Saturday, October 22, 2016

അരയാലില.

അരയാലില..!
-------------------
കുട്ടിക്കാലത്ത്‌ അമ്പലത്തില്‍ പോകുമ്പോള്‍ കുണുങ്ങിയാടുന്ന ആലിലകളെ നോക്കിനിന്നിട്ടുണ്ട്...ഒരു കടങ്കഥയും ഓര്‍മ്മവരുന്നു...ഒരമ്മ പെറ്റ മക്കളൊക്കെ വിറച്ചുവിറച്ച്... :)
തണല്‍ വിരിച്ച് പടന്നു പന്തലിച്ചു നില്‍ക്കുന്ന അമ്പലമുറ്റത്തെ അരയാല്‍. കുണുങ്ങിയാടുന്ന ശിഖരങ്ങളില്‍ തട്ടി വീഴുന്ന ഓംകാര മന്ത്രങ്ങളുടെ ധ്വനിയില്‍ വിറകൊള്ളുന്ന അരയാലിലകള്‍ 
ചില്ലകള്‍ക്കിടയില്‍ ആലിന്‍പഴങ്ങള്‍ തിന്നാനെത്തുന്ന ചെറുകിളികള്‍
ഏറെ കാലം കഴിഞ്ഞ് വീണ്ടും അവിടെ ചെല്ലുമ്പോഴും ചിരിച്ചു നില്‍ക്കുന്ന അരയാല്‍ത്തറ. സിമന്റുതേച്ച്‌ അല്‍പ്പം പൊക്കിയ ഒരു തറയുണ്ടാക്കിയിരിക്കുന്നു; വേറെ മാറ്റമില്ല.എന്തൊരു ചന്തം. അതിന്‍റെ ഇലകള്‍ എന്നെ മാടി വിളിക്കും പോലെ . നനുത്ത കാറ്റേറ്റിരിക്കുമ്പോള്‍ കലപില ശബ്ദത്തോടെ ആലിന്‍പഴങ്ങള്‍ക്കായി ചെറുകിളികള്‍ വരവായി .
ക്ഷേത്രപരിസരങ്ങളില്‍ ആലുകള്‍ക്ക് ഒരു ദിവ്യപരിവേഷമുണ്ട്‌. ഉറപ്പുള്ള തായ്‌ത്തടിയില്‍ ചാരിയിരിക്കുമ്പോള്‍ തന്നെ നവോന്മേഷം ഉടലെടുക്കുന്നു
വൃക്ഷങ്ങളുടെ രാജാവാവാണവന്‍ . കിഴക്കന്‍ ഹിമാലയവും തെക്കു കിഴക്കന്‍ ഏഷ്യയുമാണ്‌ ഈ ദൈവ വൃക്ഷത്തിന്റെ ജന്മദേശമത്രെ. ബുദ്ധമതക്കാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരുപോലെവിശുദ്ധവൃക്ഷമാണിത്‌.
നീലഗിരിയിലെ ബഡഗ വര്‍ഗക്കാരും അരയാലിനെ ആരാധിക്കുന്നു. ബോധ്‌ഗയയിലെ അരയാലിന്റെ ചുവട്ടില്‍വച്ചാണ്‌ സിദ്ധാര്‍ത്ഥന്‌ ജ്ഞാനോദയമുണ്ടായതെന്ന്‌ വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടു ഇത്‌ ബോധിവൃക്ഷവുമായി.
ഇലകൊഴിയുംവൃക്ഷമാണ്‌ അരയാല്‍. മിന്നല്‍പ്പിണരുകള്‍ പിടിച്ചെടുത്ത്‌ സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള ശക്‌തിവിശേഷം അരയാലിന്റെ തടിക്കുണ്ടെന്നാണ്‌ പ്രാചീനകാലം മുതല്‌ക്കുള്ള വിശ്വാസം. അതിനാലാവാം ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവയുടെ സമീപം ഈ മരം നട്ടുവളര്‍ത്തുന്നത്‌.
പക്ഷെ, തടിക്ക്‌ സാമാന്യം ദൃഢതയുണ്ടെങ്കിലും ഈടും ഉറപ്പും വളരെ കുറവാണ്‌. ഇതിന്‌ ഔഷധഗുണമുണ്ടെന്നും പറയുന്നു. തൊലിക്കും ഇലയ്‌ക്കും ഔഷധഗുണമുണ്ട്‌. തൈരും എണ്ണയും അരയാലിലയില്‍ ഒഴിച്ചു ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനയ്‌ക്ക്‌ ശമനം കിട്ടും. ഉഷ്‌ണപ്പുണ്ണ്‌ കഴുകാന്‍ അരയാല്‍തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്‌.
ഹൃദയാകൃതിയിലുള്ള അരയാലിലയില്‍ കൃഷ്‌ണന്‍ കാല്‍വിരല്‍ കുടിച്ചു കിടക്കുന്ന രംഗം, ഹൈന്ദവപുരാണങ്ങളിലുണ്ട്‌. ഇതും
ഈ വൃക്ഷത്തിനു ദൈവീകപരിവേഷം നല്‍കിയിരിക്കുന്നു.
ഓക്‌സിജന്‍ ഉത്‌പാദനത്തില്‍ ഇത്രയും മുന്നിട്ടു നില്‍ക്കുന്ന വൃക്ഷം വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു കൂടിയായിരിക്കാം അരയാല്‍ പ്രദക്ഷിണം ശ്രേഷ്‌ഠമാണെന്ന വിശ്വാസത്തിനു പിന്നില്‍...
ഋതുക്കള്‍ ഏറെ കടന്നുപോയിട്ടും പോറലേല്‍പ്പിക്കാതെ, അരയാലുകള്‍ ദിവ്യസ്ന്ഹത്തിന്‍റെ ത്യാഗ മാനോഭാവത്തോടെ ലോകത്തെ മുഴുവന്‍ പ്രണയിച്ചു കൊണ്ട് സ്നേഹത്തോടെ ഇന്നും മാടി വിളിച്ചുകൊണ്ടിരിക്കുന്നു.
നിര്‍മ്മല അകവൂര്‍