Friday, July 28, 2017

ഗുരുവരം
ഈ ലോകത്ത് ഓരോ വ്യക്തിയ്ക്കും ഓരോ കര്‍മ്മഗതിയാണ്. ഓരോ വ്യക്തിയുടേയും വിരലടയാളം പോലെ. ഒരമ്മ പെറ്റ മക്കള്‍ക്കും ഒരേപോലെയുള്ള ജീവിതമല്ല കിട്ടുന്നത്. ഇരട്ടക്കുട്ടികള്‍ക്കുപോലും സമാനതകളും സമാനാനുഭവങ്ങളും ഏറെയുണ്ടാവുമെങ്കിലും ജീവിതം വ്യത്യസ്തമാണ്. ഉള്ളിന്റെയുള്ളില്‍ ഇരിക്കുന്ന ആത്മശക്തി പരമാത്മാവില്‍ നിന്നു കിട്ടിയ സ്ഫുരണമാണെന്ന് മഹാത്മാക്കള്‍ പറയുന്നു. എങ്കിലും ലൗകികമായി കര്‍മ്മധര്‍മ്മങ്ങളില്‍ നമ്മുടെ ഓരോരുത്തരുടെയും ജീവാത്മാക്കളുടെ നിലയും സ്വഭാവവും വേറിട്ടതുതന്നെയാണ്.
ഇതെല്ലാം കണ്ടപാടെ അറിയാന്‍ ഒരു യഥാര്‍ത്ഥഗുരുവിനു കഴിയും. എന്റെ ഗുരുവിന്റെ ( ശ്രീ കരുണാകരഗുരു ) ഒപ്പം ആശ്രമത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് ഈ നിഗൂഢതത്വം മനസ്സിലായിരുന്നില്ല.
ഗുരുവിന്റെ അത്യസാധാരണമെന്ന് ഇന്നെനിക്ക് അറിയാന്‍ കഴിയുന്ന അതീന്ദ്രിയശക്തി എന്നെ പോലെ ഒരു സാധാരണ വ്യക്തിയില്‍ നിന്ന് മറഞ്ഞാണിരുന്നത്.
എനിക്കുണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴും മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേട്ടും വായിച്ചും ഒക്കെയാണു ഓരോന്നു മനസ്സിലാക്കി വരുന്നത്. ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. എന്തൊരു കൈയടക്കത്തോടെയാണ് ഗുരു സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളെപ്പോലെ ഓരോരുത്തരുടെയും സ്വന്തമെന്ന് തോന്നിക്കും വിധമാണ് പെരുമാറിയിരുന്നത് എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഗുരു എന്താണെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് വലിയ വിവരമില്ലാതിരുന്നതുകൊണ്ട് ഗുരുവിനോട് മനസ്സിലിരിക്കുന്നത് എന്തും തുറന്നു പറയാന്‍ എന്നെപ്പൊലുള്ളവര്‍ക്ക് കഴിഞ്ഞു.
എന്റെ ഒരു അനുഭവം പറയട്ടെ. ഞാന്‍ എന്റെ ഏട്ടന്‍ ( എഴുത്തുകാരന്‍ ഒ. വി. വിജയന്‍ ), ഭാര്യ ഡോ: തെരേസാ വിജയന്‍, മകന്‍ മധു എന്നിവരോടൊപ്പമാണു ആദ്യമായി ഗുരുവിനെ കാണാന്‍ തിരുവനന്തപുരത്ത് വരുന്നത്. വര്‍ഷം മുപ്പത്തിയാറു കടന്നിരിക്കുന്നു. ഏട്ടനും ഏടത്തിയും ഇന്ന് എന്നോടൊപ്പമില്ല. ഞങ്ങള്‍ അന്ന് ഒരു രാത്രി ആശ്രമത്തില്‍ തങ്ങിയിരുന്നു. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമുള്ള സ്ഥലം. പിറ്റേന്ന് തിരിച്ചുപോരാന്‍ തയാറായി യാത്ര പറയാന്‍ ഗുരുസന്നിധിയില്‍ എത്തി. ഗുരുവിന്റെ ഭൗതികശരീരം ശയിക്കുന്ന ഇന്നത്തെ വലിയ വെണ്ണക്കല്‍ത്താമരയുടെ സ്ഥാനത്ത് അതീവ ലളിതമായ ഒറ്റമുറിപ്പുരയുണ്ടായിരുന്നു. ഒരു വരാന്തയോടുകൂടിയത്. ആ വരാന്തയുടെ നടുക്കായിട്ടാണ് ഗുരു അന്ന് ഒരു കസേരയില്‍ ഇരുന്നത്. കിഴക്കോട്ട്, വാതിലിന്റെ ദിശയിലേക്ക് തിരിഞ്ഞ്. ഗുരുവിന്റെ ഇടതുവശത്തായി ഞങ്ങള്‍ താഴെ പനയോലത്തടുക്കുകളില്‍ ഇരിക്കുകയാണ്. മുന്നിലും മറുവശത്തുമായി ഞങ്ങളെ സഹായിക്കാന്‍ കുറെ അന്തേവാസികളുണ്ട്. ഗുരുവിനോട് നമ്മുടെ കാര്യങ്ങള്‍ പറയാന്‍ പഴയ വിശ്വാസികള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്, നമ്മളോട് ഗുരു പ്രതികരിക്കുന്നുമുണ്ട്.
