Thursday, August 10, 2017

കല്‍പന കിട്ടേണ്ട താമസം- ക്രോധാവിഷ്ടരായ രാക്ഷസന്മാര്‍ എവിടെനിന്നോ ശേഖരിച്ച കുറെ പഴയ തുണി കൊണ്ടുവന്ന് ഹനുമാന്റെ വാലില്‍ ചുറ്റാന്‍ തുടങ്ങി. അന്നേരമാണ് കാണുന്നത്- വാലിനു നീളവും വണ്ണവും കൂടിക്കൂടി വരുന്നു! വായുപുത്രന്റെ ശരീരം വിജ്രംഭിക്കയാണ്. കൃത്തിവാസരാമായണത്തില്‍ പറയുന്നത്, ഹനുമാന്റെ വാല്‍ അമ്പതു യോജനയോളം നീളംവെച്ചുവെന്ന്. മൂന്നുലക്ഷം വാനരന്മാരാണത്രേ അതു അമര്‍ത്തിപ്പിടിച്ചത്. മുപ്പത് മന്ന് വസ്ത്രം വേണ്ടിവന്നുവത്രേ വാല്‍ ചുറ്റാന്‍. പിന്നേയും വാല്‍ നീളം വച്ചുകൊണ്ടിരുന്നു. തുണി തികയാതെ വന്നപ്പോള്‍, ഇതുമതി എന്നു തീര്‍ച്ചയാക്കി തുണിച്ചുറ്റില്‍ എണ്ണയൊഴിച്ച് വാല്‍പ്പന്തത്തിന് തീകൊളുത്തി.
‘ഒരു കഥ കേട്ടിട്ടുണ്ട്’- മുത്തശ്ശി പറഞ്ഞു: തീ കൊളുത്തിയ നേരം ഹനുമാന്‍ ശരീരമൊന്നു വീര്‍പ്പിച്ചുവത്രേ. അപ്പോഴെന്താ? കെട്ടിയിരുന്ന കയറെല്ലാം പൊട്ടി. വായുപുത്രന്‍ നിവര്‍ന്നുനിന്നു. വാലിന്ററ്റത്തു തീയുണ്ട്. അന്നേരം മാരുതി തന്റെ വാലറ്റം രണ്ടുകൈകൊണ്ട് കൂട്ടിപ്പിടിച്ച് രാവണന്റെ മീശയ്ക്കു തീകൊളുത്തിയത്രേ. പത്തു മുഖങ്ങളിലും തീ പടര്‍ന്നപ്പോള്‍ അതൊരു ദീപക്കാഴ്ചയായി. അത് അണയ്ക്കാന്‍ ലങ്കേശന്‍ തന്റെ ഇരുപതു കൈകള്‍കൊണ്ട് മുഖത്തടിക്കാന്‍ തുടങ്ങി. സഭാവാസികള്‍ ചിരിയടക്കി…
‘കഥ നന്നായിട്ടുണ്ട്, കേട്ടോ മുത്തശ്ശി-‘ വരുണും ശരത്തും മുത്തശ്ശിയെ അഭിനന്ദിച്ചു. ശ്രീലക്ഷ്മിയും ശ്രീഹരിയും ചിരിയടക്കാന്‍ പാടുപെട്ടു.
‘വാല്മീകി രാമായണത്തില്‍ ഹനുമാനെ സഭയില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത് കെട്ടിവരിഞ്ഞ നിലയിലാണ്- മുത്തശ്ശി കഥ തുടര്‍ന്നു: ‘അശോകവനിക തകര്‍ത്ത വാനരനല്ലേ? രാക്ഷസജനം- സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം- വഴിയോരങ്ങളില്‍ ആ ഭീകരവാനരനെ കാണാന്‍ തിങ്ങിക്കൂടി. ഇത്ര വലിയൊരു കുരങ്ങിനെ അവരാദ്യമായി കാണുകയാണ്. അവരും അത്ഭുതത്തോടെ നോക്കിനിന്നു. ഹനുമാനും രസം തോന്നി.
‘ഹനുമാനെന്താ രസം’ മുത്തശ്ശി തിരക്കി.
