Saturday, October 22, 2016

വിഗ്രഹങ്ങളെ അലങ്കരിക്കാമോ
ഈശ്വരന്, പ്രത്യേകിച്ച് ഒരു അലങ്കാരത്തിന്റെയും ആവശ്യമില്ല. അവിടന്ന് സൗന്ദര്യത്തിന്റെ സ്വരൂപമാണ്. പൊന്നുംകുടത്തിന് സ്വര്‍ണ്ണപ്പൊട്ടിന്റെ ആവശ്യമില്ല. എന്നാല്‍, വിഗ്രഹത്തെ അലങ്കരിക്കുന്നതും ആ സുന്ദരരൂപം ദര്‍ശിക്കുന്നതും മനസ്സിനു കുളിര്‍മ നല്‍കുന്നു. അവിടെ നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. മനുഷ്യമനസ്സുകളില്‍ ഭക്തിദാഹം വളര്‍ത്താന്‍ ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ സഹായിക്കുന്നു. വാസ്തവത്തില്‍, ഈ അലങ്കാരങ്ങള്‍ ഒന്നും കൂടാതെ തന്നെ സൗന്ദര്യത്തിന്റെ സാരസര്‍വ്വസ്വമാണ് ഈശ്വരന്‍. ഈശ്വരന്‍ സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയാകയാല്‍ ആ ഈശ്വരനെ ഏറ്റവും സുന്ദരനായിക്കാണാന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്? ഭഗവാന്‍ നിറ‍ഞ്ഞചൈതന്യമാണ്. യാചകന്റെ ഭാവത്തിലായാലും രാജാവിന്റെ ഭാവത്തിലായാലും ഭഗവാന്‍ പൂര്‍ണ്ണനാണ്. നമ്മുടെ സന്തോഷത്തിന് വേണ്ടി, നമ്മുടെ ഭാവന യ്ക്കനുസരിച്ച് ഭഗവദ് വിഗ്രഹത്തെ അലങ്കരിക്കുന്നു എന്നുമാത്രം
സാധാരണക്കാരുടെ സങ്കല്പങ്ങളില്‍ ഒതുങ്ങുന്ന ആളാവും ഈശ്വരന്‍. ഈശ്വരന് യാതൊന്നിന്റെയും കുറവില്ല. അവിടുന്ന് എല്ലാമാണ്. നമ്മള്‍ അവിടത്തെ അലങ്കരിച്ചാലും ഇല്ലെങ്കിലും അവിടത്തേക്ക് വ്യത്യാസമില്ല.യഥാര്‍ഥത്തില്‍ ഭക്തന്മാര്‍ സമര്‍പ്പിക്കുന്ന വിലകൂടിയ വസ്തുക്കളൊന്നും ഭഗവാനെ ബാധിക്കുന്നില്ല. കേവലം അലങ്കാരങ്ങള്‍ മാത്രമാണ്.സര്‍വ്വതും ഈശ്വരന്റെ നിയന്ത്രണത്തിലാണ് എന്ന് നമ്മള്‍ ഓര്‍മിക്കണം. അവിടുന്ന് ഏതു രൂപത്തിലായാലും ഇതിനു മാറ്റമില്ല.
ഈശ്വരന്‍ അവതാരമെടുക്കുമ്പോഴും മറ്റും എന്താണ് സംഭവിക്കുന്നത്? ആ അവതാരങ്ങള്‍ മനുഷ്യരെപ്പോലെ പെരുമാറുന്നു. അത് ലോകത്തിന് മാതൃകയാക്കാന്‍ വേണ്ടിയാണ്. അല്ലാതെ ഭഗവാനെ അതൊന്നും ബാധിക്കുന്നില്ല.പക്ഷേ, ഭഗവദ്‍വിഗ്രഹങ്ങളെ അലങ്കരിക്കുന്ന ഭക്തന് കൂടുതല്‍ ഏകാഗ്രതയുണ്ടാവുന്നു. കൂടുതല്‍ ഈശ്വരനിലേക്ക് അടുക്കാന്‍ സാധാരണക്കാര്‍ കണ്ടെത്തുന്ന മാര്‍ഗമാണ് ഭഗവദ്‍വിഗ്രഹത്തിന് നല്‍കുന്ന അലങ്കാരങ്ങള്‍. വിഗ്രത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിലൂടെ കൂടുതല്‍ ഭഗവാനിലേക്ക് അടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മനുഷ്യമനസ്സില്‍ ഭക്തി ഭാവം വളര്‍ത്താന്‍ ഇങ്ങനെയുള്ള അലങ്കാരങ്ങള്‍ സഹായിക്കുമെങ്കില്‍ അവ നല്ലതാണ്.
ഹരി ഓം