Tuesday, April 11, 2017

ആറാട്ടുപുഴ പൂരം ..!
===================
തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമം സാംസ്‌കാരിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. തൃശ്ശൂര്‍ ടൗണില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരത്തുള്ള ഈ ചെറു ഗ്രാമത്തിന് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടം നേടിക്കൊടുത്ത ഉത്സവമാണ് ആറാട്ടുപുഴ പൂരം.
3000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം നടക്കുന്നത്. ഈ ഉത്സവകാലത്ത് സമീപ ഗ്രാമങ്ങളിലെ ദേവീ ദേവന്മാര്‍ ഇവിടുത്തെ പ്രതിഷ്ഠയായ ശ്രീഅയ്യപ്പനെ സന്ദര്‍ശിക്കാന്‍ ശാസ്ത്രാ ക്ഷേത്രത്തിലെത്തുന്നു എന്നാണ് വിശ്വാസം.
പൂരം നടക്കുന്ന അപൂര്‍വം ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പെരുമയും ഇതിനുണ്ട്.
പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ 'ആയതു ശിവലോകം' എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു.
മുപ്പത്തിമുക്കോടി ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്ന പ്രസിദ്ധമായ പൂരമാണ്‌ ആറാട്ടുപുഴ പൂരം. കേരളത്തിലെ പ്രധാന പൂരം എന്ന് കേള്‍വി കേട്ടത് തൃശൂര്‍ പൂരമാണെങ്കിലും പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ഒരേയൊരു പൂരമേയുള്ളു -- "ആറാട്ടുപുഴ പൂരം". പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്.
മീനത്തിലെ ഉത്രം അര്‍ധരാത്രിക്കുള്ള ദിവസം ഉത്രംപാട്ട് അടിസ്ഥാനമാക്കി കീഴോട്ട് കണക്കാക്കിയാണ് ആറാട്ടുപുഴ പൂരത്തിന് കൊടികയറുന്നത്.
ആറാട്ടുപുഴയില്‍ ഏഴു ദിവസത്തെ ഉല്‍സവമാണ്. ആറാം ദിവസമാണ് പൂരം. ഏഴാം നാള്‍ ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഇന്നത് 61 ക്ഷേത്രങ്ങളില്‍ നിന്നുള്ളതായി ചുരുങ്ങി. 28 ദിവസമുണ്ടായിരുന്ന പൂരം ഏഴു ദിവസമായി. മുമ്പ്100 ആനകളുണ്ടായിരുന്നു. ഇപ്പോഴത് 64 ആയി.
പെരുവനം ഗ്രാമത്തിന്‍റെ നാലതിര്‍ത്തികളിലായി ഓരോ ശാസ്താ ക്ഷേത്രങ്ങളുണ്ട്. വടക്ക് അകമല, കിഴക്ക് കുതിരാന്‍, തെക്ക് ഊഴത്ത്, പടിഞ്ഞാറ് എടത്തിരുത്തി. ഇവയും പൂരത്തില്‍ സജീവമായി പങ്കെടുക്കുന്നു.
ആറാട്ടുപുഴ ശാസ്താവിനെ കാണാന്‍ പൂരം നാളില്‍ നാനാദിക്കില്‍ നിന്നും ദേവതമാര്‍ പല നേരത്തായി ക്ഷേത്രത്തിലെത്തുന്നു. അന്ന് ആറാട്ടുപുഴ ശാസ്താവിനാണ് പ്രാധാന്യം. എന്നാല്‍ പിറ്റേന്നു നടക്കുന്ന ഉല്‍സവത്തില്‍ തൃപ്രയാര്‍ തേവര്‍ക്കാണ് പ്രാമാണ്യം. പെരുവനം മഹാദേവര്‍ ക്ഷേത്രത്തിലെ ഇരട്ടിയപ്പന്‍ പൂരം ഘോഷയാത്രയില്‍ പുറത്തെഴുന്നള്ളാറില്ല .
പൂരത്തിന് നെടുനായകത്വം വഹിക്കുന്ന 'തൃപ്രയാര്‍ തേവര്‍' ഇന്ന് അര്‍ധരാത്രിയില്‍ ആറാട്ടുപുഴയിലെത്തും. വൈകിട്ട് ഏഴോടെയാണ് സ്വന്തം പള്ളിയോടത്തില്‍ തേവര്‍ തൃപ്രയാര്‍ പുഴ കടക്കുക.
രാജകീയ പ്രൗഡിയോടെ പുറപ്പെടുന്ന തേവര്‍ക്ക് നിറതോക്കുമായി പൊലീസ് സേനയും വാളും പരിചയുമായി പടനായകരും ഭക്തരും അകമ്പടി സേവിക്കും. ഇന്നു വൈകിട്ട് ആറു മണിയോടെ പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന ആറാട്ടുപുഴ ശാസ്താവ് സര്‍വാഭരണ വിഭൂഷിതനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പുറത്തേയ്‌ക്കെഴുന്നള്ളും. തുടര്‍ന്നു നടക്കുന്ന പാഞ്ചാരിമേളത്തില്‍ ഇരുനൂറ്റമ്പതില്‍പ്പരം കലാകാരന്മാര്‍ പങ്കെടുക്കും. ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ ശാസ്താവ് ഏഴുകണ്ടം വരെ പോകും.
ആനകളുടെ അകമ്പടിയോടെ കൈപ്പന്തത്തിന്റെ ശോഭയില്‍ ശാസ്താവ് ഏഴുകണ്ടം വരെ പോകുന്നത് പൂരക്കാഴ്ചകളില്‍ പ്രധാനം. മടക്കയാത്രയില്‍ ശാസ്താവ് നിലപാടുതറയില്‍ ആതിഥ്യമരുളി നില്‍ക്കും. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിന് നിലപാടുനില്‍ക്കാന്‍ ഉത്തരവാദിത്വമേല്‍പ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളും. ആറാട്ടുപുഴ ശാസ്താവ് നിലപാടുതറയിലെത്തിയാല്‍ ദേവീ-ദേവന്മാരുടെ പൂരങ്ങള്‍ ആരംഭിക്കുകയായി.
