Sunday, September 10, 2017

സെപ്റ്റംബര്‍ പതിനൊന്ന്: രണ്ട് സന്ദേശങ്ങള്‍.

1893 സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു, ഉത്തര അമേരിക്കയിലെ ചിക്കാഗോയില്‍ ലോകമതപാര്‍ലമെന്റില്‍ ഭാരതീയ ഋഷിയായ സ്വാമി വിവേകാനന്ദന്റെ ആ പ്രസംഗം. 1863ല്‍ കൊല്‍ക്കത്തയില്‍ വിശ്വനാഥ ദത്തയെന്ന വക്കീലിന്റെ മകനായി ജനിച്ച നരേന്ദ്രനാഥ ദത്തന്‍, ഭാരതത്തിന്റെയും സ്വന്തം ഗുരുവിന്റെയും നിയോഗമേറ്റെടുത്ത സ്വാമി വിവേകാനന്ദനായി ലോകത്തോട് എന്താണ് ഭാരതം പറയുന്നതെന്ന് വിളിച്ചറിയിച്ചത് അന്നായിരുന്നു; 124 വര്‍ഷം മുന്‍പ്.
ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് 2001ല്‍ മറ്റൊരു സെപ്റ്റംബര്‍ 11നാണ് 2297 പേരുടെ മരണത്തിനും ആറായിരത്തിലധികം പേര്‍ക്ക് ശരീരത്തിലും, അതിലുമെത്രയോ അധികം ആളുകള്‍ക്ക് മനസ്സിനും മുറിവേല്‍പ്പിച്ച് അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ക്കുനേരെ ഭീകരാക്രമണം ഉണ്ടായത്. സെപ്റ്റംബര്‍ പതിനൊന്ന് എന്നത് ഗ്രിഗോറിയന്‍ കലണ്ടറിലെ എല്ലാ വര്‍ഷവുമുള്ള ഒരു തീയതി മാത്രമായിരുന്നു എങ്കിലും ഇന്ന് ലോകം അതിനെ ഭീകരതയുടെ ഇരുണ്ട ദിനമായി കണക്കാക്കുന്നു.
ലോകചരിത്രം പലപ്പോഴും യുദ്ധങ്ങളുടേതാണ്. ചരിത്രനായകര്‍ യുദ്ധവിജയികളുമാണ്. വിജയങ്ങള്‍ വിജയികളെ ഉന്മത്തരാക്കിയതിനാല്‍ മരിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതുവരെ അവര്‍ യുദ്ധങ്ങള്‍ തുടരുകയും ചെയ്തിരുന്നു. നല്ല യുദ്ധമോ ചീത്ത സമാധാനമോ ഇല്ലെന്ന് 1773 ലാണ് ബഞ്ചമിന്‍ ഫ്രാന്‍ക്ലിന്‍ എഴുതിയത്. യുദ്ധം നല്ലതല്ലെന്നും സമാധാനം ചീത്തയല്ലെന്നുമുള്ള ആദ്യത്തെ ഉദാഹരണം ലോകത്തിന് നല്‍കിയത് ഭാരതമായിരുന്നു.
വിജയങ്ങള്‍ക്കുശേഷം യുദ്ധവിരാമം പ്രഖ്യാപിച്ച ലോകത്തെ ഒരേയൊരു രാജാവെന്ന് മഗധയിലെ ഭരണാധികാരിയായിരുന്ന അശോകനെപ്പറ്റി എച്ച്. ജി. വെല്‍സ് ‘ദി ഔട്ട്‌ലൈന്‍ ഓഫ് ഹിസ്റ്ററി’ എന്ന തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയത് അതാണ്. വര്‍ഷങ്ങള്‍ക്കുശേഷം സമാധാനത്തിലൂടെയും ഏതു ലോകശക്തിക്കുമെതിരെ യുദ്ധമാകാമെന്നും നല്ല യുദ്ധങ്ങള്‍ ഉണ്ടെന്നും മഹാത്മാഗാന്ധി എന്ന ലോകാദ്ഭുതത്തിലൂടെ ഭാരതം ലോകത്തിന് കാണിച്ചുകൊടുത്തു. ഗാന്ധിജിയുടെ ആദ്യസത്യഗ്രഹമാകട്ടെ മറ്റൊരു സെപ്റ്റംബര്‍ പതിനൊന്നിനും ആയിരുന്നു. 1906ല്‍.
