Thursday, July 27, 2017

അല്‍പം ചില സൗന്ദര്യപ്പിണക്കങ്ങളും വഴക്കും സംഘര്‍ഷാവസ്ഥയുമെല്ലാം എല്ലാ കുടുംബത്തിലുമുണ്ടാകും. ആ പിണക്കങ്ങള്‍ അവരുടെ ബന്ധത്തെ ഏറെ മധുതരമാക്കി അരക്കിട്ടുറപ്പിക്കാനുള്ള കരുക്കളാണ്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലായാലും സഹോദരങ്ങള്‍ തമ്മിലായാലും മാതൃപുത്രതലത്തിലായാലും എല്ലാം അരങ്ങേറാം.മിക്കവാറും എല്ലാ കുടുംബങ്ങളിലും അരങ്ങേറാറുള്ള ഇത്തരം പരിഭവപ്പിണക്കങ്ങളുടെ ലക്ഷണമുള്ള ഒരു വരി ഓര്‍മ്മയില്‍ വരുന്നു.
ഗോകുലമാതാക്കളോട് ശ്രീകൃഷ്ണന്റെ പരിഭവ വാക്കുകള്‍.”സ്‌നേഹപൂര്‍വം കുളിപ്പിച്ചുചേട്ടനെ നീ വെളുപ്പിച്ചുസ്‌നേഹമില്ലാതെന്നെ നീയോകുളിപ്പിച്ച് കറുപ്പിച്ചു.”ചേട്ടനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ അസൂയാവഹമായി അമ്മയോടുള്ള പരിഭവം. അമ്മയ്ക്ക് ചേട്ടനോടാണിഷ്ടം കൂടുതല്‍, അനിയനോടാണിഷ്ടം ഇത്തരം പരിഭവങ്ങളും മറ്റു മാനസികതലത്തില്‍ തന്നെ അഗാധ പ്രശ്‌നങ്ങളുണ്ടാക്കുന്ന കുടുംബങ്ങളും കുറവല്ല. ചെറിയ രീതിയില്‍ മാത്രമുള്ള സംഘര്‍ഷങ്ങള്‍ രസാവഹം തന്നെ. എന്നാല്‍ അത് അധികരിക്കാന്‍ പാടില്ല.ഇതുപോലെ അല്‍പ്പമെങ്കിലും സൗന്ദര്യപ്പിണക്കങ്ങള്‍ ഇല്ലാത്ത ദാമ്പത്യ ബന്ധമുണ്ടാകില്ല.  ദ്വാരകയുടെ ദ്വാരവാതിലുകളില്‍ അലയടിച്ച ഇത്തരമൊരു സൗന്ദര്യപ്പിണക്കം വെറുതെയൊന്നു ശ്രദ്ധിക്കാം. രസാവഹമായതും ഏറെ ജ്ഞാനപ്രവാഹമുള്‍ക്കൊള്ളുന്നതുമാണ് ഈ സന്ദര്‍ഭം.
ഈ നാടകീയ മുഹൂര്‍ത്തങ്ങള്‍ നല്‍കിയത് സാക്ഷാല്‍ ശ്രീനിവാസനും അലമേലു അമ്മാളുമാണെന്നതുതന്നെ വളരെ കൗതുകകരം. ദ്വാരകയിലെ നിലാവുള്ള ഒരു രാത്രി. ജനല്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. തോഴിമാരുടെ കയ്യില്‍നിന്നും വെഞ്ചാമരം സ്വയം ഏറ്റുവാങ്ങി രുക്മിണീദേവി ഭഗവാനെ വീശിക്കൊണ്ട് ഭര്‍തൃശുശ്രൂഷയില്‍  ബദ്ധശ്രദ്ധയായിരിക്കുന്നു. രുക്മിണീ ദേവിയുടെ ശുശ്രൂഷയില്‍ ഏറെ സംതൃപ്തിയുണ്ടെങ്കിലും ലോകനീതിയനുസരിച്ച് തമാശമട്ടില്‍ ഭഗവാന്‍ പറഞ്ഞു.  നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ. എനിക്ക് പാദപൂജ ചെയ്തും വെഞ്ചാമരം വീശിയും പാദസേവ ചെയ്തും കഴിയേണ്ട ഒരു പാഴ്ജന്മമാണോ നിന്റേത്.