ക്ഷേത്രഗോപുരത്തി്നും നിലപാടുതറയ്ക്കും മധ്യേ തെക്കുവടക്കുള്ള നടയിലും പടിഞ്ഞാറുഭാഗത്തുള്ള പാടത്തുമാണ് കയറ്റവും ഇറക്കവും പടിഞ്ഞാറുനിന്നുള്ള വരവും. ഇതാണ് എഴുന്നള്ളിപ്പുകാഴ്ച. തേവര്‍ കൈതവളപ്പിലെത്തുന്നതുവരെ ഈ എഴുന്നള്ളിപ്പു തുടരും.
രാത്രി 11 മണിയോടെ തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴാനകളുടെ അകമ്പടിയോടെ പാഞ്ചാരിമേളം. ഒരു മണിയോടു കൂടി പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ അഞ്ചാനകളുടെയും പാഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളും. െനട്ടിശ്ശേരി ശാസ്താവ് അഞ്ചാനകളുടെ അകമ്പടിയോടും പാണ്ടിമേളത്തോടും കൂടി പടിഞ്ഞാറു നിന്നും എഴുന്നള്ളി വരും. രാത്രി 12 മണിയോടെ എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കും.
അഞ്ചാനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം . ഒരുമണിയോടെ അന്തിക്കാട് - ചൂരക്കാട് ഭഗവതിമാര്‍ ആറാനകളുടെയും പാഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളും. ദേവമേളയ്ക്കു െനടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും.
പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പു വരെ തേവര്‍ക്ക് പതിനൊന്ന് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യം. തുടര്‍ന്നു ഇരുപത്തൊന്ന് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളം. മേളം അവസാനിക്കുന്നതോടെ ഇടതു ഭാഗത്തു ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്തു ചേര്‍പ്പ് ഭഗവതിയും 60ല്‍പരം ആനകളുടെ അകമ്പടിയോടെ അണിനിരക്കുന്നു.
മഹാവിഷ്ണു, ലക്ഷ്മി ദേവിയോടും ഭൂമി ദേവിയോടും ഒപ്പം എഴുന്നള്ളുന്നു എന്നതാണു സങ്കല്‍പ്പം. പൂരം നാള്‍ രാത്രിയില്‍ ചോതി േക്ഷത്രം ഉച്ചസ്ഥാനീയമായാല്‍ ആറാട്ടുപുഴ മന്ദാരം കടവില്‍ ഗംഗാദേവിയുടെ സാന്നിദ്ധ്യമുണ്ടാകുമെന്നാണു വിശ്വാസം. ഗംഗയുടെ വിശുദ്ധിയില്‍ ആറാടി നിര്‍വൃതിയടയാന്‍ തേവരും ദേവീമാരും ഭക്തജസഹസ്രങ്ങളും ഇവിടെ ഒത്തുച്ചേരുന്നു. തേവര്‍ കൈതവളപ്പില്‍ വന്നാല്‍ ദേവിമാരുടെ ആറാട്ടു തുടങ്ങുകയായി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യം ആറാടുന്നത്. തുടര്‍ന്നു മറ്റു ദേവിമാരും ആറാടും. ഊരകത്തമ്മ ഭഗവതി ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആദ്യം പ്രദക്ഷിണം വയ്ക്കും.
തൃപ്രയാര്‍ തേവര്‍ ആറാട്ടു മന്ദാരം കടവിലേക്കു യാത്രയായാല്‍ ആതിഥേയായ ആറാട്ടുപുഴ ശാസ്താവ് പുറത്തേയ്ക്ക് എഴുന്നള്ളും. ക്ഷേത്രം പ്രദക്ഷിണം വച്ചു യാത്രയാകുന്ന ദേവീ - ദേവന്‍മാര്‍ക്ക് ഉപചാരം പറയുന്ന ചടങ്ങാണു പിന്നീട്. ചേര്‍പ്പ് ഭഗവതിക്കും ഊരകത്തമ്മ തിരുവടിയ്ക്കും തേവര്‍ക്കും ശാസ്താവ് 'ഏഴുകണ്ടം ' വരെ അകമ്പടി പോകുന്നു. ഇവിടെ വച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷികന്മാര്‍ ഗണിച്ച അടുത്ത വര്‍ഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ബന്ധപ്പെട്ട അവകാശി വിളംബരം ചെയ്യും.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയാണ് തേവരുടെ മടക്കയാത്ര. ദേവസംഗമത്തിന്റേതായ എഴുന്നള്ളിപ്പുകള്‍, ദീപാലങ്കാരം, വര്‍ണ്ണ ശബളിമയാര്‍ന്ന കരിമരുന്ന് പ്രയോഗം (അമ്പലത്തിന്പുറത്ത്ഉണ്ടത്രേ) പൂരപ്പന്തല്‍ എന്നിവ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. ആചാരനുഷ്ഠാനങ്ങള്‍ക്കൊണ്ടും ആഘോഷങ്ങള്‍ക്കൊണ്ടും പൊലിമയേറുന്ന ദേവമേള പൂരങ്ങളില്‍ നിന്നും വ്യത്യസ്തമാണ്............Nirmala akavur,

No comments:

Post a Comment