Sunday, October 29, 2017

1. ഉദാത്തം: ഉദാത്തസ്വരത്തിന് ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമ് എന്നതിലെ ഗ്നി ക്ക് ചിഹ്നമൊന്നും ഇട്ടിട്ടില്ല. അതിനാല്‍ ആ 'ഗ്നി' ഉദാത്തസ്വരമാണ്. സ്വരത്തിനേ ധര്‍മമുള്ളു. വ്യജ്ഞനത്തിനില്ല. അപ്പോള്‍ ഗ്നി യിലെ ഇകാരമാണ് ഉദാത്തമായി സ്വരിക്കേണ്ടത്. ഇത് സ്മരണയില്‍ വയ്ക്കണം. 2. അനുദാത്തം: വര്‍ണ്ണത്തിനടിയില്‍ ഒരു വര നീട്ടിയിട്ടിരിക്കുന്നത് അനുദാത്തത്തെ സൂചിപ്പിക്കുന്നു. അഗ്നിമ്, ഭാരദ്വാജഃ ഇവയില്‍ അ, ഭാ, ര, ദ്വ എന്നിവയ്ക്കടിയില്‍ വര നീട്ടിയിട്ടിരിക്കുന്നു. അതായത് ഇവ നാലും അനുദാത്തസ്വരത്തോടു കൂടിയതാണെന്ന് ഗ്രഹിക്കണം. 3. സ്വരിതം: സ്വരിതം സ്വരമായ വര്‍ണത്തിന്റെ മുകളില്‍ നാട്ടിയ വരയാണ് അടയാളം. അഗ്നി മീളേ, കാര്യമ്. ഇവയില്‍ അ കാ എന്നിവ അനുദാത്തമാണ്. മീ, ര്യ എന്നിവയ്ക്കു മുകളില്‍ നാട്ടിയ വരയുണ്ട്. അവ സ്വരിതമെന്നര്‍ഥം. ഇവയ്ക്കു പുറമേ നാലാം അധ്യായത്തില്‍ വിവരിച്ച ഏകശ്രുതിയെന്ന പ്രചയവും പ്രയോഗത്തിലുണ്ട്. സംഹിതയില്‍ ഏകശ്രുതി സ്വരത്തിന് ഉദാത്തസ്വരത്തെപ്പോലെ ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമീളേയിലെ ളേ ഏകശ്രുതി സ്വരമുള്ളതാണ്. ഉദാത്തവും ഏകശ്രുതിയും ചിഹ്നമില്ലാതെ ഒരുപോലെ എഴുതുകയാല്‍ ഇവയുടെ വ്യത്യാസം ഗ്രഹിക്കേണ്ടതാണ്. അത് ഇപ്രകാരമാണ്- സ്വരിതം അനുദാത്തം എന്നീ സ്വരചിഹ്നങ്ങളോടുകൂടിയ വര്‍ണങ്ങള്‍ക്കു പൂര്‍വമായി-മുന്‍പ്-ഒന്നോ രണ്ടോ വര്‍ണ്ണം ചിഹ്നനിര്‍ദ്ദേശമില്ലാതെ വന്നാല്‍ അവ ഉദാത്തമായിരിക്കുമെന്ന് അറിയണം. സ്വരിതചിഹ്നമുള്ള വര്‍ണം കഴിഞ്ഞുവരുന്ന-പരമായ-വര്‍ണം ഏകശ്രുതിയാണെന്ന് അതിന് ചിഹ്നനിര്‍ദ്ദേശമില്ലാത്തപക്ഷം അറിഞ്ഞുകൊള്ളണം. സ്വരിതത്തിന്റെ ഒന്‍പതു ഭേദങ്ങളെപ്പറ്റി അഞ്ചാം അധ്യായത്തില്‍ വിശദീകരിച്ചതാണല്ലോ. ഇവിടെ നമുക്ക് രണ്ടു വിധത്തിലുള്ള