Friday, September 22, 2017

സാധാരണക്കാരുടെ മനസ്സിൽ ഇപ്പോൾ ഭക്തിയേക്കാൾ ഭയമാണ്.. സ്വന്തം അമ്മയെ വിളിക്കുന്നതിനും ഭയം.. എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം.. നീയമം കേൾക്കുമ്പോൾ ഭയം.. ഭക്തി ഇപ്പോൾ ഭയമായി മാറിയിരിക്കുന്നു.
ഇവിടെ രസകരമായ ഒരു കാര്യം ഓര്മിപ്പിക്കാം.. ജീവിതത്തിലും ഭക്തിയിലും ഇതു ഉപകാരപ്പെടുമെന്നാണ് എന്റെ വിശ്വാസം. നമ്മുടെ അമ്മമാർ എത്ര വലിയ ഉദ്യോഗസ്ഥ ആയാലും നമ്മുടെ മുന്പിൽ വരുമ്പോ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും.. ഉയര്ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോ ഈ ഓഫീസറായി ആണോ നമ്മുടെ അമ്മയെ കാണുക.. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് നമ്മുടെ അമ്മയാണ് എന്നുള്ള ഭാവം. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം.. ശരിയല്ലെ..അവിടെ അമ്മയോടു ഇടിപിടിക്കാം, വാശിയെടുക്കാം.. തമ്മിതല്ലാം.. അവിടെ ജീവിതത്തിൽ അമ്മ എത്ര ഉയര്ന്നതാണെങ്കിലും നമ്മുടെ വാശിയ്കുമുന്പിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ. അപ്പോൾ എന്തിനാണ് ജഗത് സ്വരൂപിണിയായ അമ്മയെ പേടിക്കുന്നത്.. എല്ലാത്തിന്റേയു ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല. നാം എത്രവട്ടം ലളിതാസഹസ്രനാമം ജപിക്കുന്നു എന്നതല്ല, എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി..
വിറകുവെട്ടുകാരന്റെ മുന്പിൽ എപ്പോഴും നാമം ജപിക്കുന്ന നാരദൻ പോലും നമസ്കരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എത്രവട്ടം നാം സഹസ്രനാമവും പൂജയും ചെയ്യുന്നു എന്നതല്ല, സ്വന്തം കര്മങ്ങൾ കഴിഞ്ഞ് ഒരു വട്ടമാണെങ്കിൽ പോലും അമ്മയെ മനസ്സറിഞ്ഞ് നമസ്കരിക്കുക. ശരണാഗതി എന്നാണ് പറയുക.. അമ്മയുടെ കയ്യിൽ നാം പിടിക്കുന്നതിന് പകരം അമ്മയുടെ കയ്യിൽ നമ്മുടെ കൈ കൊടുക്കുക. ഒരു പക്ഷെ നമ്മുടെ വിട്ടുപോകുമായിരിക്കും, പക്ഷെ എങ്ങിനെയാണോ നമ്മുടെ അമ്മ നമ്മളെ കൈവിടാത്തത് അതേ പോലെ ഇവിടേയും ജഗത് സ്വരൂപിണിയായ അമ്മയുടെ കൈ നമ്മളെ വിട്ടുപോവില്ല.. മനസ്സിന്റെ ഭാവമാണ് പ്രധാനം, അത് വരുത്തുക. നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക..മനസ്സിൽ നിന്ന് ഭയത്തെ മാറ്റുക . ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്കായി തന്നെ സമര്പിക്കുക.. ഹരി ഓം.

No comments:

Post a Comment