Friday, August 11, 2017

വി.ശ. - ശങ്കര! മനോഹരമായിരിക്കുന്നു ഈ സ്തുതി. എന്താശ് ചര്യമാണിത്! പൂർണ്ണ എത്ര വിചിത്രമായ മാർഗത്തിൽ വഴിതിരിഞ്ഞിരിക്കുന്നു!
ശം. - വിഷ്ണോ! ഈ നദി എങ്ങനെ പ്രതീചി ദിക്കിലേക്ക് തിരിയുന്നുവോ അതുപോലെ നമ്മുടെ ചിത്തവും പ്രത്യഗാത്മാവിനെ അറിയാനായി അന്തർമുഖമാവണം.ബാഹ്യ പ്രപഞ്ചവും ഈ ശരീരവുമെല്ലാം സ്വപ്നകല്പം മാത്രമാണ്. സത്യം ആത്മാവു മാത്രമാണ് എന്നെല്ലാം ഉപനിഷത് ഘോഷിക്കുന്നത് അച്ഛനും ആചാര്യനും വിദ്വാന്മാരും ചർച്ച ചെയ്യുന്നതിൽ നിന്ന് ഞാൻ ഗ്രഹിച്ചിരുന്നു. പക്ഷേ മൂന്നു വിധത്തിലുള്ള അറിവുണ്ട്. ഒന്നാമത് ശാസ്ത്രത്തിൽ നിന്നും രണ്ടാമത് ഗുരുവിൽ നിന്നും മൂന്നാമത് അപരോക്ഷാനുഭവത്തിൽ നിന്നും. ശ്രുതിയുക്തി അനുഭവങ്ങളിലൂടെ സത്യം അറിയാൻ എന്റെ മനസ്സ് വെമ്പൽ കൊള്ളുകയാണ്.
വി.ശ.- ഹാ! ഹാ! ശങ്കര! നിന്നിൽ എന്തൊരു വൈരാഗ്യം
ശം. - വിഷ്ണോ! 'ഉത്പന്നേ പി വി രാഗേ പ്രബോധം വിനാ സുഖം ന സ്യാത്'( പ്രബോധ സുധാകരം) - 'വൈരാഗ്യമുളവായാലും സമാധി പ്രജ്ഞയിലൂടെ സ്വരൂപ സാക്ഷാത്കാരമുണ്ടാകാതെ പൂർണ്ണ തൃപ്തി സാധ്യമല്ല'. വൈരാഗ്യവും മനസ്സിന്റെ വികാരമാണല്ലോ. അതും പൊയ്പ്പോകും. അതുള്ളപ്പോൾ തന്നെ ജ്ഞാനവിചാരം ചെയ്ത് ആത്മാവിനെ അറിയുന്നവനാണ് ധീരൻ.
വി.ശ.- എന്നാൽ അങ്ങനെ ചെയ്തു കൂടേ, എന്തിനാണ് കാലവിളംബം ?
ശം. - 'സർവ ശാസ്ത്ര വിദ പി പ്രജ്ഞാ വാ ന പി സ്വാതന്ത്ര്യേണബ്രഹ്മാന്വേഷണം നകുര്യാത്' - 'എല്ലാ ശാസ്ത്രങ്ങളും പഠിച്ചവനാണെങ്കിലും തീക്ഷ്ണ ബുദ്ധിയുള്ളവനാണെങ്കിലും ബ്രഹ്മനിഷ്ഠനായ ആചാര്യന്റെ ഉപദേശം കൂടാതെ, ശ്രുതി മാർഗ്ഗത്തിനെ അനുസരിക്കാതെ, സ്വബുദ്ധികല്പിതമായ വഴിയിൽ ബ്രഹ്മാന്വേഷണം ചെയ്യരുത് ' എന്നാണ് ശാസ്ത്ര ശാസനം. അതിനായി സർവ സംഗ പരിത്യാഗത്തിനെയാണ് ഞാൻ ആഗ്രഹിക്കുന്നത്.
വി.ശ.- സന്ന്യാസം എടുത്തതു കൊണ്ടു മാത്രം മുക്തി ഉണ്ടാകുമോ? പക്വമാകാതെ പറിച്ചെടുത്താൽ പഴം മധുരിക്കുമോ?
ഈ സംവാദത്തിനിടയിൽ അടുത്ത മാവിൽ നിന്നും ഒരു പഴുത്ത ആമ്ര ഫലം ( മാമ്പഴം) ചുവട്ടിൽ വീണു.
ശം: - പഴുത്താൽ താനേ വീഴും.
' യഥാവിഷ്ണോഫലം പക്വം സ്വയമേവ പതിഷ്യതി
തഥാ സംസാര ബന്ധോയം വിരക്തസ്യ വിമുച്യതേ ' (ആത്മതീർത്ഥം)
'ഹേ വിഷ്ണോ, എങ്ങനെ പ ക്വമായ പഴം സ്വയമേവ മരത്തിൽ നിന്നും വീഴുമോ അതുപോലെ തന്നെ ഈ സംസാരബന്ധവും വിരക്തനായ വന് വിട്ടു പോകുന്നു.' വിഷ്ണോ! സന്ന്യാസം ഭീരുക്കൾക്കുള്ളതല്ല. 'ധന്യസ്തു
സന്ന്യസ്യ തി ' എന്നാണ് ഭർതൃഹരി വചനം. ഈശ്വരാനുഗ്രഹം കൊണ്ടാണ് സംസാര വൈരാഗ്യം ഉണ്ടാകുന്നത്. സദ്ഗുരു ലാഭമോ അനന്ത പുണ്യത്തിന്റെ ഫലമാണ്. സൂര്യോദയത്തിന് മുൻപ് അരുണോദയം പോലെ ജ്ഞാനത്തിന് മുൻപുള്ള സൂചനയാണ് വൈരാഗ്യം.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )

No comments:

Post a Comment