നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും നിറയെ യുദ്ധങ്ങളാണ്. മറ്റു സംസ്‌കാരങ്ങളിലും അത്തരം പൗരാണിക യുദ്ധങ്ങളുടെ കഥകളുണ്ട്. നന്മയും തിന്മയും തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന് കാണിക്കുന്ന കഥകളാണവ. ഇന്നും യുദ്ധോത്സുകനായ മനുഷ്യനാണ് ഭൂമിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നാം അത് കണ്ടുവരികയാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ ബഡ്ജറ്റിന്റെ അറുപതുശതമാനത്തോളം പ്രതിരോധത്തിനായി നീക്കിവെയ്ക്കുന്നു എന്നാണു കേള്‍വി. പണ്ടത്തെപ്പോലെ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണോ ആധുനിക മനുഷ്യന്റെ സമീപ ചരിത്രത്തിലുള്ളത്? അല്ലെന്നു തന്നെ തോന്നുന്നു. യുദ്ധവും മറ്റ് എല്ലാ സംഗതികളേയും പോലെ ഒരു വ്യാപാരമായിത്തീര്‍ന്നിരിക്കുകയല്ലേ? എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) ലോകജീവിതത്തെപ്പറ്റി നടത്തിയ ഒരു നിരീക്ഷണം ഓര്‍മ്മ വരുന്നു: ലോകം ഇന്ന് വൈശ്യധര്‍മ്മമാണു സ്വീകരിച്ചിരിക്കുന്നത്.
സമാധാനം കെടുത്തുന്ന സംഭവങ്ങളില്‍ സൂക്ഷ്മമണ്ഡലങ്ങളില്‍ നിലകൊള്ളുന്ന ഉപദ്രവകാരികളുടെ അദൃശ്യമായ ഇടപെടല്‍ കാണും. അവരുടെ പ്രലോഭനങ്ങള്‍ തിരിച്ചറിയാന്‍ നമുക്ക് ബുദ്ധിമുട്ടാണ്. തിരിച്ചറിവിനെ മറയ്ക്കാന്‍ അവര്‍ക്കു കഴിയുന്നു. ഞാന്‍ പണ്ട് വായിച്ച പഴയ ഒരു നാടകത്തിന്റെ കഥ ഇവിടെ പരാമര്‍ശിക്കട്ടെ. ക്രിസ്റ്റഫര്‍ മാര്‍ലൊ എന്ന നാടകകൃത്ത് ഒരു പഴയ കഥയെ ആസ്പദമാക്കി രചിച്ചതാണ് പതിനാറാം നൂറ്റാണ്ടിലെ ഈ നാടകം.
ഉന്നതകുലജാതനല്ലാഞ്ഞിട്ടും കഴിവു കൊണ്ട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ബിരുദം നേടിയ ഫോസ്റ്റസ് എന്ന യുവാവ് തന്റെ അന്വേഷണബുദ്ധി കാരണം മാന്ത്രികകര്‍മ്മങ്ങളുടെ വഴിയേ പോകുന്നു. സ്വന്തം കഴിവിലുള്ള അഹങ്കാരമുണ്ടായിരുന്നു അയാള്‍ക്ക്. സാത്താന്റെ കിങ്കരന്‍ മെഫിസ്‌റ്റോഫിലിസ് പ്രത്യക്ഷപ്പെട്ട് ഈ ദൗര്‍ബ്ബല്യം മുതലാക്കി പ്രലോഭിപ്പിക്കുകയാണ്. പേരും പ്രശസ്തിയും സകല ഭൗതികസുഖങ്ങളും സ്ഥാനമാനങ്ങളും നിറഞ്ഞ ഇരുപത്തിനാലു വര്‍ഷം തരാം, അതിനു ശേഷം ഞങ്ങളുടെ കൂടെ കൂടിയാല്‍ മതി എന്ന കരാറിലേക്ക് മെഫിസ്‌റ്റോഫിലിസ് ഫോസ്റ്റസിനെ എത്തിച്ചു. കൈത്തണ്ട മുറിച്ച് രക്തം കൊണ്ടാണു അത് എഴുതുന്നത്. തന്റെ ആത്മാവിന്റെ പതനം ഉറപ്പിക്കുന്ന കരാറാണു താന്‍ എഴുതുന്നതെന്ന തിരിച്ചറിവ് ഫോസ്റ്റസിനു ഇല്ലാതെ പോയി.
