Sunday, May 21, 2017

മനുഷ്യന്‍ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വിധിക്കപ്പെട്ടവനാണ്. സല്‍ക്കര്‍മ്മം, ദുഷ്ക്കര്‍മ്മം, മിശ്രകര്‍മ്മം എന്ന് മൂന്ന് വിധം കര്‍മ്മങ്ങളില്‍ സല്‍ക്കര്‍മ്മ നിരതരായി ജീവിക്കുവാന്‍ വേണം ശ്രദ്ധിക്കുവാന്‍. സല്‍ക്കര്‍മ്മങ്ങള്‍ യജ്ഞസമാനമാണ്. പ്രധാന യജ്ഞങ്ങള്‍ അഞ്ചാണ്. പഞ്ചമഹായജ്ഞ എന്ന പേരിലാണ് ഇവ പുരാണങ്ങളില്‍ പ്രതിപാദിക്കുന്നത്. ശ്രീമദ്ഭാഗവതത്തിലും മഹാഭാരതത്തിലും രാമായണത്തിലും ഭഗവദ്ഗീതയിലും പഞ്ചമഹായജ്ഞ പ്രാധാന്യം പറയുന്നുണ്ട്. ഭൂതയജ്ഞം, മനുഷ്യയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഋഷിയജ്ഞം എന്ന പഞ്ചമഹായജ്ഞത്തില്‍ പിതൃയജ്ഞത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയുടെ എല്ലാവിധ ശ്രേയസ്സിനും ആധാരം പിതൃക്കളുടെ അനുഗ്രഹമാണ്.
ആദ്യത്തെ ദമ്പതികള്‍ സ്വായംഭുവമനുവും ശതരൂപയുമാണല്ലോ. ആ സ്വയംഭുവമനുവിന്റെ പരമ്പരയില്‍ പെട്ടതിനാലാണ് നമ്മെ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ മനുഷ്യന് ദേഹവും ദേഹിയും ഉണ്ട്. ദേഹം നിത്യമല്ല അനിന്യമാണ്. അത് ഒരു കൂട് മാത്രം. ബ്രഹ്മദേവന്റെ സൃഷ്ടിയായ ജീവന് ഇരിക്കുവാനുള്ള താത്ക്കാലിക വാസസ്ഥാനമാണ് ദേഹം. ദഹിപ്പിക്കുന്നതു കൊണ്ടണ് ഈ ശരീരത്തിന് ദേഹം എന്ന് പേരുവന്നത്. വിറകു കൊണ്ട് ദഹിപ്പിക്കുന്നതല്ല ദേഹം. താപത്രയാദി ദുഃഖം കൊണ്ട് ദഹിപ്പിക്കുന്നതാണ് മനുഷ്യ ദേഹമെന്ന് ശ്രീ ശങ്കരാചാര്യര്‍ വിശദീകരിക്കുന്നുണ്ട്. (വിവേകചൂഢാമണി) ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഒരുവനിലുള്ള “സത്ത’ നഷ്ടപ്പെടുന്നു. സത്തായ ചൈതന്യം പോകുമ്പോള്‍ ചത്തുപോയി എന്നു പറയാം. എത്ര സൗന്ദര്യമുള്ള ശരീരവും ജീവന്‍ നഷ്ടപ്പെട്ടാല്‍ സുന്ദരമായിരിക്കില്ല. അതിനാല്‍ മനുഷ്യനെ സുന്ദരനാകുന്നത് ജീവന്‍ തന്നെയാണെന്ന് തീര്‍ത്തു പറയാം. ജീവന്‍ പരലോകത്തേക്ക് പ്രയാണം ചെയ്യുമ്പോള്‍ നമ്മുടെ ഭൗതികശരീരം പ്രേതാവസ്ഥയില്‍ എത്തുന്നു. ഈ പ്രേതാവസ്ഥാ ശരീരത്തിലെ ആത്മാവിന് പിതൃകര്‍മ്മം ചെയ്തു പ്രീതി വരുത്തണം. കര്‍മ്മം ചെയ്യാതെ വന്നാല്‍ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് പിശാചായിത്തീരും.
“”ശേഷക്രിയാദി രഹിതഃ പ്രേതാഃ കര്‍മ്മ ബഹിഷ്കൃതഃ പിശാചദേഹമാശ്രിത്യ പിശിതാസി ചരത്യ സൗ” എന്നാണ് ബലികര്‍മ്മ പ്രൈഷത്തില്‍ പറയുന്നത്. ശേഷക്രിയാദികള്‍ വേണ്ടതുപോലെ നിര്‍വ്വഹിക്കപ്പെടാതെ വരുമ്പോള്‍ പ്രേതം കര്‍മ്മ ബഹിഷ്കൃതനായി ശരിയായ ദേഹത്തെ പ്രാപിക്കാന്‍ കഴിയാതെ, പിശാചദേഹത്തെ പ്രാപിക്കേണ്ടി വരുകയും മാംസഭോജന ശീലമുണ്ടാവുകയും അതനുസരിച്ച് അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരുകയും ചെയ്യുമെന്നാണ് ഇവിടെ പറഞ്ഞത്. പിതൃകര്‍മ്മം ശ്രദ്ധയോടെ ചെയ്യുന്നതാണ് ശ്രാദ്ധം. ശ്രാദ്ധം പലവിധത്തില്‍ നടത്തുവാന്‍ പൂര്‍വ്വികള്‍ വിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിനടത്തുന്ന ശ്രാദ്ധം, ദാനശ്രാദ്ധം, പ്രാശനാ ശ്രാദ്ധം, കൈബലി, ജലാജ്ഞലി, തര്‍പ്പണം തുടങ്ങിയവയാണിവ. സമുദ്രതീരം, നദീതീരം, ക്ഷേത്രസമീപം ഇവിടങ്ങളില്‍ ഈ കര്‍മ്മം ചെയ്യുവാന്‍ വിധിയുണ്ട്. ഗംഗാനദിയുടെ തീരം, ഗയം, കാശി, ഹരിശ്ചാന്ദ്രഘട്ട്, പ്രയാഗ തുടങ്ങിയ പുണ്യതീര്‍ത്ഥ സങ്കേതങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ജലാജ്ഞലി നടത്തി വരുന്നു. “ഇല്ലം, വല്ലം, നെല്ലി ഇവയും കേരളീയര്‍ക്ക് പ്രധാനപ്പെട്ടാണ്. (ഇല്ലം, സ്വന്തം ഗൃഹം, വല്ലം-തിരുവല്ലം, നെല്ലി-തിരുനെല്ലി).
പിതൃപ്രതിനിധിയായി എത്തുന്ന കാക്കകള്‍ക്ക് എന്നും കവ്യന്‍ (ബലിച്ചോറ്) നല്‍കുന്ന ആചാരം അപൂര്‍വ്വം ഗൃഹങ്ങളില്‍ ഇപ്പോഴും ഉണ്ട്. എല്ലാ മാസവും കറുത്തവാവിന് പിതൃബലി നടത്തുന്നവരും ഉണ്ട്. വെളുത്തപക്ഷം ദേവന്മാര്‍ക്കും കറുത്തപക്ഷം പിതൃക്കള്‍ക്കും പ്രിയങ്കരമാണ്. കറുത്തവാവ് ദിവസം രാവിലെ മുതല്‍ മദ്ധ്യാഹ്നം വരെ നടത്തുന്ന ബലി സമര്‍പ്പണം വളരെ ശ്രേഷ്ഠമാണ്.
വര്‍ഷാവസാനമായ കര്‍ക്കിടകത്തിലെ കറുത്തവാവിനു നല്കുന്ന ശ്രാദ്ധം ഒറു വര്‍ഷം ബലി നടത്തുന്നതിന് തുല്യമായി കണക്കാക്കിയിട്ടുണ്ട്. വാവ് ബലിയിടുന്നതിന്റെ തലേന്ന് ഉച്ചക്ക് മാത്രമേ അരിയാഹാരം കഴിക്കാവൂ. തികച്ചും മനഃശുദ്ധിയും ദേഹശുദ്ധിയും കര്‍മ്മശുദ്ധിയും സ്ഥലശുദ്ധിയും ദ്രവ്യശുദ്ധിയും (പഞ്ചശുദ്ധികള്‍) വേണ്ട കര്‍മ്മമാണ് വാവുബലി. ബലിച്ചോറു കൂടാതെ എള്ളും, ചന്ദനവും, ബലിപ്പൂ ചെറുമുള), ദര്‍ഭപ്പവിത്രവും, കുറുമ്പുല്ലും(ദര്‍ഭയുടെ മുറിച്ച തുണ്ടുകള്‍) കൂട്ടി നടത്തുന്ന ബലിയും ശ്രേഷ്ഠമാണ്. പിതൃകര്‍മ്മം ചെയ്യുമ്പോള്‍ കുളിച്ച് ഈറന്‍ അണിഞ്ഞു വേണം നടത്തുവാന്‍. “”അവസര്‍പ്പ സര്‍പ്പിത പ്രേതായേ പൂര്‍വജാ സ്വസ്ഥിന മാ അശ്രു” എന്ന പ്രയോഗം ഉള്ളതിനാല്‍ കണ്ണീര്‍ വീഴ്ത്താതെ വേണം ബലികര്‍മ്മം ചെയ്യുവാന്‍ എന്നും യജുര്‍ വേദത്തില്‍ പറയുന്നു.
“”പ്രഥിതാ പ്രേത കൃതൈ്യഷാ
പിത്യം നാമ വിധുക്ഷയേ” (മനുസ്മൃതി 3-127)
വിധിപ്രകാരം അമാവാസിയിലെ പിതൃകര്‍മ്മം വളരെ ശ്രേയസ്ക്കരമാണ്. പിതൃ കര്‍മ്മത്തിന് എള്ള് പ്രധാനമെന്നു പറയുവാന്‍ കാരണം “”തിലൈസ്തു യാതുധാനാനാം
വിസര്‍ജ്ജനം ക്രത്വാ” (വിഷ്ണുസ്മൃതി – അധ്യായം 72) എന്ന പ്രബല പ്രമാണമനുസരിച്ചാണ്. അസുര ശക്തികളെ അകറ്റുവാനാണ് എള്ളം ഉപയോഗിക്കുന്നതെന്ന് സാരം. സായൂജ്യപൂജയ്ക്ക് തിലഹവനം വിശേഷമാണ്.
“”പിതൃപിതാമഹ പ്രപിതാഹേ” അനുഗ്രഹം നേടുവാന്‍ വര്‍ഷത്തിലൊരിക്കല്‍ വരുന്ന കര്‍ക്കടകവാവിന് ബലിയിടണം. “”പിതൃക്കള്‍ പ്രസാദിച്ചാല്‍ കുളിര്‍പ്പൂ തറവാടുകള്‍”എന്നു പറയാറുണ്ട്. തികച്ചും നിശ്ശബ്ദമായി വേണം ബലിയിടുവാന്‍. തത്സമയം ആചാര്യന്‍ ഓതിത്തരുന്ന മന്ത്രം മാത്രമേ ജപിയ്ക്കാവു. അതുപോലെ വലത്തു കൈയില്‍ പവിത്രം മോതിരവിരലില്‍ ഇട്ട് മന്ത്രം ചൊല്ലുമ്പോള്‍ നിശ്ചിത അകലത്തില്‍ പിടിച്ചേ മന്ത്രം ചൊല്ലാവു. അല്ലാത്തപക്ഷം തുപ്പല്‍ തെറിച്ച് കൈയ്യില്‍ ഇരിക്കുന്ന വിശിഷ്ടബലിദ്രവ്യങ്ങള്‍ അശുദ്ധിയാകുവാന്‍ ഇടവരും. ബലിദ്രവ്യങ്ങള്‍ ജലത്തില്‍ നിമജ്ഞനം ചെയ്ത് ജലാജ്ഞലി നല്‍കി കരയ്ക്കു കയറി തെക്കോട്ട് നമസ്ക്കരിക്കുന്നതിലും ശ്രദ്ധിക്കണം. പിതൃകര്‍മ്മം ചെയ്തുവേണം അവരുടെ സ്വത്തുക്കള്‍ ശുദ്ധീക്കരിച്ചു നാം അനുഭവിക്കുവാന്‍. പിതൃകര്‍മ്മം ചെയ്യാതെ വന്നാല്‍ പൂര്‍വ്വികരുടെ സ്വത്തുക്കള്‍ നാം വേണ്ടതുപോലെ അനുഭവിച്ചുവെന്നും വരുകയില്ല.
വ്യാധിയ്ക്കും അനപത്യേത്തിതിനും വരെ പിതൃകോപം ഇടവരുത്തുമെന്ന് മനുസ്മൃതി പറയുന്നു. പിതാവിന് (മാതാവിനും) പതനം വരാതെ കാത്തു പോകുന്നവനെയാണ് അപത്യം (പുത്രന്‍) എന്നു പറയുന്നത്. അപത്യം ഇല്ലാതെ വരുമ്പോള്‍ അനുപത്യനുമാകും.
പിതൃകര്‍മ്മം ചെയ്ത് ധന്യരാകുവാന്‍ ബലി സ്‌നാനഘട്ടത്തില്‍ ചെല്ലുന്നത് ഉത്തമമാണ്. ബലികര്‍മ്മങ്ങള്‍ക്കു ശേഷം പ്രേതപിഢീവിനാസിനിയായ ശ്രീമദ് ഭാഗവതം കുറച്ചെങ്കിലും പാരായണം ചെയ്യണം. 120-ാം അധ്യായം (സംഗ്രഹം) പാരായണം ചെയ്യുന്നത് ഉത്തമമാണ്...sanathanadharmam

No comments:

Post a Comment