Friday, July 28, 2017

രാമായണസുഗന്ധം - 13
വിശ്വാമിത്രനും സംഘവും ഗംഗാതീരത്തെത്തി. അങ്ങ് ഉത്തരദേശത്ത് എല്ലാ ധാതുക്കളുടേയും കലവറയായ ഹിമാലയ പര്‍വ്വതം. ഹിമാലയത്തിന്റെ ദേവനായ ഹിമവാന് അനുപമ സൗന്ദര്യത്തിന്റെ ഉദാഹരണങ്ങളായി രണ്ടുപുത്രിമാര്‍- ഗംഗയും ഉമയും. ഗംഗ ദേവകാര്യാര്‍ത്ഥം ഒരു നദിയായി പ്രവഹിക്കുന്നു. ഉമയാകട്ടേ ശിവന്റെ പത്‌നിയുമായി.
ഇവരെപ്പറ്റി ഇനിയുമറിയുവാന്‍ രാമന് ആഗ്രഹം. നൂറുദേവസംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു, അപ്പോഴും ശിവനും ദേവിക്കും പുത്രനോ പുത്രിയോ ജനിച്ചിട്ടില്ല. ദേവന്മാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ശിവന് ദേവിയിലൂടെയല്ലാതെ, അഗ്‌നിദേവന്റേയും ഗംഗാദേവിയുടേയും സഹായത്തോടെ, ഭൂമിയില്‍ നേരിട്ടൊരു പുത്രനുണ്ടായി-കാര്‍ത്തികേയന്‍. ഇതേത്തുടര്‍ന്ന് ഉമ ദേവന്മാരെ ശപിച്ചു-തങ്ങളുടെ പത്‌നിമാരിലൂടെ അവര്‍ക്ക് മക്കളുണ്ടാകാതെ പോകട്ടേയെന്ന്. ഭൂമിദേവിക്കും ലഭിച്ചു ഒരു ശാപം.
പിന്നീട് സഗരന്‍ എന്നൊരു രാജാവ് അയോദ്ധ്യ ഭരിച്ചിരുന്നു. മക്കളില്ലാതെയിരുന്ന അദ്ദേഹത്തിന്റെ മൂത്തപത്‌നി വിദര്‍ഭയിലെ കേശിനിയായിരുന്നു. രണ്ടാമത്തെ പത്‌നി സുമതി അരിഷ്ടനേമിയുടെ (കാശ്യപന്‍) പുത്രിയും സുപര്‍ണ്ണന്റെ (ഗരുഡന്‍) സഹോദരിയുമായിരുന്നു. ഹിമാലയത്തിലെത്തി തപസ്സുചെയ്ത സഗരന് ഭൃഗുമഹര്‍ഷി ഒരു അനുഗ്രഹം നല്‍കി- ഒരു ഭാര്യയില്‍ അദ്ദേഹത്തിന് ഒരു പുത്രന്‍ ജനിക്കും. അതിലൂടെ അദ്ദേഹം അതുല്യമായ ശ്രേയസ്സിന് അര്‍ഹനാകും. മറ്റേ പത്‌നിയിലൂടെ അറുപതിനായിരം പുത്രന്മാരേയും ലഭിക്കും. ആര്‍ക്കാണ് പുത്രനെ വേണ്ടത്, ആര്‍ക്കാണ് പുത്രന്മാരെ വേണ്ടത് എന്നുചോദിച്ച ഭൃഗുവിനോട് തനിക്കു വംശം നിലനിര്‍ത്തുവാന്‍ ഒരു പുത്രനെ മതിയെന്ന് കേശിനിയും പുത്രന്മാരെ വേണമെന്ന് സുമതിയും അഭിപ്രായപ്പട്ടു.
കാലംകടന്നു പോയപ്പോള്‍ കേശിനിക്ക് ഒരു പുത്രന്‍ ജനിച്ചു -അസമഞ്ജസ്സ് എന്നുപേര്. സുമതി കയ്പക്കയുടെ രൂപത്തിലുള്ള ഒരു പിണ്ഡത്തെ പ്രസവിച്ചു.
അത് തുറന്നപ്പോള്‍ സൂക്ഷ്മൂപത്തിലുള്ള അറുപതിനായിരം പുത്രന്മാര്‍ പിറന്നു. അവരെ വിശേഷാല്‍ പാത്രങ്ങളിലാക്കി ആയമാര്‍ സംരക്ഷിക്കുകയും അവര്‍ വളര്‍ന്ന് അത്രയും പുത്രന്മാരായിത്തീരുകയും ചെയ്തു. രാജാവിന്റെ മൂത്തപുത്രന്‍ അസമഞ്ജസ്സ് കുട്ടികളെ വെള്ളത്തിലെറിയുകയും അവര്‍ മുങ്ങിച്ചാകുന്നതുകണ്ട് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. അസമഞ്ജസ്സിന്റെ ഒറ്റപ്പുത്രന്‍ അംശുമാന്‍ എല്ലാവരോടും ദയയുള്ളവനും ജനങ്ങളുടെ പ്രിയങ്കരനുമായിരുന്നു. കുറേക്കാലംകഴിഞ്ഞപ്പോള്‍ സഗരന്‍ ഒരു അശ്വമേധയാഗം നടത്തുവാന്‍ നിശ്ചയിച്ചു. ബ്രഹ്മര്‍ഷിയില്‍ നിന്നും ഈ കഥകേട്ട രാമന്‍ സന്തുഷ്ടനാകുകയും തന്റെ പൂര്‍വികനായ സഗരന്റെ യാഗത്തേക്കുറിച്ചറിയുവാന്‍ താല്‍പര്യപ്പെടുകയും ചെയ്തു.


ജന്മഭൂമി

No comments:

Post a Comment