Monday, August 07, 2017

രത്‌നങ്ങളും മുത്തുമണികളും പതിച്ച പൊന്നിന്‍ കിരീടം ചൂടി, നവരത്‌ന പ്രഭയോലുന്ന മെയ്‌ക്കോപ്പിനുമേലെ പട്ടാംബരമണിഞ്ഞ്, അപ്‌സരസ്സുകളെന്നു തോന്നിക്കുന്ന ചേടിമാരുടെ വെണ്‍ചാമരക്കുളിരേറ്റ്, ചിത്രവര്‍ണാങ്കിതമായ സ്ഫടികസിംഹാസനത്തിലിരിക്കുന്ന ലങ്കേശന്‍ രാവണനെ കണ്ടനേരം വായുപുത്രനു തോന്നി: ഇവന്‍ ഇന്ദ്രനു സമമുണ്ടല്ലേ, സ്വഭാവമഹിമകൂടിയുണ്ടായിരുന്നു വെങ്കില്‍ ഇവന്‍ ഇന്ദ്രനെയും ജയിക്കുമായിരുന്നല്ലോ… ഹനുമാനെ കണ്ട രാവണനും ചിന്ത പൂണ്ടു. ഇവനാര് ? കൈലാസത്തില്‍ വെച്ച് നന്ദികേശ്വരനുമായി കൊമ്പുകോര്‍ത്തപ്പോള്‍, അവന്‍ പറയുകയുണ്ടായി.
വാനരമുഖമുള്ള ഒരുവന്‍ ലങ്കയുടെ നാശം കുറിക്കാന്‍ വരുമെന്ന്. ആ വാക്ക് ഫലിക്കാന്‍ പോവുകയാണോ? ഹേയ്! അതാവില്ല. രാവണന്‍ അധമചിന്തകളില്‍നിന്നു തലയൂരി. ഇവന്‍ ആരുമായിക്കൊള്ളട്ടെ. നമ്മുടെ ഉച്ഛൃംഖലതയെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നിരിക്കുന്നു. അതു വെച്ചുപൊറുപ്പിക്കാനാവില്ല. പ്രഹസ്തനോടു പറഞ്ഞു. ഇവനോടുചോദിക്കൂ. എവിടെ നിന്നാണിവന്‍ വരുന്നത്? എന്താവശ്യത്തിന് ഇവിടെ വന്നു. അശോകവനം തകര്‍ക്കാന്‍ കാരണമെന്ത്? രാക്ഷസരോട് യുദ്ധം ചെയ്തതെന്തിന്?
‘ ലങ്കേശന്റെ ആജ്ഞപാലിച്ചുകൊണ്ട് പ്രഹസ്തന്‍ ഹനുമാനോട് ചോദിച്ചതെന്താണെന്നു കിളിപ്പാട്ടില്‍ പറയുന്നില്ലേ, കുട്ടാ? വരുണിനെനോക്കി മുത്തശ്ശി പറഞ്ഞു. വരുണ്‍ ഉടനെ ചൊല്ലി-
പവനസുതനോടു വിനയനയസഹിതമാദരാല്‍
പപ്രച്ഛ നീയാരയച്ചുവന്നു കപേ
നൃപസദസി കഥയമമസത്യം മഹാമതേ
നിന്നെയയച്ചു വിടുന്നുണ്ടു നിര്‍ണ്ണയം
‘അതിനുമറുപടിയായി ഹനുമാന്‍ പറഞ്ഞു. മുത്തശ്ശന്‍ കഥയിലേയ്ക്കു കാല്‍വെച്ചു. ലങ്കേശനായ രാവണനെ കാണാന്‍ വന്നതാണു ഞാന്‍. അതിനൊരു നിമിത്തം കുറി്ക്കാന്‍ ഞാന്‍ പൂങ്കാവനം തകര്‍ത്തു. ആ സമയം എന്നോടുയുദ്ധം ചെയ്യാന്‍ രാക്ഷസന്മാര്‍വന്നു. എന്റെ രക്ഷയ്ക്കു വേണ്ടി ഞാനവരെ ചെറുത്തു. ഞാന്‍ പറയുന്നതു സത്യമാണ്. അസ്ത്രപാശങ്ങളാല്‍ എന്നെ ബന്ധിക്കാന്‍ ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ സാധ്യമല്ല. ദേവദേവനായ ബ്രഹ്മാവ് അവ്വിധമൊരു വരം എനിക്കുതന്നിട്ടുണ്ട്.
ലങ്കാധിപനായ രാവണനെകാണാന്‍വേണ്ടി- ഈയൊരു മുഹൂര്‍ത്തത്തിനു വേണ്ടി അസ്ത്രബന്ധിതനായി ഞാന്‍ നടിക്കുക മാത്രമായിരുന്നു. ഞാന്‍ പറയുന്നത് വിശ്വസിക്കൂ. ഞാന്‍ അസ്ത്രബന്ധിതനല്ലാ. അതിനാല്‍ എന്നെ ബന്ധനത്തില്‍ നിന്നു വിമുക്തനാക്കുക എന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. ശരബാധയേല്ക്കാത്ത എന്നെ അസ്ത്രബന്ധനെന്നു കരുതി, രാക്ഷസര്‍ ഇവിടെയ്ക്കു കൊണ്ടുവന്നിരിക്കുകയാണ്. അത്രയ്ക്കും വിഡ്ഡികളാണ്, ലങ്കേശാ, അങ്ങയുടെ സൈനികര്‍, ഇതു ഞാന്‍ പറയുന്നത് ആരേയും അവഹേളിക്കാനല്ല. ഒരു സത്യം പറഞ്ഞതാണ്. തികച്ചും അക്ഷോഭ്യനായി വായുപുത്രന്‍ തുടര്‍ന്നു. ഒരു സത്യം കൂടി പറഞ്ഞേക്കാം സൂര്യവംശത്തില്‍പ്പിറന്ന ദാശരഥിരാമന്റെ ഒരു കാര്യം നിര്‍വഹിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. അതേ, ലങ്കേശാ. തേജസ്വിയായ ശ്രീരാമന്റെ ദൂതനാണുഞാന്‍, എന്റെ വാക്കുകള്‍ കേട്ടാലും!
ദൂതോളഹമിതി വിജ്ഞായ
രാഘവസ്യാമിതൗജസഃ
ശ്രുതയാ മേവ വചനം
മമ പഥ്യമിദം പ്രഭോ!
‘ രാവണന് ക്രോധം സഹിക്കാനായില്ല, അല്ലേ മുത്തശ്ശാ? ശരത്ത് ചോദിച്ചു.
‘പിന്നില്ലേ?’ മുത്തശ്ശന്‍ മെല്ലേചിരിച്ചു. പക്ഷേ, ഹനുമാന്‍ അതു സാരമാക്കിയില്ല. വിനയത്തോടെ പറഞ്ഞു. അങ്ങ് പ്രഭുവാണ്. ഞാന്‍ പറയുന്നതുകേള്‍ക്കാന്‍ മനസ്സുണ്ടാവണം, അതിനുള്ള ഔചിത്യം അങ്ങയ്ക്കുണ്ട് എന്നാണ് എന്റെ പ്രതീക്ഷ.


ജന്മഭൂമി: http://www.janmabhumidaily.com/news684549#ixzz4p85JoHE3

No comments:

Post a Comment