ലോകത്തിന്റെ ഏറ്റവും വിലയേറിയ സമ്പാദ്യമായി ഇപ്പോള്‍ മാറിയിരിക്കുന്നത് ആയുധക്കൂമ്പാരങ്ങളാണ്. ആയുധങ്ങള്‍ ഉണ്ടാക്കാനുള്ള ഗവേഷണത്തിനും, അവയെ വ്യാവസായികമായി ഉത്പാദിപ്പിക്കാനും, അവയെ പ്രതിരോധിക്കാനുള്ള ആയുധങ്ങളോ മാര്‍ഗ്ഗങ്ങളോ ഉണ്ടാക്കിയെടുക്കാനും അമിതമായ തോതില്‍ പണം ആവശ്യമാണ്. പല രാജ്യങ്ങളുടെയും ബജറ്റിലെ സിംഹഭാഗവും പ്രതിരോധാവശ്യങ്ങള്‍ക്കായി മാറുന്നത് ഇക്കാരണത്താലാണ്.
ലോകം നൂറ്റാണ്ടുകളായി ആക്രമണഭീതിയിലാണ് നിലനിന്നുപോന്നതെന്നതും, പണ്ടുണ്ടായിരുന്ന രാജ്യങ്ങള്‍ക്കിടയിലുള്ള ആക്രമണങ്ങള്‍ക്കപ്പുറം ഭീകരപ്രവര്‍ത്തനങ്ങളുടെ പുതുതലമുറ ആക്രമണങ്ങള്‍ പുതിയ യുദ്ധമുഖങ്ങള്‍ തുറന്നുവെന്നതും പ്രതിരോധരംഗത്ത് പണ്ടത്തേക്കാള്‍ ചെലവുകള്‍ വര്‍ദ്ധിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. ആ വര്‍ദ്ധിച്ച ചെലവുകള്‍ ഉപയോഗിക്കുകയോ ഉപയോഗിക്കപ്പെടാതെ പോകുകയോ ചെയ്യുന്ന വിനാശകാരികളായ ആയുധങ്ങളുടെയും ആയുധപ്രതിരോധമാര്‍ഗ്ഗങ്ങളുടെയും വ്യവസ്ഥകള്‍ക്കുള്ള നിര്‍ജ്ജീവച്ചെലവുകളായി മാറുന്നു. ആക്രമണവും ആക്രമണഭീതിയും ലോകത്തെ നയിച്ചിരിക്കുന്നത് വികസനത്തിനും പട്ടിണിമാറ്റാനും രാഷ്ട്രനിര്‍മ്മാണത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനുമുള്ള രാജ്യങ്ങളുടെ സമ്പത്തിനെ വഴിമാറ്റി വിട്ടുകൊണ്ടാണ്.
അടിസ്ഥാനപരമായി മനുഷ്യന്റെ പ്രശ്‌നമെന്തെന്ന് അന്വേഷിച്ചുപോയപ്പോള്‍ ഭാരതീയര്‍ക്ക് വെളിപ്പെട്ടത്, ആര്‍ത്തിയും അഹങ്കാരവും ഭയവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ്. ഇവയില്‍, ജനിതകത്തില്‍ ഉറഞ്ഞുകൂടിക്കിടക്കുന്നതുംകൂടിയായ ഭയംതന്നെയാണ് ദൂരീകരിക്കപ്പെടാന്‍ ഏറ്റവും വിഷമമേറിയതും. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും പരസ്പരവിശ്വാസമുള്ള സംവേദനങ്ങള്‍ സാധിക്കാത്തിടത്തോളം അവര്‍ക്കിടയില്‍ ഭയം നിലനില്‍ക്കുന്നു. വേദാന്തത്തിന്റെ സന്ദേശങ്ങളിലൂടെയും യോഗമാര്‍ഗ്ഗത്തിന്റെ സാധനകളിലൂടെയും ഭയരഹിതമായ, പാരസ്പര്യമുള്ള, തമ്മില്‍ സ്‌നേഹത്തോടെ പെരുമാറുന്ന സമൂഹങ്ങളാണ് ഈ ലോകത്തിനാവശ്യമെന്നുള്ള ഭാരതീയ സന്ദേശവുമായാണ് സ്വാമി വിവേകാനന്ദന്‍ 124 വര്‍ഷം മുന്‍പ് ചിക്കാഗോയില്‍ ലോകമെങ്ങുമുള്ള മതപണ്ഡിതന്മാര്‍ നിരന്നിരുന്ന പ്രൗഢഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്തത്.
