നാം ചെയ്യുന്ന ശുഭാശുഭകര്‍മ്മങ്ങളുടെ ഫലമായിട്ടാണു നാം ക്ലേശിക്കുന്നതെന്നു കര്‍മ്മസിദ്ധാന്തം. അതേസമയം, തത്ത്വജ്ഞാനത്തിന്റെ സമസ്തലക്ഷ്യവും പുരുഷന്റെ യഥാര്‍ത്ഥമഹിമയെ പ്രാപിക്കുകയുമാകുന്നു. വേദങ്ങളെല്ലാം പുരുഷ മാഹാത്മ്യത്തെ, ആത്മാവിന്റെ സര്‍വ്വോത്കൃഷ്ടതയെ, പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ അതേ ശ്വാസത്തില്‍ അവ കര്‍മ്മനിയതിയെയും പ്രതിപാദിക്കുന്നുണ്ട്. സത്കര്‍മ്മം തദനുരൂപമായ ഫലവും ദുഷ്‌കര്‍മ്മം അതിനനുസരിച്ചുള്ള ഫലവും നല്കും. എന്നാല്‍ ഒരു സത്കര്‍മ്മത്തിനും ഒരു ദുഷ്‌കര്‍മ്മത്തിനും ആത്മാവില്‍ ക്ഷതമേല്പിക്കാന്‍ കഴിവില്ല. ഉണ്ടെന്നു വന്നാല്‍ ആത്മാവു കേവലം തുച്ഛമാണെന്നു വരും. ദുഷ്‌കര്‍മ്മങ്ങള്‍ (അധര്‍മ്മം) പുരുഷസ്വരൂപപ്രകാശനത്തിനു പ്രതിബന്ധമുണ്ടാക്കുന്നു. സത്കര്‍മ്മം (ധര്‍മ്മം) ആ പ്രതിബന്ധത്തെ നീക്കുന്നു, അപ്പോള്‍ പുരുഷന്‍ സ്വമഹിമയില്‍ പ്രകാശിക്കുന്നു. പുരുഷന്‍ സ്വതേ നിര്‍വ്വികാരനാണ്. നിങ്ങള്‍ ചെയ്യുന്ന ഒരു കര്‍മ്മവും നിങ്ങളുടെ സ്വഭാവമഹിമയെ, ആത്മസ്വരൂപത്തെ, ഒരു തരത്തിലും ഒരിക്കലും ഹനിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ആത്മാവ് അവികാര്യമാണ്. കര്‍മ്മം മൂടുപടംപോലെ ആത്മാവിന്റെ പൂര്‍ണ്ണതയെ മറയ്ക്കുകയത്രേ ചെയ്യുന്നത്.
യോഗികള്‍ എത്രയും വേഗത്തില്‍ തങ്ങളുടെ കര്‍മ്മം അനുഭവിച്ചുതീര്‍ക്കാന്‍വേണ്ടി തദനുരൂപമായ അനേകശരീരങ്ങളെ സൃഷ്ടിക്കുന്നു. ‘കായവ്യൂഹം’ എന്നു പറയുന്ന ഈ ശരീരഗണങ്ങള്‍ക്കുവേണ്ട ചിത്തങ്ങളെയും അവര്‍ അസ്മിതാ മാത്രത്താല്‍ നിര്‍മ്മിക്കുന്നു. അവയെ മൂലചിത്തങ്ങളില്‍നിന്നു വ്യാവര്‍ത്തിക്കാനാണു ‘നിര്‍മ്മാണചിത്തങ്ങള്‍’ എന്നു പറഞ്ഞത്...
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം.
No comments:
Post a Comment