അറിവിന്റെയെല്ലാം സ്രോതസ്സ് ആരാണ്? വേദവാണിയായ സരസ്വതി തന്നെ. ദേവിയുടെ കയ്യിലുള്ള കച്ഛപി എന്ന വീണ, അക്ഷമാല, പത്മം, അമൃതകുംഭം, ഗ്രന്ഥം എന്നിവ തികച്ചും അര്‍ത്ഥവത്തായ പ്രതീകങ്ങളാണ്.
സരസ്വതി എന്ന വാക്കിന് പല രൂപത്തില്‍ അര്‍ത്ഥം പറയുന്നു. ‘സരസ അവതി.’- എന്നുവച്ചാല്‍ ഒരേ ഗതിയില്‍ ജ്ഞാനം നല്‍കുന്നവള്‍. സരസ്സുപോലെ തെളിഞ്ഞവള്‍-ആഴമുള്ളവള്‍. ആ കൈകളിലുള്ളത് നാഡിഞരമ്പുകളാകുന്ന തന്ത്രികള്‍ വരിഞ്ഞ മനുഷ്യശരീരമാകുന്ന വീണതന്നെ.
‘ശരീര വൈണികാശ്‌ചൈവ’- എന്നു പ്രമാണം. ഈശ്വരന്റെ സങ്കീര്‍ത്തനങ്ങളെ ഓരോരോ രാഗങ്ങളില്‍ പാടുവവാന്‍ തീര്‍ത്ത മണ്‍വീണതന്നെയാണ് നമ്മുടെയീ മനുഷ്യശരീരം.
ജ്ഞാനസൂര്യന്റെ ഉദയത്തില്‍ വികസിക്കുന്ന മനുഷ്യാത്മാവിന്റെ പ്രതീകമാണ് താമര. താളനിബദ്ധതയെ സൂചിപ്പിക്കുന്നതാണ് മാല. അമൃതത്വത്തിലേയ്ക്ക് നമ്മെ നയിക്കുന്നതാണ് വിദ്യ എന്നതിന്റെ പ്രതീകമാണ് അമൃതകുംഭം. -ഗ്രന്ഥസംഭൃതമാണ് പരമ്പരാഗത വിദ്യ എന്നതിന്റെ സൂചകമാണു ഗ്രന്ഥം.
-എല്ലാറ്റിനും അര്‍ത്ഥമുണ്ട്. നമ്മുടെ വേദങ്ങളില്‍, അനുഷ്ഠാനങ്ങളില്‍ എല്ലാം എല്ലാം അര്‍ത്ഥമുള്ളതാണ്. അങ്ങനെയല്ലാതെ ഒന്നുമില്ല.
ഗുരുദേവന്‍ പറഞ്ഞു-ക്ഷേത്രങ്ങളോടനുബന്ധിച്ച് ഗ്രന്ഥാലയങ്ങളോ വിദ്യാലയങ്ങളോ ഒക്കെ ഉണ്ടാവണം എന്ന്. അന്തരീക്ഷം പവിത്രവും ശാന്തവുമായിരുന്നാലേ മനസ്സ് സ്വസ്ഥമാവൂ. മനസ്സ് സ്വസ്ഥമായാലേ അതില്‍ വല്ലതും പതിയൂ. അങ്ങനെയാണു വിദ്യ സമാര്‍ജ്ജിക്കേണ്ടത്. -വിദ്യകൊണ്ടാണ് പ്രബുദ്ധരാവേണ്ടത്.
മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗ്ഗയുടെ തന്നെ രൂപാന്തരസ്വരൂപിണിയാണു സരസ്വതി. വിദ്യനേടണം എന്നാഗ്രഹിക്കുന്നവര്‍ സരസ്വതിയെ ധ്യാനിച്ചും ഉപാസിച്ചും ഇക്കാലം കഴിക്കണം. മാണിക്യവീണയെ ഉപലാളിക്കുന്ന ദേവിസരസ്വതി സംഗീതപ്രിയയാണ്. മഞ്ജുളവാഗ്വിലാസയാണ് മാഹേന്ദ്രനീലദ്യുതിയാര്‍ന്ന കോമളാംഗിയാണ്. മാതംഗകന്യകയാണ്. മനസാ സദാ സ്മരിക്കപ്പെടേണ്ടവളാണ്.
-മന്ത്രസ്വരൂപണിയായ ദേവിയെ സാമവേദം പിഴിഞ്ഞെടുത്ത സംഗീതത്തിന്റെ മധുരാമൃതവര്‍ഷംകൊണ്ട് അഭിഷേകം ചെയ്യുക.
-പരമമായ ഭക്തി ആവിഷ്‌കരിക്കുവാന്‍ പരിശുദ്ധഹൃദയത്തില്‍ നിന്നൊഴുകുന്ന പവിത്രസംഗീതം പോലെ മറ്റൊരു നാദതീര്‍ത്ഥം ഇല്ല. നമ്മുടെ സംഗീതകലാമൃതാഭിഷേകംകൊണ്ടു നവരാത്രികളെ നിറയ്ക്കുക. നാദബ്രഹ്മമയി കനിയട്ടെ. നമുക്ക് നല്ലതുവരട്ടെ.
ജന്മഭൂമി: http://www.janmabhumidaily.com/news712653#ixzz4u1JHRSn4
No comments:
Post a Comment