നിങ്ങള്‍ അന്യരല്ല എന്നും മാനവരായ നാമെല്ലാം ഒന്നുതന്നെ ആണെന്നുമാണ് അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ എന്നുള്ള സംബോധനയിലൂടെ അദ്ദേഹം വിളിച്ചുപറഞ്ഞത്. മതങ്ങളെ സംബന്ധിച്ച ഭാരതീയസമീപനം തുല്യതയുടേതാണെന്നും, ഒരേ ലക്ഷ്യത്തിലേക്ക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ് നാമെന്നുമുള്ള വചനങ്ങളിലൂടെ മാനവന്റെ സാഹോദര്യത്തെയും പാരസ്പര്യത്തെയുമാണ് സ്വാമിജി ഉദ്‌ഘോഷിച്ചത്. സാഹോദര്യവും പാരസ്പര്യവും ഉണ്ടെന്നു മനസ്സിലാക്കുന്നവര്‍ക്കിടയില്‍ അവിശ്വാസമോ ഭയമോ ഉണ്ടാകേണ്ടതില്ല.
അന്യോനസ്‌നേഹത്തോടെയും ബഹുമാനത്തോടെയും അവര്‍ക്ക് സ്വന്തം കര്‍മ്മപന്ഥാക്കളില്‍ തുടരാനാകും. അങ്ങനെ ഒരവസ്ഥയുണ്ടെങ്കില്‍ പരസ്പരം പോരടിക്കേണ്ടിവരുന്നില്ല.
സ്വാമിജി ചെറുതെങ്കിലും മഹത്തായ ഒരു പ്രഭാഷണത്തിലൂടെ ഏത് അമേരിക്കയിലാണോ ഭാരതസന്ദേശത്തെ വിളംബരം ചെയ്തത്, അതേ അമേരിക്ക, ഒരു നൂറ്റാണ്ടുകഴിഞ്ഞപ്പോള്‍ സമ്പൂര്‍ണമായ ഭയത്തിനടിമപ്പെടുന്നതും ഭയം മൂലമുള്ള പ്രത്യാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതുമാണ് ദൃശ്യമായത്. ‘ആക്രമിക്കപ്പെടുന്നതിനു മുന്‍പേ അങ്ങോട്ടാക്രമിക്കുക’ എന്ന നയത്തിലേക്ക് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെയും അബ്രഹാം ലിങ്കന്റെയും നാടായ അമേരിക്ക നിപതിച്ചു.
കിഴക്കിന്റെ ആരാമമായ ഭാരതം നല്‍കിയ സന്ദേശം ഉള്‍ക്കൊള്ളാന്‍ പരസ്പരം പോരടിക്കുന്ന പടിഞ്ഞാറുകള്‍ക്കായില്ല എന്നതായിരുന്നു അതിനു കാരണം. സ്വാമിജിയുടെ ചിക്കാഗോ പ്രഭാഷണത്തിന്റെ നൂറ്റിയേഴാം വാര്‍ഷികത്തില്‍, ഭാവിയിലേക്കുള്ള മതയുദ്ധങ്ങളുടെ നാന്ദികുറിക്കുന്ന ചാവേര്‍ വിമാനാക്രമണംവഴി ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തപ്പോള്‍ സെപ്റ്റംബര്‍ 11 അമേരിക്കയ്ക്ക് വിപരീതമായ ദ്വന്ദ്വങ്ങളുടെ ദിനമായി മാറി.
