Tuesday, September 26, 2017

ശംഖചക്രങ്ങളോടുകൂടിയ ഭഗവാന്‍ വിഷ്ണുവിനെയാണല്ലോ നാം വണങ്ങുകയും സ്തുതിക്കുകയും ചെയ്യുന്നത്. ശ്രീഹരി വിഷ്ണുവിന്റെ തൃക്കൈയില്‍ വിരാജിക്കുന്ന ദിവ്യചക്രമാണ് സുദര്‍ശനം. ഭഗവാന് ഈ ചക്രം എങ്ങനെയാണ് ലഭിച്ചതെന്നുള്ള ചരിതം ദിവ്യവും ആനന്ദപ്രദവും വിജ്ഞാനപ്രദവുമായ ഒന്നാണ്.
ഒരിക്കല്‍ ബലിഷ്ഠരായ ദൈത്യര്‍ സകല ലോകങ്ങളെയും വിഷമിപ്പിച്ചു. അവര്‍ ധര്‍മ്മലോപം വരുത്തി. ഇതുകണ്ടപ്പോള്‍ ദേവന്മാര്‍ ദുഃഖിതരായി. അവര്‍ വിഷ്ണുഭഗവാനോട് സങ്കടം ഉണര്‍ത്തിച്ചു. ശ്രീപരമേശ്വരനെ പൂജിച്ച് ദുഃഖനിവൃത്തി ഉണ്ടാക്കാമെന്ന് പറഞ്ഞ് അദ്ദേഹം അവരെ സ്വസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചു.
വിഷ്ണു ഭഗവാന്‍ കൈലാസത്തില്‍ ചെന്ന് ഒരു പാര്‍ത്ഥിവ ശിവലിംഗം പ്രതിഷ്ഠിച്ചു. പില്‍ക്കാലത്ത് ആ ലിംഗം ഹരീശ്വര ലിംഗം എന്ന നാമത്താല്‍ പ്രഖ്യാതമായി.
മാനസ സരസ്സിലുണ്ടായ താമരപ്പൂക്കളാല്‍ വിഷ്ണുദേവന്‍ ലിംഗപൂജ നടത്തി.
ജഗദീശ്വരന്‍ പ്രസാദിക്കുന്നതുവരെ ധ്യാനനിമഗ്നനായിരിക്കുവാന്‍ ജഗദ്പാലകന്‍ തീരുമാനിച്ചു. മഹാദേവന്‍ പ്രസാദിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ താമരപൂക്കളാല്‍ സഹസ്രനാമാര്‍ച്ചനം നടത്തി. ഓരോ നാമം ജപിക്കുമ്പോഴും ഓരോ താമരപ്പൂവ് അര്‍ച്ചിച്ചുകൊണ്ടാണ് ജപിച്ചത്.
അര്‍ച്ചന അവസാനിക്കാറായപ്പോള്‍ ഒരു പൂവ് നഷ്ടപ്പെട്ടതായി ഭഗവാന് തോന്നി. നാനാലീലകളാടുന്ന മഹാദേവന്റെ ഒരു ലീലയായിരുന്നു ഇതും. ജഗദ് പിതാവ് ഒരു താമരപ്പൂവ് ഒളിപ്പിച്ചുവച്ചതുകൊണ്ടാണ് ആ നഷ്ടം സംഭവിച്ചത്. പരമേശ്വരന്റെ മായ വിഷ്ണുദേവനെയും സ്വാധീനിച്ചതുകൊണ്ടാണ് നഷ്ടപ്പെട്ട താമരപ്പൂവിനെക്കുറിച്ച് അദ്ദേഹം അസ്വസ്ഥനായത്.
ആ പൂവ് വിഷ്ണു ഭഗവാന്‍ പലയിടത്തും അന്വേഷിച്ചു. കിട്ടിയില്ല. തന്റെ നേത്രത്തെ പത്മസമാനമായിക്കരുതി അര്‍ച്ചിക്കുവാന്‍ തുടങ്ങി. പെട്ടെന്ന് ഹരീശ്വരലിംഗത്തില്‍ നിന്ന് ശ്രീപരമേശ്വരന്‍ ആ കര്‍മ്മത്തെ തടഞ്ഞുകൊണ്ട് ഉദ്ഭൂതനായി. ശിവഭഗവാന്റെ ദിവ്യതേജസ്സ് കണ്ട് വിഷ്ണുഭഗവാന്‍ സന്തുഷ്ടനായി.
ദൈത്യന്മാര്‍ ധര്‍മ്മനാശം വരുത്തുകയും സകലരേയും പീഡിപ്പിക്കുകയും ചെയ്യുന്നതിനുള്ള പരിഹാരത്തിനായിട്ടാണ് ശ്രീപരമേശ്വരനെ പൂജിച്ചതെന്ന് വിഷ്ണുദേവന്‍ അറിയിച്ചു.
ശ്രീഹരിയുടെ മനോഭിലാഷം മനസ്സിലാക്കിയ ശ്രീശങ്കരന്‍ ദേവകാര്യത്തിനും ദൈത്യവധത്തിനുംവേണ്ടി സ്വന്തം ചക്രം പ്രദാനം ചെയ്തു.
അതീവ തേജസ്സോടുകൂടിയ ഈ ചക്രമാണ് സുദര്‍ശനം. സര്‍വ്വചക്രങ്ങളിലും ശ്രേഷ്ഠമായ ഇത് ശ്രീഹരിവിഷ്ണു ധരിക്കണമെന്നും മഹാദേവന്‍ പറഞ്ഞു. സര്‍വ്വരാലും വന്ദ്യനും പൂജ്യനുമായ മഹാവിഷ്ണുവിന് വിശ്വംഭരന്‍ എന്ന നാമം നല്‍കിയതും കൈലാസാധിപതിയാണ്.
സുദര്‍ശന ചക്രത്തെയും മഹാദേവനെയും സ്മരിച്ച് വിഷ്ണു ജപിച്ച ശിവ സഹസ്രനാമം ജപിക്കുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടവും സാധിക്കുമെന്ന വരവും ജഗദ് പിതാവ് നല്‍കി.
സംസാര ചക്രത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മാനവന് ക്ഷിപ്ര പ്രസാദിയായ ഭഗവാന്റെ അനുഗ്രഹം ലഭിക്കുവാന്‍ ഈ സഹസ്രനാമം അത്യുത്തമമാണ്. വിത്തം, വിദ്യ, ആരോഗ്യം എന്നിവ ലഭിക്കുമെന്ന് പറഞ്ഞ് മഹാദേവന്‍ ആശീര്‍വാദവും നല്‍കിയിട്ടുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news711646#ixzz4tpX0PJ2y

No comments:

Post a Comment