Friday, July 14, 2017

ശ്രീശങ്കരാചാര്യശിഷ്യനായ പദ്മപാദാചാര്യരാല്‍ സ്ഥാപിതമായ തൃശ്ശൂരിലെ തെക്കേമഠം. അവിടെ വര്‍ഷംതോറും ദുര്‍ഗ്ഗാഷ്ടമി നാളില്‍ നടന്നുവരുന്ന സന്ന്യാസിസംഗമം 2001-ാ മാണ്ട് മുതല്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചു. ദശനാമി സമ്പ്രദായത്തില്‍ വരുന്ന എല്ലാ മഠങ്ങളുടെയും സന്ന്യാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന ആ സംഗമത്തില്‍ ഏത് സന്ന്യാസിശ്രേഷ്ഠന്‍ അദ്ധ്യക്ഷസ്ഥാനത്തേക്ക് അവരോധിക്കപ്പെടണമെന്നതില്‍ ആര്‍ക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല. ആ സ്ഥാനത്തേക്ക് സര്‍വ്വാദരണീയനായ മൃഡാനന്ദസ്വാമികളുടെ നാമമാണ് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടത്.
‘സന്ന്യാസം ജ്ഞാന വൈരാഗ്യ ലക്ഷണം’ എന്ന ആപ്തവാക്യത്തെ അക്ഷരംപ്രതി അന്വര്‍ത്ഥമാക്കിയ സന്ന്യാസി ശ്രേഷ്ഠനായിരുന്നു മൃഡാനന്ദസ്വാമികള്‍.
ശ്രീരാമകൃഷ്ണസന്ദേശവാഹകനായിരുന്ന സ്വാമികള്‍ ഉപനിഷദ് വ്യാഖ്യാനങ്ങളാല്‍ ആദ്ധ്യാത്മിക സാധകര്‍ക്ക് സായൂജ്യമാര്‍ഗ്ഗം തെളിയിച്ചുകൊണ്ടിരുന്ന യഥാര്‍ത്ഥ സര്‍വ്വസംഗപരിത്യാഗിയായിരുന്നു. ഉപനിഷത്തുകളെ സംബന്ധിച്ചുള്ള സാമാന്യവിജ്ഞാനം സാധാരണ മലയാളികള്‍ക്ക് ലഭിക്കുന്നത് സ്വാമികളുടെ കൃതികളിലൂടെയാണ്. കരുത്തിന്റെ ആത്മാവായ ഉപനിഷത് സന്ദേശം കുടില്‍ മുതല്‍ കൊട്ടാരംവരെ പ്രചരിപ്പിക്കുകയെന്ന വിവേകാനന്ദാദര്‍ശം സാഹിത്യരചനയിലൂടെ പ്രാവര്‍ത്തികമാക്കിയ അപൂര്‍വ്വം സന്ന്യാസിമാരില്‍ ഒരാളായിരുന്നു സ്വാമികള്‍. ദശോപനിഷത്തുകള്‍ക്കുപുറമെ ശ്വേതാശ്വതരോപനിഷത്ത്, മഹാനാരായണോപനിഷത്ത്, മാണ്ഡൂക്യകാരിക തുടങ്ങിയവക്കും സ്വാമിജി വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഗഹനവും സങ്കീര്‍ണ്ണവുമായ ഉപനിഷത്തുകളെ സാധാരണക്കാരായ സഹൃദയലോകത്തിനായി ലളിതവും സുഗമവുമാക്കി നല്‍കിയെന്നതാണ് സ്വാമികളുടെ വിശിഷ്ടമായ സാഹിത്യസംഭാവന. അത്യന്തം ക്ലേശകരമായ ഈ കര്‍മ്മപദ്ധതിയുടെ വിജയത്തിന് സ്വാമിജിക്ക് അനുഗ്രഹമായത് ‘ശ്രീരാമകൃഷ്ണവചനാമൃത’മാണ്. ശ്രീരാമകൃഷ്ണന്റെ തിരുവായ്‌മൊഴികള്‍ ആറ്റികുറുക്കിയ വേദാന്തസത്തയാണല്ലൊ. ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ ദാര്‍ശനിക പശ്ചാത്തലവും വേദാന്തമാണ്.
ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ ദാര്‍ശനിക വീക്ഷണത്തിലൂടെ വേദാന്ത വിഷയങ്ങള്‍ അപഗ്രഥിക്കാന്‍ മൃഡാനന്ദ സ്വാമികള്‍ നടത്തിയ നിരന്തരപരിശ്രമത്തിന്റെ ഫലമായി ഒരേസമയം ഈ രണ്ട് സാഹിത്യശാഖകളും കേരളത്തിലെ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുപരിചിതമായി. ഉപനിഷദ് വ്യാഖ്യാനങ്ങള്‍ക്കുശേഷം ഉപനിഷദ്‌സാരസര്‍വ്വസ്വമായ ഭഗവദ്ഗീതയ്ക്കും ‘ഗീതാമൃതബോധിനി’ എന്ന പേരില്‍ ഒരു വ്യാഖ്യാനം സ്വാമികള്‍ നിര്‍വ്വഹിക്കുകയുണ്ടായി. ശ്രുതിപ്രധാനമായ ഉപനിഷത്തുകളുടെയും സ്മൃതിപ്രധാനമായ ഗീതയുടെയും വ്യാഖ്യാനത്തിനു ശേഷം യുക്തിപ്രധാനമായ ബ്രഹ്മസൂത്രത്തെക്കുറിച്ചും മലയാളികള്‍ ബോധവാന്മാരാകുന്നതിന് സ്വാമികളുടെ പ്രയത്‌നം വേണ്ടിവന്നു. ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ കൃത്യാന്തര ബാഹുല്യം സ്വതഃസിദ്ധമായ സര്‍ഗ്ഗാത്മകതക്ക് വിഘാതമായില്ല.
എണ്‍പത് വയസ്സ് കഴിഞ്ഞ ശരീരം അനാരോഗ്യംകൊണ്ട് ക്ലേശിക്കുന്ന അവസരത്തിലാണ്, സാധാരണക്കാര്‍ക്കുകൂടി മനസ്സിലാകത്തക്കവിധം ബ്രഹ്മസൂത്രവും വ്യാഖ്യാനിക്കണമെന്ന ആവശ്യം ഇവിടുത്തെ വേദാന്ത വിദ്യാര്‍ത്ഥികള്‍ വിനയപൂര്‍വ്വം സ്വാമികളുടെ മുന്നില്‍ സമര്‍പ്പിച്ചത്. അങ്ങനെ ബ്രഹ്മസൂത്രത്തിന്റെ ഭാഷാവ്യാഖ്യാനവും സ്വാമികളിലൂടെ മലയാളികള്‍ക്ക് ലഭിച്ചു. വൈദിക വാങ്മയത്തിന്റെ ജ്ഞാനകാണ്ഡമായ വേദാന്തം ക്രോഡീകരിച്ച് ബാദരായണന്‍ രചിച്ച ബ്രഹ്മസൂത്രമാണ് വേദാന്തദര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലഗ്രന്ഥം. ബ്രഹ്മസൂത്രത്തിന് അദ്വൈത-ദ്വൈത-വിശിഷ്ടാദ്വൈത- ശുദ്ധാദ്വൈതാദി സരണികളിലായി അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആദിശങ്കരന്റെ അദ്വൈത ദര്‍ശനാധിഷ്ഠിതമായ വ്യാഖ്യാനത്തിനാണ് ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ളത്. അദ്വൈത ദര്‍ശനം കരതലാമലകംപോലെ യാക്കിയ മൃഡാനന്ദസ്വാമികള്‍ അദ്വൈതദര്‍ശനത്തിന്റെ ഏത് അമൂര്‍ത്തമായ ആശയത്തെയും ഏതൊരു സാധാരണക്കാരനും അനായാസം ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രസ്ഥാനത്രയത്തിന്റെ വ്യാഖ്യാനം നടത്തിയിട്ടുള്ളത്. അങ്ങനെ പ്രസ്ഥാനത്രയത്തിന്റെ മലയാളവ്യാഖ്യാനത്തിനായി സ്വാമിജിയുടെ സഫലജീവിതം സമര്‍പ്പിതമായി.
