മനുഷ്യൻ തന്റെ ജീവിതത്തിൽ സുഖവും ദുഃഖവും സ്നേഹവും വെറുപ്പും ഉത്സാഹവും നിരാശയും എല്ലാം മാറിമാറി അനുഭവിക്കുന്നു. ഈ അനുഭവങ്ങൾ ഏതെങ്കിലും ശാരീരികാവയവങ്ങളിൽ നിന്ന് അനുഭവമാകുന്നതല്ല എന്ന് നമുക്കറിയാം.
മനസ്സ് എന്ന ആന്തരീക അവയവമാണ് ഈ അനുഭവങ്ങളുടെ ഇരിപ്പിടം. മനസ്സ് ഒരു ആന്തരീക അവയവമാണെന്നു പറഞ്ഞതിൽ കാര്യമുണ്ട്. രാജയോഗജ്ഞാനത്തിൽ മനസ്സിനെ ആത്മാവിന്റെ അവയവമായിട്ടാണ് വിവരിക്കപ്പെടുന്നത്. അവയവം എന്ന് പറയുന്നു എന്നെ ഉള്ളു, മറ്റു പദങ്ങൾ ഇല്ലാത്തതിനാൽ അങ്ങനെത്തന്നെ നമുക്ക് ചിന്തിക്കാം.
” ഉദ്ധരേദ് ആത്മനാത്മാനാം ” എന്ന് ഭഗവത്‌ഗീതയിൽ പറയുന്നുണ്ട്. അതായത്. ഒരാൾക്ക് ഉയരണമെങ്കിൽ അയാള്‍ ആശ്രയിക്കേണ്ടത് സ്വന്തം മനസ്സിനെയാണ്. അതുപോലെ ഒരാൾ അധ:പതിക്കുന്നതും മനസ് കാരണത്താൽ തന്നെയാണ്. മനസ് നിയന്ത്രിതമല്ലാതെയും എകാഗ്രതയില്ലാതെയും ശക്തിയില്ലാതെയും പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്നത് അബദ്ധങ്ങൾ മാത്രമായിരിക്കും.
അതെ മനസ്സ്തന്നെ എകാഗ്രവും ശക്തവും അചഞ്ചലവുമായാൽ നമ്മളെക്കൊണ്ട് സാധ്യമാവാത്തതായി യാതൊന്നുമില്ല. ശാസ്ത്രജ്ഞന്മാരുടെ ഏകാഗ്രമായ മനസ്സിലാണ് ഇന്ന് നാം കാണുന്ന എല്ലാ കണ്ടെത്തലുകളുടെയും ആദ്യരൂപം ഉടലെടുത്തത്. അവർ സാധാരണ മനുഷ്യർ തന്നെയാണ്. കേവലം മനസ്സിനെ ഗൌരവത്തോടെ ഒരേ ദിശയിൽ സഞ്ചരിപ്പിച്ചതിനാൽ അവർ ശാസ്ത്രജ്ഞരായി മാറി.
ഇവിടെ നമ്മുടെ വിഷയം മനസ്സിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ്. ആദ്യമായി ചെയ്യേണ്ടത്,
ഞാൻ മനസ്സിനെ നിയന്ത്രിക്കാൻ ഒരുങ്ങുന്നു എന്ന് ചിന്തിക്കാതിരിക്കുക. പകരമായി ഞാൻ മനസ്സിനെ പരിപാലിക്കുവാനോ ശുശ്രൂഷിക്കാനോ ഒരുങ്ങുകയാണെന്നു ചിന്തിക്കുക. എന്തുകൊണ്ടെന്നാൽ നിയന്ത്രിക്കുന്നത് മനസ്സിന് ഇഷ്ടമല്ല. രണ്ടാമതായി ശ്രദ്ധിക്കേണ്ടതെന്തെന്നാൽ മനസ്സിനെ നിയന്ത്രിക്കുന്നതിനു മുമ്പ് മനസ്സിനെ അറിയണം. എന്നതാണ്.
കുതിര എന്തെന്ന് അറിയാതെ കുതിരയെ നിയന്ത്രിക്കാൻ സാദ്ധ്യമല്ലല്ലോ. നമ്മുടെ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങൾ, വിചാര രീതികൾ, എന്നിവയെക്കുറിച്ച് അവബോധം ഉള്ളവരായിരിക്കണം നമ്മൾ. മൂന്നാമതായി അറിയേണ്ടത് പ്രധാന കാര്യമാണ്. മനസിനെ നിയന്ത്രിക്കുക എന്നാൽ അതിനെ നിശ്ചലമാക്കുക എന്നല്ല അർത്ഥമാക്കുന്നത് എന്ന് തിരിച്ചറിയണം.
കുതിരവണ്ടി നിയന്ത്രിക്കുകയെന്നാൽ അതിനെ തളക്കൽ അല്ലല്ലോ, അതിനെ തനിക്കും മറ്റുള്ളവർക്കും ആസ്വാദ്യകരമാകുന്ന വിധം ചലിപ്പിക്കുക എന്ന് തന്നെയല്ലേ. ഇത് പോലെ മനസ്സിനെ തളക്കാൻ ശ്രമിക്കാതെ നല്ല ഫീലിങ്ങ്സ് ഉണ്ടാക്കുന്ന ചിന്തകളിലൂടെ അതിനെ നയിക്കുക.
ശാന്തിയും സ്നേഹവും ശക്തിയും ശുദ്ധിയും എല്ലാം തന്നിൽ നിറഞ്ഞിരിക്കുന്നുണ്ട്, അതിനെ കണ്ടെത്താന്‍ ഞാൻ ശ്രമിക്കുകയാണ് എന്നിങ്ങനെ സങ്കൽപ്പിക്കുക. സാവധാനം മനസ്സ് ശന്തമാകുന്നതു കാണാം.
ചിന്തകളുടെ എണ്ണം കുറച്ചാക്കുകയും, ഉണ്ടാക്കുന്ന ചിന്തകളിൽ കൂടുതൽനേരം നിലനിൽക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇത്തരത്തിൽ പരിശ്രമിച്ചു തുടങ്ങുകയാണെങ്കിൽ മനോ നിയന്ത്രണം എളുപ്പത്തിൽ സാദ്ധ്യമാകുന്നതാണ്. ഒരു തവണ ഏകാഗ്രതയുടെ ആനന്ദം നുകർന്നാൽ മനസ്സ് പിന്നീട് ആ അവസ്ഥയിലേക്ക് സ്വമേധയാ സഞ്ചരിക്കാൻ തുടങ്ങുന്നതാണ്......ashalatha
No comments:
Post a Comment