Thursday, September 28, 2017

അറിവിന്റെയെല്ലാം സ്രോതസ്സ് ആരാണ്? വേദവാണിയായ സരസ്വതി തന്നെ. ദേവിയുടെ കയ്യിലുള്ള കച്ഛപി എന്ന വീണ, അക്ഷമാല, പത്മം, അമൃതകുംഭം, ഗ്രന്ഥം എന്നിവ തികച്ചും അര്‍ത്ഥവത്തായ പ്രതീകങ്ങളാണ്.
സരസ്വതി എന്ന വാക്കിന് പല രൂപത്തില്‍ അര്‍ത്ഥം പറയുന്നു. ‘സരസ അവതി.’- എന്നുവച്ചാല്‍ ഒരേ ഗതിയില്‍ ജ്ഞാനം നല്‍കുന്നവള്‍. സരസ്സുപോലെ തെളിഞ്ഞവള്‍-ആഴമുള്ളവള്‍. ആ കൈകളിലുള്ളത് നാഡിഞരമ്പുകളാകുന്ന തന്ത്രികള്‍ വരിഞ്ഞ മനുഷ്യശരീരമാകുന്ന വീണതന്നെ.
‘ശരീര വൈണികാശ്‌ചൈവ’- എന്നു പ്രമാണം. ഈശ്വരന്റെ സങ്കീര്‍ത്തനങ്ങളെ ഓരോരോ രാഗങ്ങളില്‍ പാടുവവാന്‍ തീര്‍ത്ത മണ്‍വീണതന്നെയാണ് നമ്മുടെയീ മനുഷ്യശരീരം.
ജ്ഞാനസൂര്യന്റെ ഉദയത്തില്‍ വികസിക്കുന്ന മനുഷ്യാത്മാവിന്റെ പ്രതീകമാണ് താമര. താളനിബദ്ധതയെ സൂചിപ്പിക്കുന്നതാണ് മാല. അമൃതത്വത്തിലേയ്ക്ക് നമ്മെ നയിക്കുന്നതാണ് വിദ്യ എന്നതിന്റെ പ്രതീകമാണ് അമൃതകുംഭം. -ഗ്രന്ഥസംഭൃതമാണ് പരമ്പരാഗത വിദ്യ എന്നതിന്റെ സൂചകമാണു ഗ്രന്ഥം.
-എല്ലാറ്റിനും അര്‍ത്ഥമുണ്ട്. നമ്മുടെ വേദങ്ങളില്‍, അനുഷ്ഠാനങ്ങളില്‍ എല്ലാം എല്ലാം അര്‍ത്ഥമുള്ളതാണ്. അങ്ങനെയല്ലാതെ ഒന്നുമില്ല.
ഗുരുദേവന്‍ പറഞ്ഞു-ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗ്രന്ഥാലയങ്ങളോ വിദ്യാലയങ്ങളോ ഒക്കെ ഉണ്ടാവണം എന്ന്. അന്തരീക്ഷം പവിത്രവും ശാന്തവുമായിരുന്നാലേ മനസ്സ് സ്വസ്ഥമാവൂ. മനസ്സ് സ്വസ്ഥമായാലേ അതില്‍ വല്ലതും പതിയൂ. അങ്ങനെയാണു വിദ്യ സമാര്‍ജ്ജിക്കേണ്ടത്. -വിദ്യകൊണ്ടാണ് പ്രബുദ്ധരാവേണ്ടത്.
മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗ്ഗയുടെ തന്നെ രൂപാന്തരസ്വരൂപിണിയാണു സരസ്വതി. വിദ്യനേടണം എന്നാഗ്രഹിക്കുന്നവര്‍ സരസ്വതിയെ ധ്യാനിച്ചും ഉപാസിച്ചും ഇക്കാലം കഴിക്കണം. മാണിക്യവീണയെ ഉപലാളിക്കുന്ന ദേവിസരസ്വതി സംഗീതപ്രിയയാണ്. മഞ്ജുളവാഗ്വിലാസയാണ് മാഹേന്ദ്രനീലദ്യുതിയാര്‍ന്ന കോമളാംഗിയാണ്. മാതംഗകന്യകയാണ്. മനസാ സദാ സ്മരിക്കപ്പെടേണ്ടവളാണ്.
-മന്ത്രസ്വരൂപണിയായ ദേവിയെ സാമവേദം പിഴിഞ്ഞെടുത്ത സംഗീതത്തിന്റെ മധുരാമൃതവര്‍ഷംകൊണ്ട് അഭിഷേകം ചെയ്യുക.
-പരമമായ ഭക്തി ആവിഷ്‌കരിക്കുവാന്‍ പരിശുദ്ധഹൃദയത്തില്‍ നിന്നൊഴുകുന്ന പവിത്രസംഗീതം പോലെ മറ്റൊരു നാദതീര്‍ത്ഥം ഇല്ല. നമ്മുടെ സംഗീതകലാമൃതാഭിഷേകംകൊണ്ടു നവരാത്രികളെ നിറയ്ക്കുക. നാദബ്രഹ്മമയി കനിയട്ടെ. നമുക്ക് നല്ലതുവരട്ടെ.


ജന്മഭൂമി: http://www.janmabhumidaily.com/news712653#ixzz4u1JHRSn4

No comments:

Post a Comment