Thursday, July 27, 2017

മനുഷ്യ ജീവിതത്തില്‍ ശിക്ഷണം ഒരു സുപ്രധാന ഘടകമാണ്. യഥാസമയം യഥോചിതമായ ശിക്ഷണം ലഭിച്ച ഒരാളുടെ ജീവിതം ആ ശിക്ഷണത്തിലായിരിക്കും കരുപ്പിടിപ്പിക്കപ്പെടുക. തന്റെ ജീവിതം ഒരു മാതൃകാപുരുഷന്റേതായിത്തീരുവാനുള്ള  പാഠങ്ങള്‍ കൗമാര പ്രായത്തില്‍ത്തന്നെ രാമന് ലഭിച്ചിരുന്നു. സ്വതവേ പ്രസന്നചിത്തനായിരുന്ന രാമന്‍ ഒരു ഘട്ടത്തില്‍ (കുമാരപ്രായത്തില്‍) വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.
വിശ്വാമിത്ര മഹര്‍ഷിയുടെ അയോദ്ധ്യാ സന്ദര്‍ശനം ആ അവസരത്തിലായിരുന്നു. അസാധാരണമായ ഒരു അസ്വസ്ഥതയും ആത്മസംഘര്‍ഷവും രാമനില്‍ പ്രകടമായിക്കണ്ടപ്പോള്‍ വസിഷ്ഠ മുനി രാമനെ അടുത്തു വിളിച്ചു, കാരണം ആരാഞ്ഞു. തുടര്‍ന്നാണ് അത്യന്തം പ്രധാനമായ, എന്നാല്‍ അധികം അറിയപ്പെടാത്ത ആ ശിക്ഷണം നടന്നത്. വസിഷ്ഠമുനി കുമാരന്‍ രാമനെ ആത്മജ്ഞാനത്തിലൂടെ പ്രഭാവവാനാക്കി. ഈ വിവരണമാണ് യോഗവസിഷ്ഠം എന്ന വാല്മീകി രചനയിലൂടെ നമുക്ക് ലഭ്യമാകുന്നത്.
24,000 ശ്ലോകങ്ങളടങ്ങിയ രാമായണത്തേക്കാള്‍ ബൃഹത്തായിരുന്നത്രേ യോഗവസിഷ്ഠം (36,000 ശ്ലോകത്തോടുകൂടി). പിന്നീടത് 1000 ശ്ലോകങ്ങളുള്ള ലഘുയോഗവാസിഷ്ഠമായി ഒരു കാശ്മീരി പണ്ഡിതന്‍ ചുരുക്കി. സംഭവബഹുലമായ ശ്രീരാമചരിതത്തിലെ ഓരോ കര്‍മ്മത്തിനും ധര്‍മ്മത്തിന്റെ മുഖമുദ്ര ചാര്‍ത്തിക്കൊടുത്തത് രാമന് കൗമാരത്തില്‍ കിട്ടിയ ആ ശിക്ഷണമത്രേ. അകത്ത് അനര്‍ഗ്ഗളം പ്രകാശിച്ച ആത്മജ്ഞാനത്തിന്റെ പ്രതിഫലനങ്ങളായിരുന്നു രാമന്റെ കര്‍മ്മങ്ങളെല്ലാം തന്നെ.
ഭഗവദ്ഗീതയില്‍ സ്ഥിതപ്രജ്ഞത്വമെന്നും യോഗസ്ഥത്വമെന്നും ബ്രഹ്മീസ്ഥിതിയെന്നുമൊക്കെ പേരുകേട്ട ആത്മജ്ഞാനിയുടെ അവസ്ഥ രാമന് സ്വന്തമായി. പൂര്‍ണബോധത്തോടെ, എന്നാല്‍ തികഞ്ഞ നിസ്സംഗതയോടെ ഒന്നിനോടും ഒട്ടലില്ലാത്ത, എന്നാല്‍ എല്ലാത്തിനോടും താദാത്മ്യം പ്രാപിക്കുന്ന ഉദാത്തവും ഉത്തുംഗവുമായ ആ ആന്തരികാവസ്ഥ രാമനെ അതുല്യ പ്രഭാവവാനാക്കി. ആത്മസംയമനത്തിന്റെയും അച്ചടക്കത്തിന്റെയും ശാന്തഗോപുരത്തില്‍ നിന്നായിരുന്നു ഓരോ രാമചേഷ്ടയും.
തന്റെ പിതാവിന്റെ പേരിനു കളങ്കം വരാതിരിക്കാന്‍, തനിക്കു ലഭിച്ച കിരീടംതന്നെ ത്യജിച്ചതുപോലും അവാച്യമായ ഒരു ആന്തരിക നിസ്സംഗതയോടു കൂടിയാണ്. വനവാസത്തിന് പോകുംമുമ്പ് അമ്മ കൗസല്യയോടു വിടപറയുമ്പോഴും സീതാദേവിയെ  തന്നെ വനത്തിലേക്ക് അനുഗമിക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമ്പോഴുമൊക്കെ ഈ നിസ്സംഗത പ്രകടമാണ്. ജീവിതത്തില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ, തളരാതെ, തികഞ്ഞ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
എന്നാല്‍ രാമന് ഇത് അനായാസേന സാധിക്കുന്നത് നാം കാണുന്നു. ഇത് അദ്ദേഹം വസിഷ്ഠഗുരുവില്‍നിന്നും  നേടിയ ആത്മജ്ഞാനത്തിന്റെ പ്രഭാവമല്ലാതെ മറ്റൊന്നുമല്ല. ജീവിതത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനും തദനുസൃതം യഥോചിതമായി പ്രവര്‍ത്തിക്കാനുമുള്ള ശേഷിയും ശേമുഷിയും നാം ശ്രീരാമനില്‍ കാണുന്നു.രാമായണത്തില്‍, രാമമാര്‍ഗത്തില്‍, രാമന്റെ കര്‍മവ്യാപാരത്തില്‍, ലൗകിക വ്യവഹാരത്തില്‍ നാം ദര്‍ശിക്കുന്നത്, ആ കര്‍മങ്ങള്‍ക്കു പിന്നില്‍ പ്രകാശിക്കുന്ന മങ്ങാത്ത ജ്ഞാനത്തിന്റെ ഒളിയാണ്. നമ്മുടെയും കര്‍മ്മങ്ങളെ നയിക്കേണ്ടത്, ഭരിക്കേണ്ടത് അത്തരത്തിലുള്ള ഒരു വിവേകധോരണിയാണ്.


ജന്മഭൂമി

No comments:

Post a Comment