ഭൂലോക സുന്ദരിയായ നിന്നെ വരിക്കാന്‍ ആഗ്രഹിച്ച് എത്രയെത്ര രാജകുമാരന്മാരാണ് ഓടിനടന്നത്. വിദര്‍ഭ രാജകുമാരിയായ നിന്നെ വിവാഹം കഴിക്കാനായി ചേദി രാജകുമാരനായ ശിശുപാലനും മറ്റും ഏറെ ശ്രമിച്ചതല്ലെ. എന്നിട്ടും നീ അവരെയെല്ലാം ഉപേക്ഷിച്ച് അസമനായ എന്നെ വരിച്ചു.  എന്തിനുവേണ്ടിയായിരുന്നു അത്? ഞാനാണെങ്കിലോ ജരാസന്ധാദികളായ മഹാരാജാക്കന്മാരില്‍ ഭയപ്പെട്ട് ഒളിച്ചു കഴിയുന്നവന്‍. ബലവാന്മാരായ ആ രാജാക്കന്മാരുടെ വിരോധം സമ്പാദിച്ച് എന്റെ കൂടെ പോരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഞാനാകട്ടെ വ്യക്തമായ മാര്‍ഗങ്ങളില്ലാതെ ജീവിക്കുന്നവന്‍. എങ്ങനെ ജീവിക്കുന്നുവെന്നാര്‍ക്കുമറിയില്ല.
”നിഷ്‌കിഞ്ചനാവയം ശശ്വന്നിഷ്‌കിഞ്ചനജനപ്രിയാഃതസ്മാത് പ്രായേണ നഹ്യാഢ്യാ മാംഭജന്തി സുമധ്യമേ”ഹേ. ഭുവനസുന്ദരീ, ഞങ്ങള്‍ ഒന്നുമില്ലാത്തവരാണ്. ഒന്നുമില്ലാത്തവര്‍ മാത്രമേ ഞങ്ങള്‍ക്ക് സ്‌നേഹിതരായും ഉള്ളൂ. പൊതുവേ ധനമുള്ളവരാരും ഞങ്ങളെ സ്‌നേഹിച്ചും ആശ്രയിച്ചും ജീവിക്കുന്നില്ല.അതങ്ങനെയാണ് ചേര്‍ച്ചയുള്ളവര്‍ തമ്മിലാണ് സൗഹൃദവും വിവാഹബന്ധവുമെല്ലാം പതിവ്. ഐശ്വര്യത്തിടമ്പായ ദേവിയും ദരിദ്രനായ ഈ ഞാനും തമ്മില്‍ എന്തു ചേര്‍ച്ചയാണുള്ളത്. എന്നാല്‍ ചില ഭിക്ഷുക്കള്‍ ഞങ്ങളെ സ്തുതിക്കുന്നതു കേട്ട് അബദ്ധം പറ്റിയായിരിക്കും ദേവി എന്നെ വരിച്ചത്.”ഉദാസീനാ വയം നൂനം ന സ്ത്രീളപത്യാര്‍ഥ കാമുകാഃആത്മലബ്ധ്യാസ്മഹേ പൂര്‍ണാ ഗേഹയോര്‍ജ്യോതിരക്രിയാഃ”ഞങ്ങള്‍ ഉദാസീനരാണ്. മടിയന്മാരാണ്. സ്ത്രീകള്‍, കുട്ടികള്‍, ധനം എന്നിവയിലൊന്നും ഞങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ല. ആത്മലാഭത്തില്‍ മാത്രമാണ് ഞങ്ങല്‍ക്ക് ആസക്തി.
ഗൃഹകാര്യങ്ങളൊന്നിലും ഞങ്ങള്‍ യാതൊരു കര്‍മവും ചെയ്യുന്നില്ല. ഒന്നും ചെയ്യായ്ക എന്ന കൃത്യത്തിലാണ് ഞങ്ങള്‍ പ്രകാശിക്കുന്നത്.ഞങ്ങള്‍ ഉദാസീനരും രുക്മിണി യൗവനയുക്തയായ സുന്ദരിയും തന്നെയാണെന്നു സാരം. ഇനിയും വൈകിയിട്ടില്ല, നിനക്ക് ഇപ്പഴും ശക്തന്മാരായ ക്ഷത്രിയ കുമാരന്മാരെ വരനായി ലഭിക്കാനുള്ള പ്രസരിപ്പുണ്ട്, വേണമെങ്കില്‍ ശ്രമിച്ചോളൂ എന്ന ധ്വനി.ഇതു കേട്ടതും ഭഗവാന്‍ തന്നെ ഉപേക്ഷിക്കാന്‍ ഭാവിക്കുകയാണ് എന്ന് ശങ്കിച്ച രുക്മിണീ ദേവിയുടെ ഭാവം മാറി. വിറയ്ക്കുന്ന ശരീരത്തോടെ ദേവി ഉറക്കെ കരഞ്ഞു. യാതൊന്നും സംസാരിക്കാനാവാതെ ദേവി വിഷമിച്ചു.


ജന്മഭൂമി: 

No comments:

Post a Comment