Friday, July 14, 2017

ഗുരുവരം - 38
പരിമിതമായ അറിവിന്റെ സഹായത്തോടെയാണു നമ്മള്‍ മനുഷ്യര്‍ ജീവിക്കുന്നത്. അതിജീവനത്തിന് ജന്തുസഹജമായ അറിവുകള്‍ നമുക്കുണ്ട്. അതിനപ്പുറത്തേക്ക് നമ്മള്‍ ഭൗതികമായും ആത്മീയമായും ഏറെ സഞ്ചരിച്ചിട്ടുമുണ്ട്. ഭൗതികമായ സഞ്ചാരങ്ങള്‍ അതായത് ശാസ്ത്രസാങ്കേതികപുരോഗതികള്‍ നമുക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നത് നിസ്തര്‍ക്കമാണ്. എങ്കിലും അതിന്റെ മറുവശവും നാമിന്ന് മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.
ആത്മീയമായ സഞ്ചാരങ്ങള്‍ നടത്തിയ എത്രയോ വിശിഷ്ട വ്യക്തിത്വങ്ങള്‍ നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, ആ ഗുരുക്കന്മാരുടെ വാക്കുകളിലെ വെളിച്ചം ശരിക്കും നമ്മള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ? പൊതുവെ ആചാരാനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ആവര്‍ത്തനങ്ങള്‍ക്കപ്പുറം കടന്നുചെല്ലുന്നുണ്ടോ ?
നമ്മുടെ അറിവിന്റെ പരിമിതിയുടെ സൂചനകളല്ലേ ഇതെല്ലാം? ഈ സാഹചര്യത്തില്‍ ഗുരുക്കന്മാരുടെ വാക്കുകള്‍ നമുക്ക് മുന്നോട്ട് ചുവടുകള്‍ വെയ്ക്കാനുള്ള വഴിവെളിച്ചങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ച് ആത്മീയതയില്‍ താല്‍പര്യമോ വിശ്വാസമോ ഒക്കെ ഉള്ളവരുടെ കാര്യത്തില്‍.
നമ്മുടെ അറിവും അറിവുകേടും കാലവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അനുമാനിക്കാം. കാലം ചാക്രികമാണു എന്ന് ഋഷിമാര്‍ നമ്മെ അറിയിച്ചിട്ടുണ്ട്. (ഋതുക്കള്‍ ചാക്രികമാണല്ലോ. അതുപോലെ.) അതീന്ദ്രിയമായ അറിവാണത്. പ്രപഞ്ചസ്രഷ്ടാവിന്റെ കൃപാവരം കൊണ്ട് ലഭിച്ചത്. ചതുര്‍ യുഗങ്ങള്‍ നാലു കാലങ്ങള്‍ ആയിട്ടാണു ഈ ചാക്രികത സംഭവിക്കുന്നത് എന്നാണു പറയുന്നത്. ഒരു ചതുര്‍ യുഗത്തില്‍ സത്യ (കൃത), ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗങ്ങള്‍. ഓരോ യുഗത്തിനും ലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യം. ഒരു കല്‍പം കൊണ്ടാണു ഒരു കാലചക്രം പൂര്‍ത്തിയാവുന്നത്. ഒരു കല്‍പത്തില്‍ പതിന്നാലു മനുക്കളുടെ കാലങ്ങള്‍, അതായത് മന്വന്തരങ്ങള്‍. ഓരോ മന്വന്തരത്തിലും എഴുപത്തിയൊന്ന് ചതുര്‍ യുഗങ്ങള്‍. നമ്മെ സംബന്ധിച്ചേടത്തോളം കോടിക്കണക്കിനു വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു കല്‍പം അനന്തകാലം തന്നെ. ഈ വിഷയത്തില്‍ ജ്ഞാനികള്‍ക്ക് കിട്ടിയ വെളിപാടുകളെ ആശ്രയിക്കുകയേ നമുക്ക് കരണീയമായിട്ടുള്ളൂ.
ഒരു ചതുര്‍ യുഗത്തിലെ ഓരോ യുഗത്തിനും പൊതുവെയുള്ള ഒരു സ്വഭാവമോ പ്രവര്‍ത്തനശൈലിയോ ഉണ്ട്. അതിനു യുഗധര്‍മ്മം എന്ന് പറയുന്നു. സത്യയുഗത്തില്‍ പൊതുവെ എല്ലാവരും കള്ളമില്ലാത്തവരും അറിവു തികഞ്ഞവരും ബുദ്ധിയുടെ (ജ്ഞാനം) നൂറു ശതമാനം ഉപയോഗിക്കുന്നവരുമാണത്രെ. തുടര്‍ന്നുള്ള ത്രേതയിലേക്ക് കടക്കുമ്പോള്‍ ബുദ്ധിയുടെ മുക്കാല്‍ ഭാഗമേ മനുഷ്യന്‍ ഉപയോഗിക്കുന്നുള്ളൂ. ദ്വാപരത്തില്‍ പകുതി ഉപയോഗിക്കുന്നു. കലിയില്‍ കാല്‍ ഭാഗം മാത്രം. പ്രകൃതിയും മനുഷ്യനും ഒക്കെ മാറിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ത്രേതായുഗത്തില്‍ ജീവിച്ച സീതയുടെ മോതിരം ദ്വാപരത്തില്‍ ജീവിച്ച ഭീമന്റെ അരക്കെട്ടിനു പാകമായിരുന്നു എന്ന കഥ ഒരു പക്ഷെ വെറും ഭാവനയായിരിക്കണമെന്നില്ല.
