Thursday, August 24, 2017

ചൈത്രമാസത്തിലെ ചിത്രാപൗര്‍ണമി ഹനുമദ് ജയന്തി ദിനമാണ്.ഹനുമാന്‍ സങ്കടമോചകനും ക്ഷിപ്രപ്രസാദിയും അദ്ഭുതകരമായ അനുഭവങ്ങള്‍ നല്‍കുന്നവനുമാണ്.
ലോകത്ത് മറ്റേതൊരു പുരാണേതിഹാസങ്ങളിലും ഇത്രയും ശക്തനും ബലവാനും ലോകരക്ഷകനുമായ ഒരു ദേവനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണില്ല. ഇത്രയൊക്കെ ശക്തികള്‍ക്കുടമയാണെങ്കിലും സുഗ്രീവനേയും തന്റെ സ്വാമിയായ രാമചന്ദ്രനേയും സേവിച്ചുകൊണ്ട് സേവകഭാവത്തിലാണ് ഹനുമാന്‍ വര്‍ത്തിച്ചിട്ടുള്ളത്. ഹനുമത് കഥകള്‍ അദ്ഭുതാവഹങ്ങളാണ്. തനിക്കുവേണ്ടി ഒന്നും ചെയ്യാതെ, തന്റെ സ്വാമിക്കും ലോകത്തിനും നന്മയും രക്ഷയും നല്‍കുന്ന ത്യാഗിവര്യനാണ് ഹനുമാന്‍.
ശിവപുത്രന്‍
യഥാര്‍ത്ഥത്തില്‍ ഹനുമാന്‍ ശിവപുത്രനാണ്. ശിവരേതസ്സില്‍ നിന്നാണ് ഹനുമാന്റെ ജന്മം. ശിവപുരാണപ്രകാരം, ഒരിക്കല്‍ മഹാദേവന്‍, മഹാവിഷ്ണുവിന്റെ സഗുണാത്മകമായ മോഹിനീരൂപം കാണുകയും, കാമബാണത്താല്‍ മോഹിതനായിത്തീര്‍ന്ന് തന്റെ വീര്യം സ്രവിപ്പിക്കുകയുമുണ്ടായി. മഹര്‍ഷീശ്വരന്മാരുടെ ഉപദേശപ്രകാരം അതിശക്തമായ ഭഗവത്‌വീരത്തെ വായുഭഗവാന്‍ സ്വീകരിക്കുകയും കുറേനാള്‍ സംരക്ഷിക്കുകയുമുണ്ടായി. ഈ ബീജത്തെ സ്ഥാപിക്കുവാന്‍ പ്രാപ്തവും യോഗ്യവുമായ ഗര്‍ഭത്തെ അന്വേഷിച്ചു കഴിഞ്ഞ വായുദേവന്, മഹാദേവന്‍തന്നെ ഇടംകാട്ടിക്കൊടുത്തു.
ഒരുത്തമപുത്രനെ കാംക്ഷിച്ച് തപസ്സു ചെയ്തുവരുന്ന അഞ്ജനയെന്ന, മഹത്വമുള്ള വാനരസ്ത്രീയുടെ ഗര്‍ഭത്തില്‍ നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അഞ്ജന, കേസരിയെന്ന വാനരരാജാവിന്റെ ഭാര്യയായിരുന്നു. അങ്ങനെ ശിവസുതനായും വായുപുത്രനായും അഞ്ജനാഭര്‍ത്താവും വളര്‍ത്തച്ഛനുമെന്ന നിലയില്‍ കേസരീ സൂനുവായും അറിയപ്പെടുന്നു.
ഐതിഹ്യങ്ങള്‍
ഹനുമാന്റെ ജനനസംബന്ധമായി പല ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. ദശരഥന്‍ നടത്തിയ പുത്രകാമേഷ്ടി യാഗഫലമായി ലഭിച്ച ‘വിശിഷ്ടപായസം’ തന്റെ ഭാര്യമാര്‍ക്കു നല്‍കിയതിനിടെ കുറച്ചുഭാഗം എങ്ങനെയോ ഒരു പരുന്തിന് ലഭ്യമായതായും പരുന്തില്‍ നിന്നും, വനത്തില്‍ തപസ്സനുഷ്ഠിച്ചുവന്ന അഞ്ജനയുടെ കൈയ്യില്‍ പതിക്കുകയും അത് ഭക്ഷിച്ച് ഗര്‍ഭവതിയായെന്നും ”ആനന്ദ രാമായണ”ത്തില്‍ പ്രതിപാദ്യമുള്ളതായി അറിയുന്നു.
