Friday, August 11, 2017

പലരും സമൂഹനന്മയ്ക്കായി ത്യാഗങ്ങള്‍ സഹിക്കുന്നതു കാണുമ്പോള്‍ എനിക്കൊന്നും കഴിയുന്നില്ലല്ലോ എന്ന് തോന്നാറില്ലെന്നില്ല. ഇപ്പോള്‍ തന്നെ മേധാ പട്കര്‍ നദിക്കുവേണ്ടി, നദിയുടെ സമീപത്തെ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന ആദിവാസികള്‍ക്ക് വേണ്ടി ത്യാഗപ്പെട്ട് നിരാഹാരം കിടക്കുന്ന പോലെ എനിക്കു കഴിയുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്.
ഈ പംക്തിയില്‍ എഴുതുന്ന ലേഖനം വായിച്ച് മൂന്നുപേര്‍ എന്നെ ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. മൂന്നുപേര്‍ക്കും മൂന്ന് വീക്ഷണകോണുകളായിരുന്നു. ഒന്ന് ജോലിയില്‍ നിന്ന് വിരമിച്ച ഒരു മുതിര്‍ന്ന സ്ത്രീ. എന്റെ ലേഖനത്തില്‍ പറഞ്ഞത് കുടുംബത്തിലെ ഒരനുഭവത്തിന്റെ വെളിച്ചത്തില്‍ നേരാണെന്ന് തോന്നി എന്നോട് സംസാരിക്കാന്‍ താല്‍പര്യപ്പെട്ടതായിരുന്നു അവര്‍. രണ്ടാമത് വന്നത് പേരു വെളിപ്പെടുത്താതെ ഒരു ഫോണ്‍ സന്ദേശമായിരുന്നു. കുഴഞ്ഞുമറിഞ്ഞ ഒരു ഇംഗ്ലീഷിലായിരുന്നു അത്.
എനിക്കു മനസ്സിലായത് രണ്ടു കാര്യങ്ങളാണ്. ഞാന്‍ എഴുതുന്നത് മുഴുവന്‍ അബദ്ധമാണെന്ന് അയാള്‍ ദൃഢമായി വിശ്വസിക്കുന്നു. ആകയാല്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തേക്ക് ഞാന്‍ എഴുതാതിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. തിരിച്ച് ഞാന്‍ മെസേജ് അയച്ചു, എങ്കില്‍ ശരിയായ വഴി പറഞ്ഞുതരൂ എന്ന്. മറുപടി വന്നു. മദര്‍ തെരേസയുടെയും മഹാത്മാ ഗാന്ധിയുടെയും പോലെയുള്ള കര്‍മ്മമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനു പകരം, ഉണ്ണാനും ഉറങ്ങാനുമൊക്കെ സൗകര്യം കിട്ടുന്നതുകൊണ്ട് ചുമ്മാ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുകയാണു ഞാനെന്ന്. സമൂഹത്തിനു വേണ്ടി പ്രായോഗികമായ സഹായങ്ങള്‍ ചെയ്യുന്നതു മാത്രമാണു ശരി എന്നു വിചാരിക്കുന്ന ഒരു യുക്തിയാണത്. മദര്‍ തെരേസയും മഹാത്മാ ഗാന്ധിയും അവരവരുടെ രീതിയില്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ തന്നെ. പക്ഷേ അവര്‍ വന്ന വഴികളും സാഹചര്യങ്ങളും അല്ലല്ലോ എല്ലാവരുടേതും. അവരുടെ കഴിവുകളും എല്ലാവര്‍ക്കുമില്ല.
പലരും സമൂഹനന്മയ്ക്കായി ത്യാഗങ്ങള്‍ സഹിക്കുന്നതു കാണുമ്പോള്‍ എനിക്കൊന്നും കഴിയുന്നില്ലല്ലോ എന്ന് തോന്നാറില്ലെന്നില്ല. ഇപ്പോള്‍ തന്നെ മേധാ പട്കര്‍ നദിക്കുവേണ്ടി, നദിയുടെ സമീപത്തെ കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന ആദിവാസികള്‍ക്ക് വേണ്ടി ത്യാഗപ്പെട്ട് നിരാഹാരം കിടക്കുന്ന പോലെ എനിക്കു കഴിയുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കുന്നുണ്ട്. സുനിതാ കൃഷ്ണന്‍ സ്ത്രീകള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നെ അവരുടെ ഒരു ആരാധികയാക്കിയിട്ടുണ്ട്. ഇങ്ങനെ അസാമാന്യമായ കരുത്തോടെ പ്രവര്‍ത്തിക്കുന്ന സ്ത്രീപുരുഷന്മാരെയും ചില കുട്ടികളേയും ഉള്ളാലെ നമിച്ചിട്ടുമുണ്ട്. വലിയ ആത്മബലം ഉണ്ടെങ്കിലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ.
