Friday, September 01, 2017

സ്വര്‍ണ്ണ കീരി
***************
പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുണ്ട്.
കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കണ്ട് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടു പോയി. ഇങ്ങനെയൊരു യാഗം ലോകം മുമ്പു കണ്ടിട്ടില്ല എന്നവര്‍ വാഴ്ത്തി. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ചെറിയ കീരി വന്നു. അതിന്റെ ശരീരത്തിലെ ഒരു പകുതി സ്വര്‍ണ്ണനിറവും മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. അത് യാഗശാലയുടെ തറയില്‍ കിടന്നുരുളാന്‍ തുടങ്ങി! പിന്നീട് ചുറ്റുമുണ്ടായിരുന്നവരോടു പറഞ്ഞു; 'നിങ്ങളൊക്കെ നുണയന്മാരാണ്: ഇതു യാഗമേയല്ല.' 'എന്ത്! ഇതു യാഗമല്ലെന്നോ നീ പറയുന്നത്!
ദരിദ്രന്മാര്‍ക്ക് പണവും രത്‌നങ്ങളും വാരിക്കോരിക്കൊടുത്തതിന്റെ ഫലമായി അവരെല്ലാം സമ്പന്നന്മാരും സംതൃപ്തരുമായ കഥ നിനക്കറിഞ്ഞുകൂടേ? മനുഷ്യന്‍ ഇന്നേവരെ നടത്തിയിട്ടുള്ള യാഗങ്ങളില്‍ വെച്ച് ഏറ്റവും അദ്ഭുതകരമായിട്ടുള്ള യാഗമാണിത്.' എന്ന് അവര്‍ പ്രതിവചിച്ചു. എന്നാല്‍ കീരി ഇങ്ങനെ പറഞ്ഞു;
'ഒരിക്കല്‍ ഒരു ചെറുഗ്രാമത്തില്‍ ഒരു സാധുബ്രാഹ്മണനും അദ്ദേഹത്തിന്റെ ഭാര്യയും മകനും മകന്റെ ഭാര്യയുംകൂടി താമസിച്ചിരുന്നു. അവര്‍ വളരെ ദരിദ്രന്മാരായിരുന്നു. ധര്‍മ്മാനുശാസനവും അദ്ധ്യാപനവും കൊണ്ടു കിട്ടിയ തുച്ഛമായ ദക്ഷിണകള്‍കൊണ്ടാണ് അവര്‍ കഴിഞ്ഞുവന്നത്. അങ്ങനെയിരിക്കെ ആ രാജ്യത്ത് ഒരു വലിയ ക്ഷാമമുണ്ടായി. അതു മൂന്നു കൊല്ലത്തേയ്ക്കു നീണ്ടുനിന്നു. ആ സാധുബ്രാഹ്മണന്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം കഷ്ടതയനുഭവിച്ചു. കൂടുംബത്തിനു പലനാള്‍ തുടരെ പട്ടിണി കിടക്കേണ്ടിവന്നു. ഒരുനാള്‍ ബ്രാഹ്മണനു ഭാഗ്യവശാല്‍ കുറച്ചു ബാര്‍ലിമാവു കിട്ടി. രാവിലെ അതു വീട്ടില്‍ കൊണ്ടുവന്നു നാലുപേര്‍ക്കായി വീതിച്ചു. അവര്‍ അതു ഭക്ഷിക്കാന്‍ തുടങ്ങുമ്പോഴേയ്ക്ക്, വാതില്ക്കല്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ബ്രാഹ്മണന്‍ വാതില്‍ തുറന്നപ്പോള്‍ ഒരതിഥിയെയാണ് കണ്ടത്. ഭാരതത്തില്‍ അതിഥി ഒരു പൂജ്യപുരുഷനാകുന്നു. അദ്ദേഹം തല്ക്കാലത്തേയ്‌ക്കെങ്കിലും ഈശ്വരതുല്യനാണ്, ആ വിധത്തില്‍ അദ്ദേഹത്തെ ഉപചരിക്കയും വേണം. അതിനാല്‍ സാധു ബ്രാഹ്മണന്‍ ആഗതനെ ആദരവോടെ അകത്തേയ്ക്കു സ്വാഗതം ചെയ്തിരുത്തിയിട്ട് തന്റെ വീതം ആഹാരം അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചു സല്ക്കരിച്ചു.
