പണ്ട് കുശന്‍ എന്നുപേരായ ബ്രഹ്മപുത്രനും മഹാതപസ്വിയുമായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി വിദര്‍ഭത്തില്‍ നിന്നുമായിരുന്നു. അവര്‍ക്ക് നാലു പുത്രന്മാര്‍-കുശാംബന്‍, കുശനാഭന്‍, അസൂര്‍ത രാജസന്‍, വസു എന്നിവര്‍. പുത്രന്മാര്‍ ജനങ്ങളെ സംരക്ഷിക്കണ്ട ചുമതല ഏറ്റെടുക്കണമെന്ന് പിതാവാവശ്യപ്പെട്ടപ്പോള്‍ അവര്‍ നാലുനഗരങ്ങള്‍ക്കു തുടക്കമിട്ടു.
കൗശാംബിയും, മഹോദയവും (കനൗജ്, കന്യാകുബ്ജം), ധര്‍മ്മാരണ്യവും, ഗിരിവ്രജവും (രാജ്ഗീര്‍) ആണ് ആ നഗരങ്ങള്‍. വസുവിന്റെ രാജധാനിയായ ഗിരിവ്രജം വസുമതിയെന്നും അറിയപ്പെട്ടു. ശോണാനദി കിഴക്കോട്ടൊഴുകി മഗധയിലെത്തുന്നു. അതുകൊണ്ട് ആ നദി മാഗധിയെന്നും അറിയപ്പെടുന്നു.ശ്രേഷ്ഠനായിരുന്ന കുശനാഭന് ഘൃതാചിയെന്ന അപ്‌സരസ്സില്‍ നൂറ് അതിസുന്ദരികളായ പുത്രിമാരുണ്ടായി. ഇവരുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ വായുദേവന്‍ ഇവരെ വിവാഹം ചെയ്യുവാനാഗ്രഹിച്ചു. പക്ഷേ അതിന് ആ സുന്ദരികള്‍ സമ്മതിക്കുകയുണ്ടായില്ല. കാരണം പിതാവിന്റെ ഇച്ഛാനുസരണം മാത്രമേ തങ്ങള്‍ വിവാഹം ചെയ്യുകയുള്ളൂ എന്നവര്‍ പറഞ്ഞു. വായുദേവന്‍ അവരെ വിരൂപകളാക്കി മാറ്റുകയും ചെയ്തു.
തന്റെ പുത്രിമാരുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ കുശനാഭന്‍ അവരെ ചൂലിയുടേയും സോമദയുടേയും പുത്രനായ ബ്രഹ്മദത്തന് നല്‍കി. തേജസ്വിയായിരുന്ന ബ്രഹ്മദത്തന്‍ പാണിഗ്രഹണം ചെയ്തപ്പോള്‍ ആ കുമാരിമാരുടെ വൈരൂപ്യം മാറുകയും അവര്‍ ലാവണ്യവതികളായി മാറുകയും ചെയ്തു.കുശനാഭന് പുത്രന്മാരില്ലായിരുന്നു. ബ്രഹ്മദത്തനും ഭാര്യമാരും പോയിക്കഴിഞ്ഞപ്പോള്‍ കുശനാഭന്‍ പുത്രനുണ്ടാകുവാനായി ഒരു യാഗം നടത്തുകയുണ്ടായി. ഈ സമയത്ത് അദ്ദഹത്തിന്റെ പിതാവ് കുശന്‍ അദ്ദേഹത്തെ അനുഗ്രഹിക്കുകയും നിനക്ക് ഗാധി എന്നൊരു പുത്രനുണ്ടാകും എന്ന് ആശീര്‍വദിക്കയും ചെയ്തശേഷം സത്യലോകത്തേക്കു പോയി.
കുറേ നാളുകള്‍ക്കുശേഷം കുശനാഭന് ഒരുപുത്രന്‍ ജനിക്കുകയും അവന് ഗാധിയെന്നു നാമകരണം നടത്തുകയുമണ്ടായി. ആ ഗാധി എന്റെ പിതാവാണ്. കുശന്റെ വംശത്തില്‍ ജനിച്ചതിനാല്‍ ഞാന്‍ കൗശികന്‍ എന്നും അറിയപ്പടുന്നു. എനിക്ക് മൂത്ത ഒരു സഹോദരിയുണ്ട് -ഋചീകന്റെ പത്‌നിയായ സത്യവതി. അവള്‍ ഭര്‍ത്താവിന്റെ ഇച്ഛയാല്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തുകയും ഒരു നദിയായി-കൗശികീനദി-വീണ്ടും ഭൂമിയിലെത്തുകയും ചെയ്തു. ഇതാണെന്റെ കഥ- വിശ്വാമിത്രന്‍ പറഞ്ഞു.
ജന്മഭൂമി:
No comments:
Post a Comment