ആസുരമോ സാത്വികമോ ആയ അഹങ്കാരമുള്ള നിപുണരെ കുടുക്കാന്‍ പിശാച് പ്രയാഗിക്കുന്ന ഒരായുധം പ്രലോഭനമാണ്. അഹങ്കാരം തങ്ങളില്‍ കുടി പാര്‍ക്കുന്നുണ്ടെന്ന് ഒരുപക്ഷെ ഇരകള്‍ അറിയുന്നുണ്ടാവില്ല. പ്രത്യക്ഷദര്‍ശനത്തില്‍,കൂടിയാവണമെന്നുമില്ല ഈ വഞ്ചന. മനസ്സിനെ സ്വാധീനിക്കാന്‍ ഈ വായുരൂപികള്‍ക്ക് കഴിയും. ‘ അഥ കേന പ്രയുക്തേന / പാപം ചരതി പൂരുഷ: / അനിച്ഛന്നപി വാര്‍ഷ്‌നേയ/ ബലാദിവ നിയോജിത: ‘ എന്ന അര്‍ജ്ജുനന്റെ ചോദ്യം ഇവിടെ പ്രസക്തമാണ്. ആരുടെ സമ്മര്‍ദ്ദമാണു കൃഷ്ണാ ജീവാത്മാവിനെ പാപത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്? പൂര്‍വജന്മകര്‍മ്മഫലത്തോടൊപ്പം തെറ്റിപ്പോയ ജീവാത്മാക്കള്‍ അദൃശ്യമേഖലകളില്‍ നിന്നു പ്രവര്‍ത്തിക്കുന്നതും നമ്മെ പാപത്തിലേക്ക് തള്ളിയിടുന്നു.
ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെയും ദൈവത്തിലേക്ക് വഴി തേടുന്നവരെയും തെറ്റിക്കാന്‍ ശക്തിയുള്ള വായുരൂപികള്‍ ശ്രമിക്കും. എന്റെ ഗുരു ഈ ശക്തികളെ യോഗഭ്രഷ്ടന്മാര്‍ എന്നാണു വിളിച്ചിരുന്നത്. ബ്രഹ്മത്തോളം ഉയര്‍ന്ന് പതനം സംഭവിക്കുന്നവര്‍ ഉണ്ട് എന്നാണു പറയുന്നത്. ഇവര്‍ ബ്രഹ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരെ വഴിതിരിച്ചു വിടുന്നു. ഇതൊരു ബലാബലപരീക്ഷണമോ യുദ്ധമോ ആയി കണക്കാക്കാം. ഒരു കഥ കേട്ടിട്ടുണ്ട്. പാശ്ചാത്യ ഐതിഹ്യം എന്നും പറയാം. ദൈവത്തിനു കിട്ടുന്ന സ്തുതിയത്രയും തനിക്കവകാശപ്പെട്ടതാണെന്ന് സാത്താന്‍ ദൈവത്തോട് വാദിച്ചു എന്നാണത്. അതുകൊണ്ട് തന്നെ ബ്രഹ്മപ്രാപ്തി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗുരുമാര്‍ഗ്ഗങ്ങളില്‍ ഗുരുക്കന്മാരുടെ ഏറ്റവും അടുത്ത ശിഷ്യഗണങ്ങളെയും ഗുരുക്കന്മാരെത്തന്നെയും തെറ്റിക്കാന്‍ യോഗഭ്രഷ്ടര്‍ക്ക് വലിയ താല്‍പര്യമുണ്ടാവും. സ്ഥാനമാനങ്ങളിലേക്കും ഭൗതികസുഖങ്ങളിലേക്കും വഞ്ചനകളിലൂടെ ആകര്‍ഷിച്ച് പുണ്യം ചോര്‍ത്തിക്കളയാന്‍ അവര്‍ ശ്രമിക്കും. അതായത് മനുഷ്യന്റെ മുക്തിപഥങ്ങളെ തടയുക.
യേശുവിനെ പ്രലോഭിപ്പിച്ച കഥ ബൈബിളിലുണ്ട്. യേശു വഴങ്ങിയില്ല എന്നതും പ്രസിദ്ധമാണ്. പക്ഷെ ശിഷ്യനായിരുന്ന യൂദാസ് ഗുരുവിനെ ഒറ്റിക്കൊടുത്തതിനു പിന്നില്‍ പൈശാചികസ്വാധീനം ഉണ്ടായിരുന്നിരിക്കണം. ദൈവരാജ്യം വരുമെന്ന ഒരു പ്രവചനം ബൈബിളിലുണ്ട്. സമാധാനവും ആനന്ദവുമാണു അതിന്റെ സ്വഭാവം. നമ്മുടെ ആശയമായ യുഗചക്രത്തിലുള്ള സത്യയുഗത്തിലെ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നതാണു ബൈബിളിലെ വെളിപാടുകളില്‍ കാണുന്ന ദൈവരാജ്യത്തിന്റെ സ്വഭാവം. യോഗഭ്രഷ്ടന്മാരുടെയും അനുയായികളുടെയും അധാര്‍മ്മികപ്രവര്‍ത്തനം ക്രമേണ ഇല്ലാതാവുക എന്നാണു ദൈവരാജ്യം വരിക എന്നതിനു അര്‍ത്ഥം. ആ നവയുഗ സങ്കല്‍പത്തിനുവേണ്ടി തപസ്സു ചെയ്യുന്ന ഗുരുക്കന്മാരെയും അവരുടെ മാര്‍ഗ്ഗങ്ങളെയും തകര്‍ത്തുകളയാന്‍ സ്വാഭാവികമായും ദുഷ്ടശക്തികള്‍ക്ക് വ്യഗ്രത കാണും.
ജന്മഭൂമി: http://www.janmabhumidaily.com/news682787#ixzz4ostrVbVt
No comments:
Post a Comment