ഹനുമാന്റെ കാതില്‍ രാവണന്റെ ശബ്ദം വീണുകൊണ്ടിരുന്നു: അല്ലയോ മൈഥിലീ, ഞാന്‍ ദേവിയുടെ ശത്രുവല്ലാ. എന്റെ പത്‌നിയായിരിക്കാന്‍ കരുണ തോന്നിയാലും! ദേവി എന്റെ സ്വന്തമായാല്‍, എന്റെ പട്ടമഹിഷി മണ്ഡോദരിയ്ക്കും അധീശ്വരിയായിരിക്കും. മൂന്നുലോകങ്ങളില്‍ നിന്നും ഞാന്‍ നേടിയ സര്‍വസമ്പത്തും എന്റെയീ രാജ്യവും ഞാന്‍ തന്നെയും ദേവിയുടെ സ്വന്തമാവും….
‘ഈ പറയുന്നതൊക്കെ ദേവിയെ പ്രലോഭിപ്പിക്കാനല്ലേ?’ മുത്തശ്ശിയുടെ ശബ്ദത്തില്‍ പുച്ഛമായിരുന്നു.
‘അതു ദേവിക്കറിയില്ലേ?’ മുത്തശ്ശന്‍ മെല്ലെ ചിരിച്ചുകൊണ്ടുതുടര്‍ന്നു: ‘പക്ഷേ, ഹനുമാന് വേവലാതിയായിരുന്നു. എന്താണ് ദേവി മറുപടി നല്‍കുക? രാക്ഷസേന്ദ്രന്റെ പ്രലോഭനങ്ങള്‍ക്കു വഴിപ്പെടുമോ? മൗനംകൊണ്ട് സമ്മതംകൊള്ളുമോ? അതോ ധിക്കരിക്കാനുള്ള ധൈര്യം കാട്ടുമോ? ഹനുമാന്റെ ഉള്ളില്‍ അളക്കലും ചൊരിയലുമായിരുന്നു. അന്നേരം വായു പുത്രന്‍ കണ്ടു: ദേവി കൈനീട്ടി, പൊന്നിരുള്‍ മരത്തിന്റെ കടയ്ക്കല്‍ നിന്നിരുന്ന ഒരു പുല്ലിന്റെ നാമ്പ് നുള്ളിയെടുത്ത് രാവണന്റെ കാല്‍ക്കലേയ്ക്കിട്ടു.
”ഈ പുല്‍ക്കൊടിയ്ക്കു തുല്യമായേ നിന്നെ ഞാന്‍ കണക്കാക്കുന്നുള്ളൂ എന്നാണോ അതിനര്‍ത്ഥം?’ ശ്രീലക്ഷ്മി ആരാഞ്ഞു.
‘അതിനപ്പുറം, തന്റെ പതിദേവന് ഈ പുല്‍ത്തുമ്പുപോലും വജ്രായുധമാക്കാനാവും എന്നൊരു മുന്നറിയിപ്പുകൊടുക്കലുമാവാം, അല്ലെ?’ മുത്തശ്ശി തിരക്കി.
‘ആ അര്‍ത്ഥമെല്ലാം യോജിക്കും’ മുത്തശ്ശന്‍ തുടര്‍ന്നു: ആ പുല്‍ക്കൊടിയോടാണ് ദേവി സംസാരിച്ചത്.
നിവര്‍ത്തയമനോമത്തഃ സ്വജനേക്രിയതാം മനഃമത്തുപിടിച്ചവനേ, നിന്റെ മനസ്സിനെ പിന്തിരിപ്പിക്കുക. സ്വജനത്തില്‍ മനസ്സുറപ്പിക്കുക.