അതിനിടയില്‍ പെട്ടെന്ന് ഗുരു എന്നെ കണ്ണു തിരിച്ചൊന്നു നോക്കി, ഒരു നിമിഷത്തിന്റെ ചെറിയൊരു ഭാഗം. കടാക്ഷം എന്നു പറയാമെന്നു തോന്നുന്നു. കടല്‍ അലയടിക്കുന്നതു നിര്‍ത്തിയാല്‍ എങ്ങനെയായിരിക്കാം അങ്ങനെയാണെന്റെ ഉള്ളു നിലച്ചത്. വര്‍ണ്ണിക്കാന്‍ വാക്കുകളില്ലാത്ത ആ ശാന്തതയില്‍ ഞാന്‍ ഓര്‍ത്തു: മനസ്സിനെ നിശ്ചലമാക്കുന്നതിനെ പറ്റി മഹാനായ ജെ. കൃഷ്ണമൂര്‍ത്തി സംസാരിച്ചിട്ടുണ്ട്. നാം മനസ്സിനെ നിരീക്ഷിക്കുക. ഒടുവില്‍ നമ്മുടെ ഉള്ളിലെ നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്നതും നിരീക്ഷിക്കുക എന്ന കര്‍മ്മവും ഒന്നായിത്തീരുകയും മനസ്സ് നിശ്ചലമാവുകയും ചെയ്യും. ഈ ആശയം ഞാന്‍ അസമര്‍ത്ഥമായി പരീക്ഷിക്കാറുണ്ടായിരുന്നു. ഈ വിഷയം എന്റെ മനസ്സിന്റെ പശ്ചാത്തലത്തില്‍ എപ്പോഴും അക്കാലത്ത് ഉണ്ടായിരുന്നു താനും. ഞാന്‍ പൊടുന്നനെ തിരിച്ചറിഞ്ഞു: ജെ. കെ പറഞ്ഞത് ഗുരു നിമിഷാര്‍ദ്ധം കൊണ്ട് അനുഭവപ്പെടുത്തിത്തന്നുവെന്ന്. അപ്പോഴും ജെ. കെ. യുടെ ചിന്താധാര ഗുരുവിനറിയാന്‍ കഴിയുമെന്ന് ചിന്തിച്ചില്ല. ഗുരുവിനു ഔപചാരികവിദ്യാഭ്യാസമുണ്ടായിരുന്നില്ലല്ലോ. ( ഔപചാരിക സംന്യാസവുമില്ല. )
ജെ. കെ. യുടെ ഈ ആശയം ശ്രീ ശങ്കരനും മറ്റൊരു രീതിയില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്. ‘ നിശ്ചലതത്വം ‘ എന്ന ഒരു സുഖനില. അതിനു നിസ്സംഗത്വവും നിര്‍മ്മോഹത്വവും ഒക്കെ പരിശീലിക്കണം. ശങ്കരാചാര്യര്‍ പറഞ്ഞ നിശ്ചലതത്വമാണു ഗുരു എന്നെ അനുഭവിപ്പിച്ചതെന്ന് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് ഞാന്‍ ചിന്തിക്കുന്നത്. എന്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായി ആ അനുഭവം. ഏതാണ്ട് ഒരു മാസത്തിലേറെ ആ അനുഭൂതിയുടെ അംശം എന്നില്‍ നിലനിന്നിരുന്നു.
ഈ ഗ്രഹണശക്തി നമ്മളോടു ബന്ധങ്ങളുള്ള ( ദൈവചിന്തനത്തില്‍ ശ്രീ നാരായണഗുരു പറയുന്ന ) വായുലോകവാസികളുടെ കാര്യത്തിലും ഗുരുവിനുണ്ടായിരുന്നു. നമ്മോടൊപ്പം അവരുണ്ട് പിതൃസ്വാധീനങ്ങള്‍, പിതൃക്കള്‍ ആരാധിച്ചുപോയ നമ്മള്‍ അറിയാത്ത പലതലങ്ങളിലുള്ള ആരാധനാമൂര്‍ത്തികള്‍, പെട്ടെന്ന് കൂടുന്ന ബാധകള്‍, ജന്മനാ നമ്മുടെ ജീവനില്‍ കലര്‍ന്നു നില്‍ക്കുന്നവര്‍ എന്നിങ്ങനെ നല്ലതായും ചീത്തയായും നമുക്ക് ബാധ്യതയായും ഒക്കെ നില്‍ക്കുന്ന അദൃശ്യങ്ങളായ ഊര്‍ജ്ജരൂപങ്ങളാണവര്‍. അത്തരം വിഷമങ്ങളുമായി ഗുരുവിനെ സമീപിച്ച കുറേപ്പേരെ പരിചയിക്കാനിടയായിട്ടുണ്ട്.
ഒരാളുടെ അനുഭവം പറയട്ടെ. വാസുദേവന്‍ മാമന്‍ എന്ന് ഞാന്‍ വിളിക്കുന്ന കൊല്ലം സ്വദേശിയായ ഒരാളുടെ അനുഭവമാണ്. ചെറുപ്പത്തില്‍ ഓട്ടുകമ്പനിയില്‍ വാച്ചറായി ജോലി കിട്ടി. ഏതാണ്ട് ആ കാലഘട്ടം മുതല്‍ രാത്രി ആരോ കഴുത്തില്‍ കയറിട്ട് മുറുക്കുന്നതായി തോന്നും. കൂടെ ഒഴിയാത്ത ദുരിതങ്ങളും. ഗുരുവിനെ പരിചയപ്പെടാനിടയായി. പൂര്‍വജന്മത്തില്‍ പാമ്പുകളെ വളരെ വിദഗ്ധമായി കഴുത്തില്‍ കുരുക്കിട്ടു കൊല്ലുമായിരുന്നു എന്നും അതിന്റെ ഫലമാണിപ്പോള്‍ അനുഭവിക്കുന്നത് എന്നും ഗുരുവില്‍ നിന്ന് ഗ്രഹിച്ചു. ഇടയ്ക്ക് ആശ്രമത്തില്‍ ചെന്ന് ഗുരുവിനെ കണ്ടിട്ടുപോകാന്‍ ഗുരു ഉപദേശിച്ചു. അങ്ങനെ വന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ പതുക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങി. ഒടുവില്‍ കഴുത്തില്‍ കുരുക്ക് വരാതെയായി. ദുരിതങ്ങള്‍ മാറി. ഒരു ദിവസം ചെന്നപ്പോള്‍ ഗുരു അരികെ വിളിച്ചു: വാ, അതിനെ മാറ്റിനോക്കട്ടെ എന്നു പറഞ്ഞു. ഗുരു വാസുദേവന്റെ ഒരു കൈയില്‍ സ്വന്തം കൈ കോര്‍ത്തു പിടിച്ചു. വാസുദേവന്‍ മരണവെപ്രാളം കാണിച്ചു തുടങ്ങി. ഗുരു പെട്ടെന്ന് സ്വന്തം കൈ മാറ്റിയിട്ടുപറഞ്ഞു: അത് നിന്റെ ജീവനില്‍ കലര്‍ന്നു നില്‍ക്കുകയാണ്, പിടിച്ചുമാറ്റിയാല്‍ ജീവന്‍ പോകും.
ഒരിക്കല്‍ വാസുദേവന്‍ മാമന് അതിനെ കാണാന്‍ കഴിഞ്ഞു. വളരെ വലിയ ഒരു സര്‍പ്പം. താന്‍ കൊന്ന പാമ്പുകളില്‍ നല്ല ഒരെണ്ണമുണ്ട് എന്നും അതിന്റെ ജന്മം പാതിക്കുവെച്ചു നഷ്ടപ്പെട്ടതിന്റെ അരിശത്തോടെ കൊന്നവനെ ആവേശിച്ചതാണെന്നും പകയോടെ ജീവനില്‍ കലര്‍ന്നതാണെന്നും പ്രാര്‍ത്ഥനയുടെ നല്ല ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ശാന്തനായതാണെന്നും മരണത്തിലേ ഇരുവരും പിരിയൂ എന്നും ഗുരുവില്‍ നിന്ന് അറിഞ്ഞതായി മാമന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മാമനു വയസ്സ് എണ്‍പതോട് അടുത്തിട്ടുണ്ട്. വലിയ പ്രശ്‌നങ്ങളില്ലാതെ കഴിയുന്നു എന്നാണു ഏതാനും ദിവസങ്ങള്‍ മുന്‍പ് വരെയുള്ള വിവരം.


ജന്മഭൂമി: http://www.janmabhumidaily.com/news678433#ixzz4oAHVjC87

No comments:

Post a Comment