അതിഥി വേഗം അതു ഭക്ഷിച്ചുതീര്‍ത്തു പറ ഞ്ഞു; 'അയ്യോ: ബ്രാഹ്മണ! നിങ്ങള്‍ എന്നെ കൊന്നതുപോലെയായി. ഞാന്‍ പത്തു ദിവസമായി പട്ടിണി കിടക്കയാണ്: ഈ അല്പഭക്ഷണം എന്റെ വിശപ്പു വര്‍ദ്ധിപ്പിച്ചതേ യുള്ളു.' അപ്പോള്‍ ബ്രാഹ്മണന്റെ ഭാര്യ, 'എന്റെ വീതം കൂടി അദ്ദേഹത്തിനു കൊടുക്കുക' എന്നു പറഞ്ഞു. ഭര്‍ത്താവ് അതിനു തടസ്സം പറഞ്ഞുവെങ്കിലും ഭാര്യ നിര്‍ബ്ബന്ധിച്ചു; 'ഇതാ ഒരു സാധുമനുഷ്യന്‍. അതിഥിയായ അദ്ദേഹത്തിനുഭക്ഷണം കൊടുക്കേണ്ടത് ഗൃഹസ്ഥരായ നമ്മുടെ ധര്‍മ്മമാകുന്നു. അങ്ങയുടെ വീതം കൊടുത്തുകഴിഞ്ഞിരിക്കയാല്‍ എന്റെ വീതംകൂടി കൊടുക്കേണ്ടത് ഗൃഹിണി എന്ന നിലയില്‍ എന്റെ ധര്‍മ്മമാണ്,' എന്നു പറഞ്ഞ്, തന്റെ വീതവും കൊടുത്തു. അതു കഴിച്ചശേഷം തന്റെ വിശപ്പ് ആളിക്കത്തുന്നതേയുള്ളു എന്നായി അതിഥി. അപ്പോള്‍ മകന്‍ പറഞ്ഞു;
'ഇതാ എന്റെ പങ്കുകൂടി എടുത്തുകൊള്ളുക: അച്ഛന്റെ ചുമതല നിറവേറ്റാന്‍ സഹായിക്കേണ്ടതു മകന്റെ കര്‍ത്തവ്യമാണല്ലോ.'
അതുംകൂടി ഭക്ഷിച്ചിട്ടും അതിഥിയുടെ വിശപ്പു ശമി ച്ചില്ല. അതിനാല്‍ മകന്റെ ഭാര്യ തന്റെ വീതവും കൊടുത്തു. അതു കൊണ്ട് അതിഥിക്കു മതിയാവുകയും അദ്ദേഹം അവരെ അനുഗ്രഹിച്ചിട്ടു യാത്രയാവുകയും ചെയ്തു. അന്നു രാത്രി ആ കുടുംബാംഗ ങ്ങള്‍ നാലുപേരും പട്ടിണികൊണ്ടു മരിച്ചു. ആ ബാര്‍ലിമാവിന്റെ ഏതാനും തരികള്‍ തറയില്‍ വീണുകിടന്നിരുന്നു. ഞാന്‍ അതില്‍ കിടന്നുരുണ്ടപ്പോള്‍, എന്റെ പകുതി ശരീരം, ഇക്കാണുന്നതുപോലെ, സ്വര്‍ണ്ണനിറമായി. അതിനുശേഷം, അതുപോലുള്ള മറ്റൊരു യാഗം കാണാന്‍ ആശിച്ചുകൊണ്ട് ഞാന്‍ ലോകം മുഴുവന്‍ ചുറ്റിസ്സഞ്ചരിക്ക യായിരുന്നു പക്ഷേ ഒരിടത്തും കണ്ടില്ല. ഒരിടത്തുവെച്ചും എന്റെ ശരീരത്തിന്റെ മറ്റേപകുതി സ്വര്‍ണ്ണനിറമായി മാറിയില്ല. അതുകൊണ്ട ത്രേ ഇതു യാഗമല്ലെന്ന് ഞാന്‍ പറയുന്നത്.
വിവേകാനന്ദസാഹിത്യസര്‍വ്വസ്വം 1 കര്‍മ്മയോഗം

No comments:

Post a Comment