Saturday, August 05, 2017

രാമായണസുഗന്ധം - 20
ബ്രാഹ്മണ്യം നേടുവാനായി വിശ്വാമിത്രന്‍ അതിതീവ്രമായ വ്രതാനുഷ്ഠാനങ്ങള്‍ക്കായി തന്റെ രാജ്ഞിയുമൊത്ത് ദക്ഷിണദിക്കിലേയ്ക്കുപോയി. അതിനുശേഷം അദ്ദേഹത്തിന് നാലു പുത്രന്മാരുണ്ടായി-ഹവിഷ്‌സ്പന്ദന്‍, മധുഷ്‌സ്പന്ദന്‍, ദൃഢനേത്രന്‍, മഹാരഥന്‍ എന്നിവരായിരുന്നു ആ പുത്രന്മാര്‍. ആയിരം വര്‍ഷത്തെ തപസ്സ് കഴിഞ്ഞപ്പോള്‍ ബ്രഹ്മാവ് വിശ്വാമിത്രന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും സന്തുഷ്ടനായി, നിന്നെ രാജര്‍ഷിയായി അംഗീകരിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഇതുകേട്ട് അദ്ദേഹം ദുഃഖിതനായി. ദേവന്മാര്‍ തന്നെയൊരു രാജര്‍ഷിയായിട്ടു മാത്രമേ അംഗീകരിക്കുന്നുള്ളു, ബ്രഹ്മര്‍ഷിയാകുവാന്‍ ഇനിയുമെന്താണുവേണ്ടത്?’ വിശ്വാമിത്രന്‍ വീണ്ടും തപസ്സും വ്രതവും തുടങ്ങി.
ഇക്കാലത്ത് ഇക്ഷ്വാകുവംശത്തിലെ മഹാനായൊരു രാജാവ് ഒരു വിശേഷപ്പെട്ട യാഗത്തിലൂടെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോകുവാനൊരുങ്ങുകയും വസിഷ്ഠനെ തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു. ഇപ്രകാരം ഒരു യാഗം നടത്തുക അസാദ്ധ്യമാണെന്ന് അദ്ദേഹം ഉപദേശിച്ചു. ആ രാജാവ്- ത്രിശങ്കു – വസിഷ്ഠപുത്രന്മാരെക്കൊണ്ടും തന്റെ ആഗ്രഹം ആവര്‍ത്തിച്ചു. വസിഷ്ഠപുത്രന്മാരും രാജാവിന്റെ അഭിലാഷത്തെ നിരാകരിക്കയും മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവര്‍ അദ്ദേഹത്തെ ചണ്ഡാളനായിപ്പോകട്ടേയെന്നു ശപിക്കുകയുമുണ്ടായി. ചണ്ഡാളനായി മാറിയ ത്രിശങ്കുവിനെ കൂടെയുണ്ടായിരുന്നവരെല്ലാമുപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ത്രിശങ്കു വിശ്വാമിത്രന്റെ സവിധത്തിലെത്തി. രാജാവിന്റെ ദയനീയാവസ്ഥ കണ്ട് വിശ്വാമിത്രന്‍ ഇതിനുകാരണമെന്താണെന്നും തന്നെക്കാണാന്‍ വന്നത് എന്തിനാണെന്നും അന്വേഷിച്ചു. നടന്നകാര്യങ്ങളൊക്കെ ത്രിശങ്കു വിശ്വാമിത്രനെ ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ കാരുണ്യത്തിനായി അപേക്ഷിക്കുകയും ചെയ്തു.
വിശ്വാമിത്രന്‍ ത്രിശങ്കുവന് അഭയം നല്‍കി. കാര്യസാദ്ധ്യത്തിനായി യാഗം നടത്തുവാന്‍ എല്ലാ ഋഷികളേയും-വസിഷ്ഠപുത്രന്മാരുള്‍പ്പെടെ-ക്ഷണിച്ചുവരുത്തുവാനായി അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ക്ഷണിക്കപ്പടുന്നവരില്‍ ആരെങ്കിലും മോശമായി എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അതു തന്നോട് അതേപോലെതന്നെ പറയേണമെന്നും അദ്ദഹം നിര്‍ദ്ദേശിച്ചു. വസിഷ്ഠപുത്രന്മാരും മഹോദയനും വരികയുണ്ടായില്ല എന്നു മാത്രമല്ല ഒരു ക്ഷത്രിയന്‍ ചണ്ഡാളനുവേണ്ടി നടത്തുന്ന യജ്ഞത്തിന്റെ പ്രസാദങ്ങള്‍ എങ്ങനെയാണ് ദേവന്മാര്‍ സ്വീകരിക്കുക തുടങ്ങി കുറേയഭിപ്രായങ്ങള്‍ അവര്‍ പ്രകടിപ്പിക്കുകയുണ്ടായി. യാതൊരു ദൂഷ്യവും കൂടാതെ ഏറ്റവും ധര്‍മ്മാനുസൃതമായി തപസ്സുചെയ്യുന്നയെന്ന് അധിക്ഷേപിച്ചവര്‍ ഇപ്പോള്‍ത്തന്നെ ഭസ്മമാകട്ടെയെന്ന് വിശ്വാമിത്രന്‍ ശപിച്ചു.
കൂടാതെ അവര്‍ എഴുനൂറു ജന്മം തുടരെ മുഷ്ടികന്മാരായി (ചണ്ഡാളന്മാരുടെ ഒരു ഉപവിഭാഗം) പിറന്ന് ഏറ്റവും നിന്ദ്യമായ ജീവിതം വിരൂപന്മാരും വികൃതന്മാരുമായി നയിക്കട്ടെയെന്നും ശപിച്ചു. മഹോദയനാകട്ടെ എല്ലാ ദേശങ്ങളിലും നിന്ദിതനായ ഒരു നിഷാദനായി മാറും. ഇങ്ങനെ ദീര്‍ഘമായ ശാപത്തിനുശേഷം ഋഷിമാരുടെ മദ്ധ്യത്തില്‍.തേജസ്വിയായ വിശ്വാമിത്രന്‍ നിശ്ശബ്ദനായി.


ജന്മഭൂമി: http://www.janmabhumidaily.com/news682775#ixzz4osu7tKbr

No comments:

Post a Comment