Tuesday, September 26, 2017

നവരാത്രി ഏഴാം ദിവസം
ദേവി കാളരാത്രി(കാലരാത്രി)
''കരാളരൂപാ കാളാബ്ജസമാനാകൃതി വിഗ്രഹാ
കാളരാത്രി ശുഭം ദദ്യാത് ദേവീ ചണ്ഡാട്ടഹാസിനീ ''
അങ്ങനെ ഇച്ഛാശക്തിയും ജ്ഞാനശക്തിയും താണ്ടി ക്രിയാശക്തിയാരാധന തുടങ്ങുന്ന
നവരാത്രി കാലത്തിലെ ഏഴാം ദിനത്തിലെത്തി.
ആഗ്രഹവും അറിവും കൊണ്ട്
ഒന്നും പൂർണ്ണമാകുന്നില്ല. അതു പ്രവൃത്തിയിലെത്തുമ്പോഴാണ് അതിനു പൂർണ്ണത. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്നു ദിവസങ്ങള്‍ നവരാത്രിയുടെ പരമപ്രധാനമായ ആത്മാവായി ഗണിക്കപ്പെടുന്നു. ഇത്രയും ദിവസങ്ങള്‍ വ്രതവും ധ്യാനവുമൊന്നും നോറ്റില്ലെങ്കിലും ഇനിയുള്ള മൂന്നു ദിവസത്തെ സാധന അതെല്ലാം മറയ്ക്കുന്നു.
ദേവീ കാളരാത്രി , ചണ്ഡമുണ്ഡ വധത്തിനായി അവതരിച്ച അത്യന്തം വികൃതയും, ഘോരയുമായ ദേവീസ്വരൂപം! കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടപിടിച്ച മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.
പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി).
ഗർദ്ദഭ വാഹനയായ ദേവിയുടെ ഭീകര രൂപം ദർശിച്ച് ചണ്ഡമുണ്ഡർ പരവശരായി അലറിവിളിച്ചെന്നു പുരാണം. അവരുടെ വധത്തിനുശേഷം ''ചാമുണ്ഡ '' എന്ന പേരും ഈ ദേവിക്കു സ്വന്തം. അതുപോലെ തന്റെ രക്തത്തുള്ളികള്‍ ഭൂമിയിൽ പതിച്ചാൽ തന്റെയതേ പ്രഭാവമുള്ള അനേകായിരമസുരരുടെ ജന്മത്തിന് നിദാനമായ ''രക്തബീജൻ'' എന്ന ഉഗ്രാസുരന്റെ രക്തംമുഴുവനും കുടിച്ചുവറ്റിച്ചതും ഈ ദേവീഭാവംതന്നെ.
ഒരു മനുഷ്യന്‍ എപ്പോഴാണ് പൂര്‍ണനാകുന്നത്? ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം അവന്‍ പൂര്‍ണത കൈവരിക്കുന്നുണ്ടോ? അറിവ്‌ ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ആഗ്രഹവും അറിവും മാത്രം പോരാ, ആ ആഗ്രഹം മൂലം സമ്പാദിച്ച അറിവ് പ്രവര്‍ത്തിപദത്തിലെത്തിക്കുകയും വേണം.
അതേ, ക്രിയാശക്തിയാണ് പ്രധാനം. സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ജീവിതവിജയമിരിക്കുന്നത് എന്ന തിരിച്ചറിവാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്ക് സമ്മാനിക്കുന്നത്. കാലരാത്രി എന്ന ദേവീ അവതാരമാണ് ഏഴാം ദിവസത്തിലെ ആരാധനാദേവത. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്ന് ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാലരാത്രിയുടെ ആരാധന.
നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായി (ഇശ്ചാശക്തി )സങ്കല്‍പ്പിച്ചാണ് പൂജ നടത്തുക. എന്നാല്‍ അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും (ജ്ഞാന ശക്തി) അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും (ക്രിയാശക്തി )സങ്കല്‍പ്പിച്ചാണ് പൂജകള്‍ നടത്തുന്നത്.
''യാ ദേവീ സർവ്വഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:''

No comments:

Post a Comment