ബ്രഹ്മസൂത്രത്തിന്റെ വ്യാഖ്യാനം കഴിഞ്ഞപ്പൊഴേയ്ക്കും കണ്ണിന് കാഴ്ചപോയെന്ന് സ്വാമിജി പറയുകയുണ്ടായി. എങ്കിലും അദ്ദേഹത്തിന്റെ കൃതികളെല്ലാം സമൂഹത്തിന്റെ കണ്ണായിത്തീരുന്നുവെന്നത് ചാരിതാര്‍ത്ഥ്യജനകമാണല്ലൊ. അതെല്ലാം ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹമായാണ് അന്ത്യനിമിഷംവരെ സ്വാമിജി കരുതിയിട്ടുള്ളത്. വിദ്യയും വിനയവും ഒരുപോലെ സമന്വയിച്ചിട്ടുള്ള സ്വാമിജിയെപ്പോലുള്ളവര്‍ വിരളമാണ്.
മഹാഭാരതം (രണ്ടു വാല്യം), ഹരിവംശം, ഭദ്രകാളീമഹാത്മ്യം, ദേവീമാഹാത്മ്യം, ലഘുവാസുദേവമനനം, ക്ഷേത്രാരാധന തുടങ്ങിയവയാണ് സ്വാമിജിയുടെ ഇതര കൃതികള്‍. കൂടാതെ ‘ശിശുക്കളുടെ ശ്രീരാമകൃഷ്ണന്‍’, ‘കുട്ടികളുടെ വിവേകാനന്ദന്‍’ എന്നീ രണ്ട് പുസ്തകങ്ങള്‍ ബംഗാളിയില്‍ നിന്നും മലയാളത്തിലേക്ക് സ്വാമിജി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശ്രീരാമകൃഷ്ണദേവന്‍ അരുളിയ കഥകളെ ‘കഥയുള്ള കഥകള്‍’ എന്ന പേരില്‍ സ്വാമിജി തയ്യാറാക്കിയിട്ടുണ്ട്. ഇവയെല്ലാംതന്നെ വേദാന്തത്തിന്റെ ഗരിമ വിളിച്ചോതുന്നവയാണ്.
‘ശ്രീരാമകൃഷ്ണവചനാമൃത’ത്തില്‍ നിന്നുള്ള ഉപമകളും ഉപാഖ്യാനങ്ങളും സാന്ദര്‍ഭികമായി സ്വാമികളുടെ കൃതികളിലും ലേഖനങ്ങളിലും ഉപയോഗിക്കുന്നത് ദുര്‍ഗ്രഹങ്ങളായ ശാസ്ത്രസത്യങ്ങളെ സരളമായി മനസ്സിലാക്കുവാന്‍ സാധാരണജനങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. സ്വാമികളുടെ വ്യാഖ്യാനകൃതികളില്‍ മാണ്ഡൂക്യകാരികാ വ്യാഖ്യാനവും, ‘മാനസോല്ലാസ’ത്തോടുകൂടിയ ദക്ഷിണാമൂര്‍ത്തി സ്‌തോത്രവ്യാഖ്യാനവും എണ്ണപ്പെട്ടവയാണ്.
ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ മുഖപത്രമാണ് ‘പ്രബുദ്ധകേരളം’ മാസിക. 1915-ല്‍ ആരംഭിച്ച ഈ മാസിക തന്നെയാണ് കേരളത്തില്‍ ഇപ്പോഴുള്ള ആദ്ധ്യാത്മിക മാസികകളില്‍ വെച്ചേറ്റവും പഴക്കം ചെന്നതും. പ്രബുദ്ധകേരളം മാസികയുടെ പത്രാധിപത്യം ഏറ്റവും കൂടുതല്‍ വര്‍ഷക്കാലം നിര്‍വ്വഹിച്ചതും മൃഡാനന്ദസ്വാമികള്‍ തന്നെ. മാസികയ്ക്ക് സാര്‍വ്വത്രികമായ പ്രചാരം ലഭിച്ചതും സ്വാമികള്‍ പത്രാധിപരായിരുന്ന കാലഘട്ടത്തില്‍ തന്നെയാണ്.


ജന്മഭൂമി: h

No comments:

Post a Comment