Tuesday, September 26, 2017

ഒന്‍പതുനാള്‍ ശക്തിയുടെ രൂപങ്ങളെ ആരാധിച്ച് കുട്ടികള്‍ വ്രതശുദ്ധിയുടെ നവരാത്രി നാളിലേക്ക്. വാമൊഴി സ്വായത്തമാക്കിയതിന് ശേഷം വരമൊഴിയുടെ പരിശീലനാരംഭമാണ് വിദ്യാരംഭം. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്നു ദിവസം ദേവിയെ പാര്‍വ്വതിയായും ആടുത്ത മൂന്നുദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു ദിവസം സരസ്വതിയായും സങ്കല്‍പിച്ച് പൂജ നടത്തുന്നു.
ഭാരതത്തിന്റെ ഉത്തരാതിര്‍ത്തി കാക്കുന്ന ഹിമവാന്റെ പുത്രിയായി ജനിച്ച് ഉഗ്രരൂപിണിയായി ജഗദംബ ഓരോ സന്ദര്‍ഭങ്ങളിലും ഭിന്ന വേഷ രൂപധാരിണികളായി അസുര ശക്തികളെ നേരിട്ട് വിജയം വരിക്കുന്ന കഥകളാണ് നവരാത്രിയുടെ ആധാരം.
അവനവന്റെ ഉള്ളില്‍ത്തന്നെയുള്ള കാമ, ക്രോധ, ലോഭ, മോഹങ്ങളായ നീചവാസനകളേയും ദുഷ്ടചിന്തകളേയും ഉന്മൂലനം ചെയ്യുക. അങ്ങനെ ധന്യതയും കൃതാര്‍ത്ഥതയും കൈവരിച്ച് ശാന്തിയും സമാധാനവുമുള്ള ജീവിത വിജയത്തിലൂടെ സാക്ഷാത്കാരം തേടുന്ന മനുഷ്യന്റെ ആത്മീയ സാധനയെ ശുദ്ധീകരിച്ച് എടുക്കുന്ന ആത്മീയ ആഘോഷമാണ് നവരാത്രി.
മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളുടേയും അഭ്യുന്നതിക്ക് നിദാനമായ ദേവതയ്ക്ക് മുന്നില്‍ ഉള്ളിലെ അഹംഭാവം അടിയറവെയ്ക്കുകയും മനസ്സിലേക്ക് ജ്ഞാനപ്രകാശം നിറയ്ക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പാവനമായ ചടങ്ങാണ് നവരാത്രി. ഭക്തി ശക്തിയായും, പ്രാര്‍ത്ഥന ആയുധമായും ആചാരാനുഷ്ഠാനങ്ങള്‍ നിഷ്ഠയോടെ കാത്തും ഉത്സവപ്പൊന്‍നിലാവേറ്റ കാലത്തെ വരവേല്‍ക്കാന്‍ ഒരോ കുഞ്ഞുമനസ്സുകളും തയ്യാറെടുക്കണം.
സീതയെരാവണന്‍ അപ ഹരിച്ചതറിഞ്ഞ് ദുഃഖിതനായി വനത്തില്‍ അലഞ്ഞ ശ്രീരാമന്, നാരദ മഹര്‍ഷിയുടെ ഉപദേശ പ്രകാരം നവരാത്രി വ്രതം അനുഷ്ഠിച്ചതിനാലാണ് വാനര സൈന്യത്തോടൊപ്പം സമുദ്രം തരണം ചെയ്ത് ലങ്കയില്‍ എത്താനും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കുവാനും കഴിഞ്ഞത്.
ദുര്‍ഗ്ഗാദേവി മഹിഷാസുരവധം നടത്തി വിജയം ആഘോഷിച്ചതാണ് വിജയദശമി. മനസ്സിലെ ദുഷ്ടവികാരങ്ങളെ കീഴടക്കലാണ് നവരാത്രി നല്‍കുന്ന സന്ദേശം. അറിവും വിനയവും സമന്വയിക്കുമ്പോള്‍ മനുഷ്യരിലുണ്ടാകുന്ന ഉയര്‍ച്ചയുടെ അടിസ്ഥാനം ഭക്തിയും ദേവചിന്തയുമാണ്. അവരവരുടെ കുലവിദ്യ ദേവിയില്‍ അര്‍പ്പിക്കേണ്ട കാലമാണ് നവരാത്രി.
ഭാരതത്തില്‍ പരശുരാമനാല്‍ സ്ഥാപിതമായ 108 ശക്തി പീഠങ്ങളില്‍ വിശേഷ പ്രാധാന്യമര്‍ഹിക്കുന്ന മഹാക്ഷേത്രങ്ങളില്‍പ്പെട്ട കൊല്ലൂര്‍ മൂകാംബിക, പനച്ചിക്കാട് ദക്ഷിണ മൂംകാംബിക, പാലക്കാട് പട്ടാമ്പിയിലെ രായിരനെല്ലൂര്‍ എന്നിവ അറിവിന്റെ കേദാരമായും വിജ്ഞാനം ആരാധനയും ആകുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളാണ്.
നവരാത്രി മഹോത്സവങ്ങള്‍ അഞ്ചു തരത്തിലുണ്ട്. അവയില്‍ മൂന്നെണ്ണമാണ് ആഘോഷിക്കുന്നത്. ശരത് നവരാത്രി. ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ് ശരത് നവരാത്രി. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഇതാഘോഷിക്കുന്നത്.
ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് കൂടുതല്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. വസന്ത നവരാത്രി. വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇതിന്റെ ആഘോഷം.
അശാത നവരാത്രി. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷം വാരാഹിയുടെ ഉപാസകന്മാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണിത്. ദേവീ മാഹാത്മ്യത്തിലെ ഏഴു മാതൃക്കളിലൊരാളാണ് വാരാഹി.
ദേവിയുടെ പടുകൂറ്റന്‍ കോലങ്ങള്‍ മണ്ണില്‍ മുതല്‍ തീര്‍ത്ത കൊച്ചു ബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്ന ദിനമാണ് നവരാത്രി. ബംഗാളിലെ കാളി പൂജയോടനുബന്ധിച്ച് ദുര്‍ഗ്ഗാ ദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. തമിഴ്‌നാട്ടില്‍ വളരെ പ്രാധാന്യമായി കൊണ്ടാടുന്ന ഒരു ആചാരമാണ് കൊലുവെയ്ക്കല്‍.


ജന്മഭൂമി: http://www.janmabhumidaily.com/news711649#ixzz4tpWnxVvI

No comments:

Post a Comment