‘ആരാലും സംശയിക്കപ്പെടാതെ, ലങ്കയിലെ എല്ലാ കരുതേലര്‍പ്പാടും നോക്കിക്കണ്ടുകൂടേ? ആ അവസരം വായുപുത്രന്‍ മുതലെടുത്തു. ലങ്കാപുരി അരിച്ചുപെറുക്കി നോക്കിക്കണ്ടു: തെരുവുകള്‍, ഗൂഢസ്ഥലങ്ങള്‍, ഒളിവാതിലുകള്‍…എല്ലാം നല്ല പകല്‍വെളിച്ചത്തില്‍.
ഹനുമാന്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്ന കാര്യം രാക്ഷസികള്‍ പറഞ്ഞ് സീത അറിഞ്ഞു. വാലില്‍ തീകൊളുത്തിയാണ്. നഗരം കാണിക്കുന്നതെന്നു കേട്ടപ്പോള്‍ ദേവി അഗ്‌നിദേവനോട് പ്രാര്‍ത്ഥിച്ചു: ദേവാ, വായുപുത്രനോട് കരുണ കാട്ടണേ…. ദേവിയുടെ പ്രാര്‍ത്ഥന ഫലിച്ചു: തീ കത്തിക്കാളുന്നുണ്ടെങ്കിലും എരിതീയിന്റെ വേവും ചൂടും ഹനുമാന് അനുഭവപ്പെട്ടില്ല. ഹനുമാന് ആശ്ചര്യം തോന്നി: വലിയ തീനാളം കാണുന്നു; പക്ഷേ, തനിക്ക് കാരുണ്യവും സ്വാമിയുടെ തേജസ്സും എന്റെ പിതാവിന്റെ സ്‌നേഹവും മൂലമാവാം പാവകന്‍ എന്നെ പൊള്ളിക്കാഞ്ഞത്.
സീതായാശ്ചാന്യശംസേന
തേജസാ രാഘവസ്യച
പിതൃശ്ച മമ സഖ്യേന
ന മാം ദഹതി പാവകഃ
ലങ്കയെ സാമാന്യമായി നോക്കിക്കണ്ടിരിക്കുന്നു. ഇനിയെന്തുവേണം? ഈ നഗരപ്രൗഢിയെ ഒന്നിടിച്ചു താഴ്ത്തിയാലോ? അഗ്‌നിഭഗവാന്‍ എന്നോടു കനിഞ്ഞതല്ലേ? അവിടുത്തേക്ക് വിളയാടാന്‍ ഒരവസരം നല്‍കാം. ലങ്കാപുരി അഗ്‌നിക്കിരയാക്കാം.
പിന്നെ മടിച്ചില്ല. കെട്ടിവരിഞ്ഞിരുന്ന കയറെല്ലാം ഹനുമാന്‍ പൊട്ടിച്ചു. വിജ്രംഭിച്ച ശരീരവുമായി ഹനുമാന്‍ നിന്നു; ഒട്ടകലെ വലിയൊരു ഗോപുരം കണ്ണില്‍പ്പെട്ടു. അതിന്റെ മുകളിലേക്ക് ഒറ്റച്ചാട്ടം. ചാട്ടത്തിന്റെ ശക്തിയില്‍ ഗോപുരം തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങളില്‍ നിന്ന് ഒരു ഇരുമ്പുതൂണ് വലിച്ചെടുത്തു; തന്നെ കെട്ടിവലിച്ചുകൊണ്ടു വന്ന രാക്ഷസവ്യൂഹത്തെ ഒന്നടങ്കം അടിച്ചുകൊന്നു. വാലില്‍ തീയും കൊണ്ട് മണിമന്ദിരങ്ങളുടെ മേേലക്കൂടി സഞ്ചരിച്ച് ഓരോന്നിനും തീകൊളുത്തി. നിമിഷവേഗം ലങ്കാപുരി നിന്ന് ആളിക്കത്താന്‍ തുടങ്ങി.


ജന്മഭൂമി: http://www.janmabhumidaily.com/news686319#ixzz4pOTtc3go

No comments:

Post a Comment