പരോപകാരപ്രദങ്ങളായ സല്‍ക്കര്‍മ്മങ്ങളില്‍ ആസക്തിയുണ്ടായാല്‍ അതുമൂലം അയാള്‍ക്ക് ആത്മാനന്ദം അനുഭവമാകും. ഇക്കാരണത്താല്‍തന്നെ അയാള്‍ക്ക് അന്തഃപ്രജ്ഞ സംജാതമാവുകയും ചെയ്യും. രമണ മഹര്‍ഷി പറഞ്ഞു....
നാം ബാഹ്യമായി കാണുന്ന വിഷയ വിഭൂതികളെല്ലാം നശ്വരമാണെന്നുണര്‍ന്നാല്‍ വിഷയവിരക്തിയുണ്ടാകും. അതിനാല്‍ സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ് മുഖ്യം. ഈ ചിന്തയാല്‍ നശ്വരങ്ങളായ ലൗകികസുഖം, ധനം, ഐശ്വര്യം, കീര്‍ത്തി തുടങ്ങിയവയെ തുച്ഛകോടിയില്‍ തള്ളും. താനാരാണെന്ന അന്വേഷണം മൂലം ബുദ്ധി തെളിയും.
അഹംവൃത്തിയുടെ ഉല്‍പത്തി സ്ഥാനം ഹൃദയമാണ്. സാധകന്റെ മനോവികാസം പോരാതെ വന്നാല്‍ ഭക്തിമാര്‍ഗ്ഗത്തെ അവലംബിക്കാം. ഈശ്വരനെയോ ഗുരുവിനെയോ ധര്‍മ്മങ്ങളെയോ, ഒരാദര്‍ശത്തെയോ ലക്ഷ്യമാക്കി ഭജിച്ചിരിക്കാം. അങ്ങനെയിരുന്നാല്‍ മറ്റു ബന്ധങ്ങളില്‍ നിന്നും അകന്ന് ഏകാഗ്രതയുണ്ടാവും. വൈരാഗ്യം വര്‍ദ്ധിക്കും. ഏതെങ്കിലും സങ്കല്‍പത്തെ മുറുകെപ്പിടിച്ചാല്‍ അത് നമ്മെ ലക്ഷ്യത്തോടടുപ്പിക്കും. ഏകാഗ്രത ആദര്‍ശത്തോടുകൂടിയോ അല്ലാതെയോ പെട്ടെന്നും അഗോചരമായും വര്‍ദ്ധിക്കും.
ആദ്യം പറഞ്ഞ സത്യാന്വേഷണ ചിന്തയോ രണ്ടാമത് പറഞ്ഞ ഭക്തിയോ സാധിക്കാതെ വന്നാല്‍ പ്രാണായാമാദി രാജയോഗമാര്‍ഗ്ഗം പരീക്ഷിക്കാം. ഇതിനെ യോഗമാര്‍ഗ്ഗമെന്ന് പറയുന്നു. ജീവന് ആപത്ത് നേരിടുമ്പോള്‍ ജീവനെ രക്ഷിക്കാനുള്ള ഒരേ ശ്രദ്ധയില്‍ ശ്വാസോച്ഛ്വാസം നിലച്ച് മനസ്സും സ്തംഭിച്ചുനില്‍ക്കുമ്പോള്‍ അതിനു ബാഹ്യവിഷയങ്ങളെ നോക്കാനൊക്കുകയില്ല. ശ്വാസം അടങ്ങി നില്‍ക്കുന്നിടത്തോളം മനസ്സും അടങ്ങി നില്‍ക്കും. മനസ്സ് കാമാക്രോധാദികളില്‍ ഭ്രമിച്ചാല്‍ ശ്വാസവും താറുമാറായിപ്പോകും. അങ്ങനെ ശ്വാസം അടങ്ങി നില്‍ക്കുമ്പോള്‍ മനസ്സും അടങ്ങി ശാന്തമാവും. നമ്മുടെ ശ്രദ്ധയെല്ലാം ശ്വാസത്തിലും അതിന്റെ നിയന്ത്രണത്തിലും കേന്ദ്രീകരിച്ചു വരുമ്പോള്‍ അത്രത്തോളം മനസ്സ് മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാതാവും, ശ്വാസം ക്രമരഹിതമായിരിക്കുമ്പോള്‍ രാഗാദിവികാരങ്ങള്‍ ഉളവാകും.
ക്രമമാകുമ്പോള്‍ മനസ്സ് ശാന്തമാവും. അതിസന്തോഷവും ഒരു തരത്തില്‍ ദുഃഖകരമാണ്. അതിസന്തോഷത്തിലും അതിദുഃഖത്തിലും ശ്വാസഗതി നിലതെറ്റിയിരിക്കും. വിഷയസുഖം സുഖമല്ല. ശാന്തിയാണ് സുഖം. അഭ്യാസത്താല്‍ മനസ്സ് ആന്തരമായി ചിന്തിക്കാനും മറ്റും പ്രാപ്തിയുള്ളതായിത്തീരും. മുന്‍പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങള്‍ക്കും ഒരു സാധകന്‍ പ്രായാധിക്യം കൊണ്ടോ മറ്റോ പ്രാപ്തനല്ലാതെ വന്നാല്‍ കര്‍മ്മിയായിരിക്കാം.
പരോപകാരപ്രദങ്ങളായ സല്‍ക്കര്‍മ്മങ്ങളില്‍ ആസക്തിയുണ്ടായാല്‍ അതുമൂലം അയാള്‍ക്ക് ആത്മാനന്ദം അനുഭവമാകും. ഇക്കാരണത്താല്‍തന്നെ അയാള്‍ക്ക് അന്തഃപ്രജ്ഞ സംജാതമാവുകയും ചെയ്യും. ഹൃദയ വികാസമുണ്ടായി അയാള്‍ മുന്‍പറഞ്ഞ മൂന്നിലൊരു മാര്‍ഗ്ഗം പിന്തുടരാന്‍ പ്രാപ്തനായിത്തീരുകയും ചെയ്യുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news693353#ixzz4qcU73reP
No comments:
Post a Comment