*ആദരവോടെ ഭക്ഷണം കഴിച്ചാൽ ഐശ്വര്യം*
അഗ്നിയെ ദേവനായി ആരാധിക്കുന്ന രീതി പണ്ടു തന്നെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. *അഗ്നിമീളേ പുരോഹിതം*എന്നു തുടങ്ങുന്ന വേദമന്ത്രങ്ങൾ തന്നെ ആ സംസ്കാരത്തിന്റെ സൂചനകളാണ്. അഗ്നിയെ മാത്രമല്ല, പ്രകൃതിയിലെ എന്തിനെയും ആരാധിച്ചിരുന്നു പഴമക്കാർ.
ദിവസവും വീട്ടിൽ ചോറുണ്ടാക്കുമ്പോൾ പാകമായിക്കഴിഞ്ഞാൽ ഒരു വറ്റെടുത്ത് അടുപ്പിൽ സമർപ്പിക്കുന്ന രീതിയും പണ്ടുണ്ടായിരുന്നു. അതുപോലെ, ഊണു കഴിക്കാൻ തുടങ്ങുമ്പോൾ ഒരു വറ്റെടുത്ത് എല്ലാ കറിയിലും മുക്കി നിലത്തിടുന്ന ആചാരവും ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഭൂമിദേവിക്കുള്ള സമർപ്പണമായിരുന്നു അത്.
നമുക്ക് അന്നം തരുന്ന ഭൂമിദേവിയെയും അഗ്നിദേവനെയുമൊക്കെ ആരാധിച്ച് അവർക്കു സമർപ്പിച്ചതിനു ശേഷം മാത്രം നാം അനുഭവിക്കുക എന്നതായിരുന്നു ഇത്തരം ആചാരങ്ങളുടെ കാതൽ.
എന്നാൽ, കാലം മാറി. ആഹാരം കഴിക്കുന്നതിനു മുൻപ് ഒരു വറ്റെടുത്ത് ആദരവോടെ ഭൂമിക്കു സമർപ്പിക്കുന്ന ആചാരം ഇല്ലാതായി. നാം കടിച്ചുവലിച്ചതിന്റെ അവശിഷ്ടങ്ങൾ മണ്ണിലേക്ക് അലക്ഷ്യമായി വലിച്ചെറിയുകയെന്ന ‘ആചാരം’ ആണ് ഇപ്പോഴുള്ളത്. ഇവിടെയാണ് പഴമക്കാരുടെ ആചാരങ്ങളുടെ പ്രസക്തി.
*അന്നം ദൈവം*
*അന്നം ദൈവം*
നാം കഴിക്കുന്ന ആഹാരത്തെപ്പോലും ദൈവമായി സങ്കൽപിച്ചവരാണു പഴമക്കാർ. അന്നമയമാണു നമ്മുടെ ശരീരമെന്ന് അവർക്കറിയാമായിരുന്നു.
*അന്നം ന നിന്ദ്യാത്,* *തത് വ്രതം*
*അന്നം ന പരിചക്ഷീത, തത് വ്രതം...”*
(അന്നത്തെ നിന്ദിക്കരുത്, അന്നത്തെ ഉപേക്ഷിക്കരുത്) എന്നാണ് ഉപനിഷത്ത് നമ്മോടു പറയുന്നത്. ഇത്തരം മഹത്തത്വങ്ങളാണ് ആചാരങ്ങളായി പഴമക്കാർ നമുക്കു തന്നത്.
ഒരു നേരത്തെ വിശപ്പടക്കാൻ പോലുമില്ലാത്ത ആയിരങ്ങൾ നമുക്കു ചുറ്റും ജീവിക്കുമ്പോൾ, അന്നം പാഴാക്കരുത് എന്ന ഉപനിഷത് സന്ദേശം ഏറെ പ്രസക്തമാണ്...
ശിവായ നമഃ..........Umadevi
No comments:
Post a Comment