Sunday, August 06, 2017

ദക്ഷിണദിക്കില്‍ പുതിയ നക്ഷത്രസമൂഹം വന്നതിനാല്‍ തപസ്സിന്റെ സ്ഥാനവും മറ്റും അവിടെനിന്നും മാറ്റി പശ്ചിമദിക്കിലുള്ള വിശേഷസ്ഥാനമായ പുഷ്‌കര തീര്‍ത്ഥത്തിന്റെ കരയിലേക്കു മാറ്റാമെന്ന് വിശ്വാമിത്രന്‍ അവിടെയുണ്ടായിരുന്ന മറ്റു ഋഷികളോടായി പറഞ്ഞു. ഇതിനുശേഷവും വിശ്വാമിത്രന്റെ വ്രതാനുഷ്ഠാനങ്ങളും തപസ്സും കൂടുതല്‍ തീവ്രമായിത്തുടര്‍ന്നു. ഈ സമയം അയോദ്ധ്യയിലെ രാജാവായ അംബരീഷന്‍ ഒരു അശ്വമേധയാഗം നടത്തുവാന്‍ നിശ്ചയിച്ചു. യാഗം നടന്നുകൊണ്ടിരിക്കെ ഇന്ദ്രന്‍ യജ്ഞാശ്വത്തെ കട്ടുകൊണ്ടുപോയി എന്നു പറയപ്പെടുന്നു. ഒന്നുകില്‍ അതേ അശ്വത്തെ ലഭിക്കണം അല്ലെങ്കില്‍ ഒരു മനുഷ്യനെ യജ്ഞമൃഗമായി ലഭിക്കണം എന്ന് മുഖ്യപുരോഹിതന്‍ കല്‍പിച്ചു.
ഇതിനായി ആയിരംപശുക്കളുമായി രാജാവ് ജനപദങ്ങളും നഗരങ്ങളും വനപ്രദേശങ്ങളുമെല്ലാം താണ്ടിനടക്കുമ്പോള്‍ ഭൃഗുതുംഗപര്‍വതത്തില്‍ ഋചീക ഋഷി തന്റെ പത്‌നിയോടും പുത്രന്മാരോടുമൊപ്പം ഉപസ്ഥിതനായിരിക്കുന്നത് കാണുകയുണ്ടായി. രാജാവ് അദ്ദേഹത്തെ സമീപിച്ച് തന്റെ ദഃഖസ്ഥിതി അറിയിക്കുകയും ഒരുപുത്രനെ ആയിരം പശുക്കള്‍ക്കു പകരമായി നല്‍കാമോയെന്നു ചോദിക്കുകയും ചെയ്തു. തന്റെ മൂത്തപുത്രനെ നല്‍കയില്ലയെന്ന് ഋഷിയും ഇളയവനെ നല്‍കാനില്ലയെന്ന് ഋഷിപത്‌നിയും പറഞ്ഞപ്പോള്‍ ശുനശ്ശേഫനെന്ന രണ്ടാമത്തെ പുത്രന്‍ താനാര്‍ക്കും പ്രിങ്കരനല്ല എന്നുമനസ്സിലാക്കുകയും സ്വയം യജ്ഞമൃഗമാകാന്‍ സമ്മതിക്കുകയും ചെയ്തു. രാജാവ് അതിപ്രസന്നനായി ലക്ഷക്കണക്കിന് സ്വര്‍ണ്ണനാണയങ്ങളും വെള്ളിനാണയങ്ങളും കുന്നുപോലെ രത്‌നക്കല്ലുകളും ലക്ഷം പശുക്കളേയും മറ്റും ഋഷിക്കു നല്‍കിയിട്ട് ശുനശ്ശേഫനേയും കൂട്ടി തന്റെ രാജധാനിയിലേക്കു മടങ്ങി.
പുഷ്‌കരത്തിലെത്തിയ സംഘം വിശ്രമിക്കുമ്പോള്‍ ക്ഷീണംകൊണ്ടും ദുഃഖം കൊണ്ടും തളര്‍ന്ന ശുനശ്ശേഫന്‍ അവിടെയുണ്ടായിരുന്ന വിശ്വാമിത്രന്റെയടുത്തുചെന്ന് അദ്ദഹത്തിന്റെ മടിയില്‍ക്കയറിക്കിടന്നു. അദ്ദേഹത്തിന്റെ സഹോദരീപുത്രനാണ് ശുനശ്ശേഫന്‍. എന്നിട്ടു പറഞ്ഞു -‘എനിക്കമ്മയും അച്ഛനുമില്ല. പിന്നെങ്ങനെയാണ് ബന്ധുജനങ്ങളുണ്ടാവുക. അങ്ങ് എല്ലാവരുടേയും രക്ഷകനാണ്. അംബരീഷന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് എന്നെ മരണത്തില്‍നിന്നും രക്ഷിക്കൂ. ഞാന്‍ അനാഥനാണെന്നു മനസ്സിലാക്കി എന്നെ രക്ഷിക്കൂ’.
വിശ്വാമിത്രന്‍ തന്റെ പുത്രന്മാരോടായി ശുനശ്ശേഫനെ രക്ഷിക്കുവാനായി സ്വയം ത്യാഗം ചെയ്യുവാന്‍ ഉപദേശിച്ചുവെങ്കിലും ഒരാളും അതനുസരിച്ചില്ല. തത്ഫലമായി വിശ്വാമിത്രന്‍ തന്റെ പുത്രന്മാരെ ശപിക്കുകയുണ്ടായി-‘ചണ്ഡാളന്മാരും മുഷ്ടികന്മാരുമായിത്തീരട്ടെയെന്ന്.
വിശ്വാമിത്രന്‍ ശുനശ്ശേഫനെ ഏതാനും മന്ത്രങ്ങള്‍ പഠിപ്പിക്കുകയും യാഗശാലയില്‍ ബലിക്കായി തയ്യാറാക്കിനിര്‍ത്തുമ്പോള്‍ അവയുരുവിടാനും ഉപദേശിച്ചു. ഇന്ദ്രനേയും വാമനനേയും കീര്‍ത്തിക്കുന്ന ആ മന്ത്രങ്ങളുടെ ബലത്താല്‍ സന്തുഷ്ടനായ ഇന്ദ്രന്‍ ശുനശ്ശേഫന് ദീര്‍ഘായുസ്സുനല്‍കി. രാജാവായ അംബരീഷന്റെയും ആഗ്രഹങ്ങള്‍ സഫലീകൃതമായി.


ജന്മഭൂമി: http://www.janmabhumidaily.com/news684007#ixzz4p2CLpv7M

No comments:

Post a Comment