എന്റെ ഗുരുവിന്റെ (ശ്രീ കരുണാകര ഗുരു) സന്നിധിയില്‍ വെച്ചാണു യുഗക്കണക്കുകളും യുഗധര്‍മ്മവും ഒരു പ്രധാനവിഷയമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഭാരതീയമായ കാലഗണനയെ ഇപ്പോഴും പ്രസക്തമായി ഗുരു കണ്ടു. യുഗപ്പകര്‍ച്ചകള്‍ സൃഷ്ടിയുടെ വ്യവസ്ഥയാണെന്നും പലപ്പോഴും യുഗങ്ങള്‍ക്കിടയില്‍ നീണ്ട അന്തരാളഘട്ടങ്ങള്‍ ഉണ്ടാവാറുണ്ടെന്നും ഗുരു പറയുന്നതു കേട്ടു. ഒരു ചതുര്‍ യുഗത്തിലെ ആദ്യത്തെ മൂന്നു യുഗങ്ങളില്‍ വന്നുഭവിക്കുന്ന കര്‍മ്മദോഷങ്ങള്‍ ക്രമേണ ഒന്നിച്ചുകൂടി എത്തുന്നതു കൊണ്ടാണു കലിയില്‍ അഴുക്കടിയുന്നത്. അതാണു കലി മലിനമെന്നും കലുഷിതമെന്നും പ്രവചിക്കപ്പെട്ടിട്ടുള്ളതും.
ഈ കല്‍പത്തിന്റെ മധ്യത്തില്‍ ഏഴാമത്തേതായ വൈവസ്വതമന്വന്തരത്തിന്റെ 28 ആം ചതുര്‍ യുഗത്തിന്റെ കലിയിലാണു നാമിപ്പോള്‍ കഴിയുന്നത്. കലി ആരംഭിച്ചിട്ട് അയ്യായിരത്തില്‍ പരം വര്‍ഷങ്ങളായി. കലിയില്‍ പൊതുവെ മനുഷ്യന്‍ തന്റെ ബുദ്ധിയുടെ കാല്‍ ഭാഗം മാത്രം ഉപയോഗിക്കുന്നതായി പറയുന്നുണ്ടല്ലോ. അതാവാം ഇരിക്കുന്ന കൊമ്പ് വെട്ടുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കൊണ്ട് ശുദ്ധമായ കുടിവെള്ളവും ശുദ്ധവായുവും കിട്ടാത്ത അവസ്ഥയിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഇതൊക്കെയാണെങ്കിലും കലി ചീത്തയല്ല എന്ന് ഗുരുവില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാം കലങ്ങിത്തെളിയേണ്ടത് കലിയിലാണ്. പിതൃദോഷങ്ങള്‍, ആരാധനാദോഷങ്ങള്‍, വ്യക്തിഗതങ്ങളായ കര്‍മ്മദോഷങ്ങള്‍ എന്നിങ്ങനെ വ്യക്തിയേയും വംശത്തെയും തദ്വാരാ സമൂഹത്തെ, രാഷ്ട്രത്തെ, ലോകത്തെ ഒക്കെയും ദുരിതത്തിലാഴ്ത്തുന്ന എല്ലാ ദുഷിപ്പുകളും നീക്കിമാറ്റേണ്ട കാലമാണിത്. എങ്കിലേ പുണ്യസമ്പാദനവും ആത്മീയമായ ഉയര്‍ച്ചയും സാധ്യമാവുകയുള്ളു. ആത്മശുദ്ധിയാണ് ആത്മശക്തിക്കും എല്ലാ ഐശ്വര്യത്തിനും നിദാനം. സത്യയുഗത്തിലേക്കുള്ള സംക്രമണം സാധ്യമാക്കേണ്ടത് കലിയിലുള്ള ആത്മശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ്. അതാണു കലിയുടെ ധര്‍മ്മം.
മുക്തിയുടെ കാലവുമാണു കലി. ഈ കലികാലമഹിമ ഗ്രഹിച്ച ഒരു പുണ്യാത്മാവാണു പൂന്താനം. മറ്റു പ്രദേശങ്ങളിലും മറ്റുലോകങ്ങളിലും ഉള്ളവരും മുന്‍പത്തെ മൂന്നു യുഗങ്ങളില്‍ ഉള്ളവരും മുക്തി തങ്ങള്‍ക്ക് സാധ്യമല്ല എന്നറിഞ്ഞിരിക്കുന്നതായി ജ്ഞാനപ്പാനയില്‍ അദ്ദേഹം പറയുന്നു. അതുകൊണ്ട് അവര്‍ ‘കലികാലത്തെ ഭാരതഖണ്ഡത്തെ/കലിതാദരം കൈവണങ്ങീടുന്നു.’ ഇവിടെ വന്ന് ഒരു പുല്ലായിട്ടെങ്കിലും ജനിക്കാന്‍ ഭാഗ്യമില്ലാതെ പോയല്ലോ ദൈവമേ എന്ന് അവരൊക്കെ ഉള്ളാലെ കേഴുന്നതായും ‘ഭാരത ഖണ്ഡത്തിങ്കല്‍ പിറന്നൊരു/മാനുഷര്‍ക്കും കലിക്കും നമസ്‌കാരം’ എന്നു വന്ദിക്കുന്നതായും കരുതുന്ന പൂന്താനം തന്റെ ഉള്‍ക്കാഴ്ച പങ്കുവെച്ചിരിക്കയാണ്: ‘യുഗം നാലിലും നല്ലൂ കലിയുഗം’


ജന്മഭൂമി:

No comments:

Post a Comment