മൂന്നാമത് കിട്ടിയ അഭിപ്രായം എന്നെ മുന്‍പ് വിളിച്ചിട്ടുള്ള ഒരു മുതിര്‍ന്ന വ്യക്തിയില്‍ നിന്നാണ്. ഭാരതീയസംസ്‌കാരത്തെ പറ്റി നല്ല ജ്ഞാനമുള്ള ആള്‍. തികഞ്ഞ സൗഹൃദത്തോടെ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചു. ഞാന്‍ ബൈബിളിനെയും ക്രിസ്തുവിനെയും അനര്‍ഹമായി ആശ്രയിക്കുന്നു എന്ന ഒരു വിഷമമാണു പ്രകടിപ്പിച്ചത്. നമ്മുടെ ആധ്യാത്മികതയേക്കാള്‍ മികച്ചതായി കരുതുന്നതു കൊണ്ടാണോ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്നായിരുന്നു സംശയം.
അദ്ദേഹത്തിനു തോന്നിയപോലെ വായനക്കാരില്‍ ഒരുപാടുപേര്‍ക്ക് തോന്നിക്കാണണം. അതുകൊണ്ട് ഒരു വിശദീകരണം കുറിക്കണമെന്ന് തോന്നി. ശരിയാണ്. എന്റെ ചിന്തകളിലേക്ക് ആ അനുഭവധാരയില്‍ നിന്ന് ചില ആശയങ്ങള്‍ കടന്നു വരാറുണ്ട്. അതിന്റെ കാരണങ്ങളില്‍ ഒന്ന് എന്റെ അഞ്ചുകൊല്ലത്തെ ആംഗലേയ സാഹിത്യപഠനമാണ്. ഇംഗ്ലിഷിലും ഇതര യൂറോപ്യന്‍ ഭാഷകളിലും വലിയ സ്വാധീനമാണു ക്രിസ്തീയമൂല്യങ്ങളും ബൈബിളും ചെലുത്തിയിരിക്കുന്നത്.
എന്നുവെച്ച് ഭാരതത്തിന്റെ ആത്മീയതയെ കുറച്ചുകാണുന്നു എന്ന് ധരിക്കരുത്. ഒരിക്കലും അങ്ങനെയല്ല. മാത്രമല്ല, തനി ഭാരതീയനും അതേസമയം തനി മലയാളിയുമായിരുന്ന ( പ്ലാവിലക്കുമ്പിള്‍ കൊണ്ട് കോരി കഞ്ഞി കുടിച്ചിരുന്ന മലയാളിപ്പഴമയും ലാളിത്യവും പുലര്‍ത്തിയിരുന്ന ) ഒരു ഗുരുവിന്റെ ( ശ്രീ കരുണാകര ഗുരു ) സമ്പര്‍ക്കം കിട്ടിയ എന്റെ മനസ്സ് നമ്മുടെ മൂല്യങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നു.
ഭാരതമാണു ലോകത്തുതന്നെ ആത്മീയതയുടെ ഈറ്റില്ലമെന്നു ഗുരു പറഞ്ഞിട്ടുണ്ട്. നമ്മുടെ ദീര്‍ഘമായ കാലഗണന മറ്റെങ്ങുമില്ല. ഒരു സൃഷ്ടികാലം നമ്മെ സംബന്ധിച്ചിടത്തോളം യുഗാന്തരങ്ങളുടെ അതിഗംഭീരമായ ഒരു വിസ്തൃതിയാണ്. (കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്തയില്‍ 1,45,000 വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെട്ട ഒരു ലോഹവസ്തു കടലിനടിയില്‍ കണ്ടെത്തിയതായി കാണുന്നു. അത് പ്രകൃതിദത്തമല്ല, നിര്‍മ്മിക്കപ്പെട്ടതാണ്. അന്നത്തെ മനുഷ്യന്‍ നിര്‍മ്മിച്ചതാവാം. നമുക്ക് ചെറിയ കാലത്തിന്റെ ചരിത്രമേ കയ്യിലുള്ളൂ. ഇപ്പറഞ്ഞതു പോലെയുള്ള കണ്ടെത്തലുകള്‍ നമ്മുടെ കാലഗണന ശരിയാണെന്ന തോന്നല്‍ ഏറെക്കുറെ സ്ഥിരീകരിക്കുന്നുണ്ട്. മറ്റൊന്ന് : നമ്മുടെ സനാതനധര്‍മ്മത്തിന്റെ പ്രകൃതി സൗഹൃദരീതികളും സമ്പൂര്‍ണതയും അനന്യമാണ്.
പിന്നെ ആര്‍ഷപൈതൃകമായി നമുക്ക് കിട്ടിയിട്ടുള്ള ജീവപരിണാമശാസ്ത്രം. (‘പുനരപി മരണം പുനരപി ജനനം / പുനരപി ജനനീ ജഠരേ ശയനം / ഇഹ സംസാരേ ബഹുദുസ്താരേ . . . എന്ന് ശങ്കരാചാര്യന്‍ ). പുഴു പൂമ്പാറ്റയാവുന്ന പോലെ ജനിമൃതിചക്രങ്ങളിലൂടെ പരിണമിച്ച് മുക്തിയുടെ നൈര്‍മ്മല്യത്തിലേയ്ക്ക്, പൂര്‍ത്തീകരണത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വ്യവസ്ഥ പ്രകൃതിയില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നുതന്നെയാണു എന്റെ ഗുരുവിന്റെ വഴിയില്‍ വന്നതിനു ശേഷം എനിക്കു ബോധ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിന്റെ ആത്മീയത വരും കാലങ്ങളില്‍ ലോകത്തിനു വഴികാട്ടുമെന്നു ഗുരു പറഞ്ഞിട്ടുണ്ട്. ഗുരുവാക്ക് സത്യമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news687064#ixzz4pUcPqJIQ

No comments:

Post a Comment