സ്വരിതങ്ങളെയാണ് നോക്കേണ്ടത്. ഒന്ന് ഉദാത്തത്തിനു പരമായി വരുന്നത്. ഇതിന് സംഹിതജസ്വരമെന്നു പറയുന്നു. രണ്ട് അനുദാത്തത്തിനു പരമായി വരുന്നത്. ഇതിന് ജാത്യസ്വരിതമെന്നു പറയുന്നു. ഇവിടെ അനുദാത്തത്തിന് ആ സ്വരത്തോടുകൂടിയ വര്‍ണമെന്നാണര്‍ഥം. സ്വരിതം സമാനപദത്തില്‍ ഉദാത്തത്തിനു പരമായി വരുമ്പോള്‍ അത് യഥാര്‍ഥത്തില്‍ അനുദാത്തമാണ്. അതിനാല്‍ സംഹിതജസ്വരിതത്തിന് വാഗര്‍ഥത്തില്‍ സ്വാധീനമൊന്നും ഇല്ല. അനുദാത്തത്തിനു പരമായി ഒറ്റപദത്തിലോ ഏകാച്ചിലോ (ഒറ്റയക്ഷരപദത്തിലോ) (ക്വപോലെ) സ്വതന്ത്രരൂപത്തില്‍ പ്രയുക്തമാകുന്ന സ്വരിതം അഥവാ ജാത്യസ്വരിതം പദാര്‍ഥത്തില്‍ അല്പസ്വാധീനം ചെലുത്തുന്നതാണ്. അതിനാല്‍ ഒന്‍പതു സ്വരിതങ്ങളുണ്ടെങ്കിലും അര്‍ഥത്തിലുള്ള സ്വാധീനം ഗണിക്കുമ്പോള്‍ ജാത്യസ്വരിതത്തിനേ മഹത്ത്വമുള്ളു. ഉദാത്തസ്വരത്തിനു മാത്രം ചിഹ്നമിടുന്ന വൈദികഗ്രന്ഥങ്ങളില്‍ ജാത്യസ്വരിതത്തെ വേര്‍തിരിച്ച് കാണിക്കുന്നതിന് വിശേഷചിഹ്നം നിര്‍ദ്ദേശിക്കാറുണ്ട്. ഇതും ജാത്യസ്വരിതത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഉദാത്താദിസ്വരവും അര്‍ഥവും ഉദാത്ത അനുദാത്ത സ്വരിതസ്വരങ്ങളുടെ ധര്‍മത്തിന്റെ (അഥവാ ഉച്ചാരണ ധര്‍മത്തിന്റെ) ശബ്ദങ്ങളുടെ മേലുള്ള അര്‍ഥപരമായ സ്വാധീനം എന്തെന്ന് ചുരുക്കിയെഴുതാം. പദസ്വരം: പ്രാചീനവൈയാകരണന്മാരുടെയും നൈരുക്തരുടെയും അഭിപ്രായത്തില്‍ സംസ്കൃതഭാഷയില്‍ എത്ര നാമങ്ങളും ആഖ്യാതങ്ങളും (=ക്രിയാപദങ്ങള്‍) ഉണ്ടോ അവയെല്ലാം ധാതുപ്രത്യയങ്ങളുടെ ചേര്‍ച്ചയില്‍നിന്ന് ഉണ്ടാക്കിയെടുത്തതാണ്. ആധുനിക വൈയാകരണന്മാരില്‍ ചിലര്‍ രൂഢമായിരിക്കുന്ന ചില പദങ്ങള്‍ ധാതുവില്‍നിന്നു നിഷ്പന്നമായെന്ന പക്ഷക്കാരല്ല. എന്നാല്‍ പ്രാചീന പരമ്പരപ്രകാരം സംസ്കൃതത്തില്‍ രൂഢപദങ്ങളേ ഇല്ല. യദൃച്ഛാ എന്ന പദം സംസ്കതൃതത്തിലേതല്ല. ന സന്തി യദൃച്ഛാ ശബ്ദാഃ എന്ന് ഋല ഋക്സൂത്രത്തിന്റെ മഹാഭാഷ്യത്തില്‍ യദൃച്ഛാ ശബ്ദം ഇല്ലെന്നു പറഞ്ഞിരിക്കുന്നു. പ്രാചീന വൈയാകരണന്മാരുടെ അഭിപ്രായത്തില്‍ അവ്യയം, നിപാതം, ഉപസര്‍ഗം എന്നിവപോലും ധാതുവില്‍നിന്നുണ്ടായവയാണ്. പ്രായേണ ഒരു പദത്തില്‍ ഒരു വര്‍ണം മാത്രം ഉദാത്തവും ശേഷം അനുദാത്തവുമായിരിക്കും. ഉദാത്താനുദാത്തങ്ങളില്‍ ഉദാത്തമാണ് പ്രധാനം. അതിനാല്‍ ഒരു പദത്തില്‍ ഒറ്റ ഉദാത്തവും അനുദാത്തങ്ങള്‍ അനേകവും ആകാം. പദത്തിന്റെ പ്രകൃതി അല്ലെങ്കില്‍ പ്രത്യയരൂപീ ഭാഗത്ത് ഉദാത്തസ്വരം ഉണ്ടായിരിക്കുകയും ആ ഭാഗത്തിന്റെ അര്‍ഥം മുഖ്യമായിരിക്കുകയും ചെയ്യും. അതിനാലത്രേ യാസ്കാചാര്യര്‍ നിരുക്തത്തില്‍ തീവ്രാര്ഥതരമുദാത്തം, അല്പീയോളര്ഥതരമനുദാത്തമ് (4.25) ഉദാത്തത്തിന്റെ അര്‍ഥം കടുത്തതും (മുഖ്യവും) അനുദാത്തത്തിന്റെ അല്പവും (ഗൌണവും) ആയിരിക്കും, എന്നു നിര്‍ണയിച്ചത്. ഇതേ ആശയമാണ് പാണിനി ഉച്ചൈരുദാത്തഃ നീചൈരനുദാത്തഃ സമാഹാരഃ സ്വരിതഃ എന്നീ മൂന്ന് അഷ്ടാധ്യായീ സൂത്രങ്ങളിലൂടെ (1.2.29-31) വെളിവാക്കിത്തന്നത്. ഈ സൂത്രങ്ങള്‍ പല പ്രാതിശാഖ്യങ്ങളിലും ഉദ്ധൃതമാണ്. മാഘകവിയുടെ ശിശുപാലവധത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ഉപമ സാന്ദര്‍ഭികമായി നല്കിയിട്ടുണ്ട്: അനല്പത്വാത് പ്രധാനത്വദംശസ്യേ വേതരേ സ്വരാഃ വിജിഗീഷോര്നൃപതയഃ പ്രയാന്തി പരിവാരതാമ്. ഇതിന്റെ വ്യാഖ്യാനം മല്ലീനാഥന്‍ അംശമെന്നതിനുപകരം വംശസ്യേവേതരേ സ്വരാഃ എന്ന പാഠത്തിനനുസൃതമായാണ് ചെയ്തിട്ടുള്ളത്. വല്ലഭദേവന്റെ വ്യാഖ്യാനം ഇപ്രകാരമാണ്- ക ഇവ ഇതരേ സ്വരാ ഇവ. യഥാ ളന്യേ സ്വര അനുദാത്താദയഃ അംശസ്യ അംശാഭിധാനസ്വരസ്യ ഉദാത്തസ്വരസ്യ ബഹുലധ്വനേഃ പരിവാരതാം ഗച്ഛന്തി. സോളപി സകൃദുച്ചാരണാദല്പോ ഭവതി. ഉക്തഞ്ച 'യോത്യന്തബഹുലോ യത്ര വാദീ ചാശംസ്യ തത്ര സഃ' ഇതി. അതഏവ പ്രധാനത്വമ് - എവ്വിധമോ അനുദാത്താദിസ്വരങ്ങള്‍ അവയവാര്‍ഥം പറയുന്ന ഉദാത്തസ്വരം ