Tuesday, May 16, 2017

"യതോ വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ" എന്ന ശ്രുതി വാക്യത്തിൽ പറയുന്നു ഈശ്വരനെ വാക്കുകളെ കൊണ്ട് പറഞ്ഞു തീർക്കാനോ, മനസ്സ് കൊണ്ട് ചിന്തിച്ചു കണ്ടു പിടിക്കാനോ സാധിക്കുന്നില്ല എന്ന്. ആ ശ്രുതി വാക്യങളെ പിന്തുടർന്നു കൊണ്ട് ഗജേന്ദ്രൻ തന്റെ സ്തുതി തുടരുന്നു :-
*നമ ആത്മപ്രദീപായ*
*സാക്ഷിണേ പരമാത്മനേ*
*നമോ ഗിരാം വിദൂരായ*
*മനസശ്ചേതസാമപി* (8.3.10)
“യതോവാചോ നിവര്‍ത്തന്തേ
അപ്രാപ്യ മനസാ സഹഃ”
എവിടെ വച്ചാണോ വാക്കും, കൂടെ മനസ്സും, ചെന്നെത്താന് കഴിയുന്നില്ല എന്നു പറഞ്ഞ് പിന്തിരിയുന്നത്, അതിന്റെ അപ്പുറമാണ് ഈ ബ്രഹത്തിന്റെ സ്ഥാനം.
നമ്മുടെ മനസ്സും വാക്കുംകൊണ്ട് അറിയാന്‍ കഴിയാത്തതിനെ ഋഷികളും ജ്ഞാനികളും എങ്ങനെയാണ് കണ്ടെത്തിയതെന്ന് ഉപനിഷത്തുകളിലും മറ്റ് ദര്‍ശനങ്ങളിലും വിശദമായി വിവരിച്ചിട്ടുണ്ട്.
പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടാണ് നമുക്ക് അറിവുണ്ടാകുന്നത് എന്നറിയാമല്ലോ! കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് ഇവയാണ് പഞ്ചേന്ദ്രിയങ്ങള്‍. ഇവ ഉപയോഗിച്ചാണ് നാം ഈ ലോകത്തെ കാണുന്നതും മനസ്സിലാക്കുന്നതും. എന്നാല്‍ ഇവയെക്കൊണ്ട് മാത്രം ലോകത്തെ അറിയുവാന്‍ കഴിയുകയില്ല. ഇവയുടെയെല്ലാം സാരഥിയായ മനസ്സ് ഉണര്‍ന്നിരുന്നാല്‍ മാത്രമേ ധാരണ ഉണ്ടാ‍കൂ. അപ്പോള്‍ മനസ്സിന് ധാരണ ഉണ്ടാക്കുന്ന ഉപകരണങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. ഉറങ്ങുന്ന ഒരാള്‍, കണ്ണ് തുറന്നിരുന്നാലും കാണുന്നില്ല. ചെവി ഉണ്ടെങ്കിലും ഒന്നും കേള്‍ക്കുന്നില്ല. നാക്കോ, മൂക്കോ, ത്വക്കോ ഒരു പ്രവര്‍ത്തനവും ചെയ്യുന്നില്ല. ഇനി ഈ പഞ്ചേന്ദ്രിയങ്ങളുടെ ഓരോന്നിന്റേയും കഴിവിനെപ്പറ്റി ചിന്തിക്കാം.
കണ്ണിന്റെ പ്രവൃത്തി കാണുക എന്നുള്ളതാണ്. തന്റെ മുന്നില്‍ വരുന്ന വസ്തുക്കളുടെ രൂപത്തെ തലച്ചോറിലെ ദര്‍ശനകേന്ദ്രത്തിലേക്ക് ചെറിയ നാഡികള്‍ വഴി എത്തിക്കുക. ഈ ദര്‍ശനകേന്ദ്രം വഴി മനസ്സിന് രൂപം ദൃശ്യമാകുന്നു. അതിനെപ്പറ്റി വിശകലനം ചെയ്ത് മനസ്സ് വസ്തുവിനെ തിരിച്ചറിയുന്നു. എന്നാല്‍ കണ്ണില്‍പ്പെടുന്ന എല്ലാത്തിനെയും കണ്ണിന് കാണാന്‍ കഴിയുമോ? കണ്ണിന് അനേകം പരിമിതികളുണ്ട്. വസ്തു വളരെ അടുത്തോ വളരെ ദൂരെയോ ഇരുന്നാല്‍ കാണാന്‍ കഴിയില്ല. ഏറ്റവും അടുത്തുള്ള കണ്‍പോളകളിലെ ഇമകളെ നമുക്ക് കാണാന്‍ കഴിയില്ല. അതുപോലെ വിദൂരതയില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളെയും കാണാന്‍ കഴിയില്ല‌. വസ്തു വളരെ ചെറുതായാലും വലുതായാലും കാണാന്‍ കഴിയുകയില്ല . ഇതാണ് കണ്ണിന്റെ പരിമിതികള്‍.

No comments:

Post a Comment