും പറയപ്പെടുന്നു. വിശകലനം ചെയ്തു നോക്കിയാല്‍ ഈ അവസ്ഥകളുടെ ഉദ്ഭവം ബുദ്ധി, അഹങ്കാരം, മനസ്സ്, ചിത്തം എന്ന ക്രമത്തിലാണെന്നു കാണാം. സൃഷ്ടിക്രമം ഇങ്ങനെയാണെങ്കിലും ലൌകികാനുഭവമനുസരിച്ചുള്ള ക്രമം ചിത്തം, മനസ്സ്, അഹങ്കാരം, ബുദ്ധി എന്നിങ്ങനെയാണ്. രജോഗുണവും തമോഗുണവും താഴ്ത്തപ്പെട്ട് സത്വഗുണം പരിസ്ഫുടമായിരിക്കുന്ന ഒരവസ്ഥയാണ് ബുദ്ധിയുടേത്. അഹങ്കാരവൃത്തിയില്‍ അന്തഃകരണം തമോഗുണപ്രധാനമാണ്; അപ്പോള്‍ സത്വവും രജസ്സും അമര്‍ത്തപ്പെട്ടിരിക്കും. സത്വവും തമസ്സും അഭിഭൂതങ്ങളായിത്തീര്‍ന്ന് അന്തഃകരണം രജോഗുണപ്രധാനമായിരിക്കുന്ന സ്ഥിതിയാണ് മനസ്സിന്റേത്. ചിത്തത്തെ ബുദ്ധിയിലന്തര്‍ഭവിച്ചതായി സാംഖ്യന്‍മാര്‍ കരുതുന്നു. ചിലപ്പോള്‍ ചിത്തത്തെ അവര്‍ അന്തഃകരണത്തിന്റെ പര്യായമായും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ വേദാന്തികള്‍ അന്തഃകരണത്തിന്റെ നാലാമതൊരു വൃത്തിവിശേഷമായി ചിത്തത്തെ പരിഗണിക്കുന്നു. പൂര്‍വകാലീനാനുഭവങ്ങളെയോ പ്രത്യക്ഷത്തിലുള്ള അറിവിനെയോ സ്മരിക്കുന്നതാണ് അതിന്റെ സ്വഭാവം. 'ചേതതി അനേന ഇതിചിത്തം' എന്നാണ് അവര്‍ അതിനു നല്കുന്ന പരിഭാഷ. ബുദ്ധി ആദ്യം ഒരിക്കല്‍ നിശ്ചയിക്കുന്നു എന്നും അതിനുശേഷമുള്ള സ്മരണവും ചിന്തനവും ചിത്തദ്വാരാ നിര്‍വഹിക്കപ്പെടുന്നു എന്നുമാണ് വേദാന്തികള്‍ സമര്‍ഥിക്കുന്നത്.മനസിന്റെ വകഭേദങ്ങൾ മാത്രം മനസ് ബുദ്ധി അഹങ്കാര ചിത്തം ചിത്തം എന്നത് ചിന്തകളുടെ, വാസനകളുടെ ഉദ്ഭവകേന്ദ്രമായി പറയാറുണ്ട് വൃത്തികളെ ഉണ്ടാക്കുന്നതും ബുദ്ധിയെയും അഹങ്കാരത്തിന്റെയും ഉദ്ഭവം എന്നതും ചിത്തവൃത്തികളിലാണ്. ചിത്തം എന്നത് ആർജിത ചിന്താ സംസ്ക്കാരങ്ങളുടെ ചുഴിയായും ' പറയുന്നു.