സദാചാരത്തില്‍നിന്നു വിട്ടുമാറിയ ബുദ്ധി അധര്‍മത്തില്‍ വന്നു ചേര്‍ന്നതിനാല്‍, നിന്റെ മാത്രമല്ല, വംശത്തിന്റെ നാശംകൂടി വന്നുചേരും. രാജ്യം നശിക്കും. പരഭാര്യയും പതിവ്രതയുമായ ഞാന്‍ വെറുമൊരു സാധാരണ സ്ത്രീയാണെന്നു കരുതി നീയെന്നെ പ്രലോഭിപ്പിക്കയാണോ? എന്റെ പതിയില്‍നിന്ന് തന്നെ വേര്‍പെടുത്താനാവുമെന്നു നിനയ്ക്കുന്ന നിനക്കു തെറ്റുപറ്റി. പ്രഭ സൂര്യനോടെന്നപോലെ, രഘുകുലപതിയായ ശ്രീരാമദേവനോട് അവിഭാജ്യയാണ് ഈ വൈദേഹിയെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ.
എന്റെ പതിയുടെ ആജ്ഞയില്ലാത്തതിനാലും എന്റെ തപസ്സ് കെടുത്തരുതാത്തതിനാലുമാണ്, ദശഗ്രീവാ, ഭസ്മീകരിക്കേണ്ടവനായ നിന്നെ ഞാന്‍ ഭസ്മമാക്കാത്തത്.അസന്ദേശാത്തുതമസ്യ തപസശ്ചാനുപാലനാത്നത്വാം കുര്‍മീ ദശഗ്രീവ ഭസ്മ ഭസ്മാര്‍ഹതേജസാദേവിയുടെ വാക്കത്രയും കോരിത്തരിപ്പോടെയാണ് വായു പുത്രന്‍ കേട്ടിരുന്നത്. ദേവി തുടര്‍ന്നു: ‘നിനക്കറിയാമോ രാവണാ? സര്‍വേശ്വരനായ ബ്രഹ്മാവുപോലും സ്വസ്ഥാനത്തിന്റെ നിലനില്‍പ്പിനായി അഭയം തേടുന്ന ലോകനാഥനാണ് എന്റെ പതിദേവന്‍.
ആ ദേവദേവന്റെ ദക്ഷിണഭുജം ഗ്രഹിച്ച ഈ ഞാന്‍, അവിടുത്തെ നാമം ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നിന്റെ ഭുജസ്പര്‍ശം സഹിക്കുമെന്ന്, രാക്ഷസ ജന്മമേ, നീ കരുതിയോ?’അത്ര ധൈര്യം ദേവി പ്രദര്‍ശിപ്പിക്കുമെന്നു ഹനുമാന്‍ കരുതിയില്ല, അല്ലെ മുത്തശ്ശാ?’ വരുണ്‍ ചോദിച്ചു.’ശരിയാണ്’ മുത്തശ്ശന്‍ പറഞ്ഞു: ‘ഹനുമാന് അദ്ഭുതമായിരുന്നു. പതിവ്രതകള്‍ക്കു പരപുരുഷഭാഷണം അനുചിതമാകയാലാണ് പുല്ലിനെ നടുവില്‍വച്ചു ഭാഷണം തുടങ്ങിയതെന്നേ ആദ്യം കരുതിയുള്ളൂ. ഇതിപ്പോള്‍ വ്യക്തമായി: നീയെനിക്കു തൃണപ്രായനാണെന്നു മാത്രമല്ലാ, എന്റെ പ്രാണനെ ഞാന്‍ പുല്ലുപോലെ വലിച്ചെറിയുമെന്നോ തൃണപ്രായനായ നിനക്ക് എന്നെ എന്തുചെയ്യാന്‍ കഴിയുമെന്നോ ഈ പുല്‍ക്കൊടി തൊടാന്‍ നീ ശക്തനല്ലാതിരിക്കേ, എന്നെ തൊടാന്‍ നിനക്കു കഴിയുമോ എന്നൊക്കെ അതിനര്‍ത്ഥമുണ്ട് എന്ന് ഹനുമാന് തോന്നി.’
janmabhumi
No comments:
Post a Comment