എഴുപത്തഞ്ചിലധികം വര്‍ഷങ്ങളായി അമേരിക്ക ലോകത്തില്‍ നടത്തിവന്നിരുന്ന ഇടപെടലുകള്‍, അമേരിക്കന്‍ ജനതയെ സ്വാസ്ഥ്യവും ധൈര്യവുമുള്ള സമൂഹമാക്കുന്നതിനുപകരം ആക്രമണഭീതിയോടെ ലോകത്തെ വീക്ഷിക്കുന്നവരാക്കി മാറ്റി. രാവുകളില്‍ ഗുഹക്കു വെളിയില്‍ തീക്കുണ്ഡമുണ്ടാക്കി കൂര്‍പ്പിച്ച കുന്തങ്ങളുമായി വന്യമൃഗങ്ങളെയും ശത്രുസമൂഹങ്ങളെയും പ്രതിരോധിക്കാന്‍ ഉറങ്ങാതെ കാത്തിരുന്ന ആദിമമനുഷ്യനില്‍നിന്ന് അധികം അകലെത്തിലല്ല ലോകം മുഴുവന്‍ ചാരക്കണ്ണുകള്‍കൊണ്ടും സോഫ്റ്റ് വെയറുകള്‍ കൊണ്ടും നിരീക്ഷണം നടത്തുന്ന ഇന്നത്തെ അമേരിക്ക.
അമേരിക്കയെ ആക്രമിക്കുന്ന മറുപക്ഷമാകട്ടെ, അധിനിവേശത്തിന്റെ മറ്റൊരു രൂപമായിത്തന്നെയാണ് പെരുമാറിയിരുന്നതും. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ നൂറ്റാണ്ടുകളായി തുടരുന്ന ഒരു സമൂഹം, ആധുനികകാലത്തും ആ ശീലങ്ങളില്‍നിന്നും വ്യത്യസ്തരാകുന്നില്ലെന്നു മാത്രമല്ല, സമൂഹങ്ങളുടെ പരസ്പരവ്യവഹാരത്തില്‍ സംശയവും അനേ്യാന്യഭയവും നിലനിര്‍ത്തുകയും ചെയ്യുന്നു. അക്കാരണത്താല്‍ ആദ്യം എണ്ണയുടെയും അധിനിവേശത്തിന്റെയും പേരില്‍ തുടങ്ങിയ സദ്ദാമിന്റെ ഇറാഖിനെ ആക്രമിച്ചുള്ള രാഷ്ട്രീയപരമായ പോര്, പിന്നീട് മതയുദ്ധമായി പരിവര്‍ത്തനം ചെയ്യാനിടയാക്കി.
അഫ്ഗാനിലെ റഷ്യന്‍ അധിനിവേശത്തിനെതിരായി അമേരിക്കന്‍ ആശീര്‍വാദത്തോടെ രൂപംകൊണ്ട താലിബാനില്‍നിന്ന് അല്‍ഖ്വയ്ദയിലേക്കും ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്കുമുള്ള പരിവര്‍ത്തനങ്ങള്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മതയുദ്ധങ്ങളായി പരിണമിക്കുന്നതിന്റെ മുന്നോടികളായിരുന്നു. ഇന്ന് മതവും രാഷ്ട്രങ്ങളും തമ്മില്‍ യുദ്ധമെന്ന സ്ഥിതിയില്‍ അതെത്തിച്ചിട്ടുണ്ട്. അതില്‍നിന്ന് മതവും മതവും തമ്മിലുള്ള യുദ്ധത്തിലേക്ക് അധികം ദൂരം പോകാനില്ലെന്നുള്ളതാണ് വാസ്തവം. ഒരു മതത്തിന്റെ അധിനിവേശം മറ്റൊരു മതത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന ആശങ്ക പ്രബലമാകുകയും ചെയ്‌തേക്കാമെന്നതിനാല്‍ അങ്ങനെ സംഭവിക്കാം. ഇന്നലകളിലുണ്ടായ മതപ്രചാരണത്തിനായുള്ള യുദ്ധങ്ങളും, ഇക്കാലത്തെ സംഘര്‍ങ്ങള്‍ വഴിയും പണമുപയോഗിച്ചും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ക്കൂടിയുമുള്ള മതപരിവര്‍ത്തനശ്രമങ്ങള്‍ അത്തരം ആ ആശങ്കകള്‍ക്ക് ബലമേകുന്നവയാണ്.
