പരിവർത്തനം ഓരോ വ്യക്തിയിൽ നിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു; "തനിക്കതു വേണം" എന്നു ഓരോ വ്യക്തിയും തീരുമാനിച്ചാൽ ഇവിടെ ഈ താമസിക്കുന്ന ഭൂമിതന്നെ സ്വർഗ്ഗമായിത്തീരും.
നിങ്ങൾ ഒരാളെയും നേരെയാക്കേണ്ടതില്ല, നിങ്ങൾ ലോകം നന്നാക്കാനും ഇറങ്ങേണ്ട; അതിന്റെ ഉത്തരവാദിത്തവും നിങ്ങൾക്കില്ല. നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങളെത്തന്നെ നേരായ മാർഗ്ഗത്തിലേക്കു ചലിപ്പിക്കുകയെന്നതു മാത്രമാണ്. മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കൊള്ളും; അവരിലെ പ്രകൃതി നോക്കിക്കൊള്ളും. നിങ്ങൾ നിങ്ങളെ സ്വയം ഉദ്ധരിച്ചുകൊണ്ട് സ്വതന്ത്രനായി വർത്തിക്കുക; നിങ്ങളിലൂടെ ഈ ലോകത്ത് നടപ്പാക്കാനുണ്ടെങ്കിൽ അതും പ്രകൃതിതന്നെ നടത്തിക്കൊള്ളും; അക്കാര്യത്തിൽ നിങ്ങൾ പ്രത്യേകിച്ച് വ്യാപൃതനാവേണ്ട കാര്യമില്ല.
സ്വയം പാദരക്ഷയെടുത്തണിയൂ; എന്നിട്ടു കല്ലും മുള്ളും നിറഞ്ഞിരിക്കുന്നുവെന്നു നിങ്ങൾ പറയുന്ന വഴിയിലൂടെ നടക്കൂ; നിങ്ങൾക്ക് നിങ്ങളെ രക്ഷിക്കാം. ദേശം മുഴുവൻ പരവതാനി വിരിക്കാൻ നിങ്ങളെക്കൊണ്ടാവുകയില്ലല്ലോ. നിങ്ങൾക്കാവുന്നതു നിങ്ങൾ ചെയ്യുക; എന്നിട്ടു വെറുതെയിരിക്കുക.