അശ്വമേധയാഗത്തിന് വന്നുചേര്‍ന്ന എല്ലാ അതിഥികളും അത്യന്തം സമ്മാനിതരായി മടങ്ങിപ്പോയി. ഋഷ്യശൃംഗനും ശാന്തയും തിരികെപ്പോകുമ്പോള്‍ രാജാവ് തന്റെ അനുചരന്മാരോടൊപ്പം കൂറേദൂരം അവരെ അനുഗമിക്കുകയുണ്ടായി.
യാഗത്തിനുശേഷം ആറ് ഋതുക്കള്‍ കഴിഞ്ഞിരിക്കുന്നു. ചൈത്രമാസത്തിലെ ശുക്‌ളപക്ഷനവമിനാളില്‍ പുണര്‍തം നക്ഷത്രത്തില്‍ രാജാവിന്റെ ഏറ്റവും മുതിര്‍ന്ന പത്‌നി കൗസല്യ ഒരു പുത്രന് ജന്മം നല്‍കുകയുണ്ടായി. വിശേഷപ്പെട്ട ശരീരലക്ഷണങ്ങളോടെ പിറന്ന രാമന്‍ ലോകത്തിന്റെ ഐശ്വര്യവും വിഷ്ണുവിന്റെ പകുതി ചൈതന്യം നിറഞ്ഞവനുമായിരുന്നു.
പിന്നീട് കൈകേയി പൂയം നക്ഷത്രത്തില്‍ ഒരു പുത്രനെ പ്രസവിച്ചു. എല്ലാ ദൈവീക ഐശ്വര്യങ്ങളും ഉണ്ടായിരുന്ന ഈ പുത്രന്‍ ഭരതന്‍ വൈഷ്ണവ തേജസ്സിന്റെ കാല്‍ഭാഗം തന്നിലുള്ളവനായിരുന്നു. പിറ്റേന്നാള്‍ സുമിത്ര ഇരട്ടക്കുട്ടികളെ പ്രസവിക്കുകയുണ്ടായി. ഇവരാണ് ലക്ഷ്മണനും ശത്രുഘ്‌നനും. ഇവരിലും നിറഞ്ഞിരുന്നത് വൈഷ്ണവ ചൈതന്യമാണ്.
പുത്രന്മാരുടെ ജനനം അയോദ്ധ്യയെ ആഹ്‌ളാദത്തിലാക്കി. ഗന്ധര്‍വന്മാരുടെ പാട്ടുകളും അപ്‌സരസ്സുകളുടെ നൃത്തവും സര്‍വജനങ്ങളുടേയും സന്തോഷപ്രകടനങ്ങളും ദാനധര്‍മ്മങ്ങളുമെല്ലാം ആഹ്‌ളാദത്തിന്റെ മാറ്റുകൂട്ടി. കുട്ടികളുടെ ജനനത്തിന്റെ പതിമൂന്നാംനാള്‍ കുലഗുരുവായ വസിഷ്ഠന്‍ അവര്‍ക്ക് നാമകരണവും നടത്തി.
ജാതകര്‍മം മുതല്‍ ഉപനയനം വരെയുള്ള എല്ലാ ചടങ്ങുകളും കൃത്യസമയങ്ങളില്‍ നടത്തുകയുണ്ടായി. അവരുടെ വിദ്യാഭ്യാസവും ആയുധാഭ്യാസവും ക്രമേണ പുരോഗമിച്ചുകൊണ്ടിരുന്നു. ബാല്യം മുതല്‍ തന്നെ ലക്ഷ്മണന്‍ രാമനോട് ഒരു പ്രത്യേകതരം അടുപ്പവും സേവാമനോഭാവവും പുലര്‍ത്തിയിരുന്നു. ഇതുപോലെ ശത്രുഘ്‌നന് ഭരതനോടും അനുപമമായ ഒരു ബന്ധമാണുണ്ടായിരുന്നത്. നാലുപുത്രന്മാരും സദ്ഗുണസമ്പന്നന്മാരായിരുന്നു.
ദശരഥന് തന്റെ പുത്രന്മാരോട് അളവറ്റ സ്‌നേഹവും അവരെക്കുറിച്ച് അഭിമാനവുമാണുണ്ടായിരുന്നത്. അവരാകട്ടെ വേദപഠനത്തിലും ധനുര്‍വിദ്യയിലും മിടുക്കന്മാരും മാതാപിതാക്കന്മാരുടെ സേവയില്‍ ശ്രദ്ധാലുക്കളുമായിരുന്നു. പുത്രന്മാരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാകാറായപ്പോള്‍ രാജാവ് ഗുരുക്കന്മാരായ വസിഷ്ഠന്‍, വാമദേവന്‍ തുടങ്ങിയവരോടും ബന്ധുക്കളായ ലോമപാദന്‍ തുടങ്ങിയവരോടും സഭയില്‍വച്ച് പുത്രന്മാരുടെ വിവാഹക്കാര്യം ചര്‍ച്ചചെയ്തു. അപ്പോള്‍ അവിടെ ബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍ എത്തുകയുണ്ടായി.
ജന്മഭൂമി
No comments:
Post a Comment