ശിവതേജസ്സ്, വായുവിനൊപ്പം കേസരിയില്‍ പ്രവേശിച്ചുവെന്നും അതുവഴി ഭാര്യ അഞ്ജന ഗര്‍ഭവതിയാകുകയും ശിവാത്മജനായി ഹനുമാന്‍ ജനിച്ചുവെന്നും ഭവിഷ്യപുരാണത്തില്‍ ഉള്ളതായറിയുന്നു. വാനരമുഖത്തോടെ ജനിച്ച പുത്രനെ അഞ്ജന ഉപേക്ഷിക്കുവാന്‍ തയ്യാറായപ്പോള്‍, വായുഭഗവാന്‍ തടസ്സപ്പെടുത്തിയതായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ശിവ-പാര്‍വ്വതിമാര്‍ വാനരരൂപത്തില്‍ വനത്തില്‍ ലീലകളാടി വരവേ പാര്‍വ്വതീദേവി ഗര്‍ഭിണിയാകുകയും, ഒരു വാനരരൂപിയുടെ മാതൃത്വം ഇഷ്ടപ്പെടാതെ ഗര്‍ഭത്തെ പുറന്തള്ളിക്കളഞ്ഞതെന്നും വായുഭഗവാന്‍ ഈ ദിവ്യഗര്‍ഭത്തെ സ്വീകരിച്ച്, കാത്തുസൂക്ഷിച്ച് അഞ്ജനയില്‍ നിക്ഷേപിച്ചെന്നുമാണ് നാലാമത്തെ ഐതിഹ്യം.
അഞ്ജനയുടെ പുരാവൃത്തം
അഞ്ജനമാതാവിനൊരു പുരാവൃത്തമുണ്ട്. ദേവഗുരുവായ ബൃഹസ്പതി മഹര്‍ഷിമാരുടെ ദാസിമാരില്‍ ഒരാളായ ‘പുഞ്ജികസ്ഥല’ എന്ന വിദ്യാധര സ്ത്രീയുടെ ശാപഗ്രസ്ഥമായ പുനര്‍ജന്മമാണ് എന്നാണത്. ഒരു ദിവസം ഗുരുവിനുവേണ്ടി പൂജാപുഷ്പങ്ങള്‍ ശേഖരിക്കുവാന്‍ വനത്തിലെത്തിയ പുഞ്ജികസ്ഥല, ഗന്ധര്‍വ സമൂഹത്തിന്റെ ജലക്രീഡയില്‍ ആകൃഷ്ടയായി കുറേസമയം നിന്നുപോകുകയും യഥാസമയം പൂജ നടത്താന്‍ കഴിയാതെ വന്ന മഹര്‍ഷി തന്റെ ജ്ഞാനദൃഷ്ടിയിലൂടെ വിവരങ്ങള്‍ മനസ്സിലാക്കുകയും കോപത്താല്‍ ശപിക്കുകയും ചെയ്തു. ”നീ ഭൂമിയില്‍ ഒരു വാനരസ്ത്രീയായി ജനിക്കുകയും പ്രിയനായ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് ജീവിക്കുകയും ചെയ്യട്ടെ” എന്നായിരുന്നു ശാപം.
പുഞ്ജികസ്ഥല അപരാധബോധത്താല്‍ ആര്‍ത്തയായി ശാപമോക്ഷത്തിനുവേണ്ടി കേണപേക്ഷിച്ചപ്പോള്‍ ശാന്തനായ ദേവര്‍ഷി ”ശിവപുത്രനു ജന്മംകൊടുത്തു കഴിയുമ്പോള്‍ ശാപമോക്ഷമാകുകയും തിരികെ വിദ്യാധര  സ്ത്രീയായി വരികയുമാകാമെന്നനുഗ്രഹിച്ചു. യക്ഷ, കിന്നര, ഗന്ധര്‍വ്വ വിദ്യാധര വിഭാഗങ്ങളാണ് ദേവലോകങ്ങള്‍ക്കടുത്തുള്ള ലോകങ്ങളില്‍ അധിവസിക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news694068#ixzz4qiS0s4HW

No comments:

Post a Comment