Monday, August 07, 2017

കിഷ്‌കിണ്ഡാ കാണ്ഡത്തിന്റെയാരംഭം പമ്പാവര്‍ണനയിലാണ്. പമ്പയുടേയും തീരങ്ങളുടേയും സൗന്ദര്യത്തെ ശ്രീരാമന്‍ ശരിക്കാസ്വദിക്കുന്നു. ഈ പ്രകൃതി സൗന്ദര്യം കണ്ടപ്പോള്‍ ശ്രീരാമന്റെ പ്രകൃതിയായ സീതയെക്കുറിച്ചോര്‍ത്ത് വിലപിക്കുകയും ചെയ്യുന്നു.
ഹനുമത് സമാഗമവും സുഗ്രീവ സഖ്യവും ബാലി വധവും സീതാന്വേഷണത്തിനുള്ള ദൂതന്മാരുടെ നിയോഗവുമാണ് കിഴക്കോട്ട് വിനതന്റെയും വടക്കോട്ട് ശതബലിയുടേയും പടിഞ്ഞാട്ട് സുഷേണന്റേയും തെക്കോട്ട് ഹനുമദാദികളുടേയും നേതൃത്വത്തിലുള്ള സേനയെ നിയോഗിക്കുന്നു. തെക്കേദിക്കിലേക്കു പോയവരൊഴിച്ചെല്ലാവരും ഒരു മാസം തികയുന്ന ദിവസം തിരിച്ചെത്തി അന്വേഷണ വിവരങ്ങള്‍ അറിയിച്ചു.
സുഗ്രീവന് ഹനുമാനിലുള്ള പൂര്‍ണ വിശ്വാസം കണ്ട് വിലയിരുത്തിയ ശ്രീരാമന്‍ രാമാംഗുലീയവും ഏല്‍പിച്ചാണ് ഹനുമാനെ യാത്രയാക്കിയത്. അത് സീതാദേവിയെ ഏല്‍പിച്ചു വിശ്വാസം നേടാനുള്ളതാണ്. ഈ സംഘം സ്വയം പ്രഭാദേവിയുടെ ആതിഥ്യം സ്വീകരിച്ച് തളര്‍ച്ച മാറ്റി. ദേവിയുടെ അനുഗ്രഹതത്തോടെ തന്നെ ഇവരെ ദക്ഷിണ സമുദ്രത്തിനടുത്ത് എത്തിക്കാനുമായി. അവിടെ വച്ച് ജഡായു സഹോദരനായ സമ്പാതിയേയും കണ്ടുമുട്ടി.
സമ്പാതിയില്‍ നിന്നും സീതാവൃത്താന്തവും രാവണന്റെ വാസസ്ഥാനവുമെല്ലാമറിഞ്ഞ ഹനുമദാദികള്‍ സമുദ്രലംഘനത്തിനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു തുടങ്ങി. സീതാവൃത്താന്തം പറഞ്ഞതോടെ സമ്പാതിക്ക് വീണ്ടും ചിറകുകള്‍ വന്നു. സല്‍പ്രവൃത്തികളും സല്‍സംഗവും കൊണ്ട് ക്രിയാത്മക ശക്തി വളര്‍ന്നു വരും എന്നതിന് തെളിവാണിത്. ഒരു ഘട്ടത്തില്‍ നിരാശ വളര്‍ന്നു, ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിരുന്ന സമ്പാതിയില്‍ ആദ്യം പ്രതീക്ഷ വളര്‍ത്തിയത് നിശാകര ഋഷിയാണ്. സമ്പാതിക്ക് ഇനിയും ജീവിതത്തില്‍ പലതും ചെയ്യാനുണ്ട് എന്നും അതുകഴിയുന്നതുവരെ സമ്പാതി ഈ പ്രദേശത്തു തന്നെ ഉണ്ടാകണമെന്നും നിശാകര ഋഷി വ്യക്തമാക്കി.


ജന്മഭൂമി: http://www.janmabhumidaily.com/news684942#ixzz4p86CHn3S

No comments:

Post a Comment