ലോകം അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് കാരണം ഒന്നേകാല്‍ നൂറ്റാണ്ടിനപ്പുറം സ്വാമിജിയിലൂടെ ഭാരതം ലോകത്തോട് സംവദിച്ചത് ലോകനേതൃത്വം കേള്‍ക്കാതെ പോയതാണ്. ചിക്കാഗോയിലെ ആദ്യപ്രസംഗശേഷം സ്വാമിജി അമേരിക്കയിലും ജപ്പാനിലും യൂറോപ്പിലും നിരവധി യാത്രകളും പ്രഭാഷണങ്ങളും നടത്തിയതിനാല്‍, അനേകം വ്യക്തികള്‍ മതസാഹോദര്യത്തിന്റെ മഹദ്‌സന്ദേശം ഉള്‍ക്കൊള്ളുകയുണ്ടായി. ഒരു ഹിന്ദുവിന് കുറേക്കൂടി മെച്ചപ്പെട്ട ഹിന്ദുവായും, ഒരു മുസ്ലിമിന് കുറേക്കൂടി നല്ല മുസ്ലിമായും ഒരു ക്രൈസ്തവന് കുറേക്കൂടി നല്ല ക്രൈസ്തവനായും സാഹോദര്യത്തോടെ വര്‍ത്തിക്കാമെന്നത് സാമിജിയുടെ ചിന്തകളെ ഉള്‍ക്കൊണ്ടവരിലൂടെ തെളിയിക്കപ്പെട്ടു. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’യെന്ന ഉപനിഷദ് സന്ദേശം ഉള്‍ക്കൊണ്ടവര്‍ ഭാരതത്തിലും വിദേശങ്ങളിലും ജ്ഞാനപ്രകാശത്തിന്റെ നവധാരകളായി മാറി. പക്ഷേ, ലോകരാഷ്ട്രീയരംഗം അധികാരം നേടുകയും നിലനിര്‍ത്തുകയും അതിനായി ഏതുവിധേനയും സമ്പത്താര്‍ജ്ജിക്കണമെന്നുമുള്ള മനോഭാവത്തില്‍നിന്നും മാറാത്തതിനാല്‍ ലോകം കൂടുതല്‍ അപകടത്തലായി.
നാളത്തേക്കുള്ള നിലനില്‍പ്പിന്റെ കാര്യത്തില്‍ ലോകം ഏറ്റവും അധികം ഭീഷണികളെ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍, സമാധാനത്തിനും നന്മയ്ക്കും നിലനില്‍പിനുമുള്ള ആത്യന്തികസൂത്രവാക്യം ഇരിക്കുന്നത് ഭാരതീയചിന്തകളില്‍ത്തന്നെയാണ്. ‘ആകാശാല്‍ പതിതം തോയം യഥാ ഗച്ഛതി സാഗരം’ എന്ന് ഭാരതം പറയുന്നു. പല നദികള്‍ ആയിരക്കണക്കിന് തുള്ളികളയും വഹിച്ച് ഒരേയൊരു സാഗരം ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നെന്നപോലെ, വിവിധമതങ്ങള്‍ അവയുടെ അനുയായികളുമായി സതേ്യാന്മുഖമായി ചരിക്കുകയാണെന്ന് ഭാരതം പറയുമ്പോള്‍, അത് പറയുന്ന മതം മാത്രമല്ല, ലോകത്തെ എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടുകയും ഓരോ സത്യാന്വേഷിയിലും ഈശ്വരപ്രേമിയാലും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഒരവസ്ഥയിലാണ് ശരിയായ മതനിരപേക്ഷതയും മതേതരത്വവും ഉണ്ടാകുന്നതും. സത്യം ഈശ്വരനില്ലാത്ത അവസ്ഥയിലും വെളിവാകുമെങ്കില്‍, നിരീശ്വരവാദധാരയും അതിബഹുമാന്യമായ ജ്ഞാനോന്മുഖധാരയായി സമാദരിക്കപ്പെടുന്നു. 1893ലെ സെപ്റ്റംബര്‍ 11 അമേരിക്കയ്ക്കും ലോകത്തിനും ബംഗാളിയായ ആ യുവസന്യാസിയിലൂടെ നല്‍കിയത് ഈ സന്ദേശമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news702263#ixzz4sLIIZSHN

No comments:

Post a Comment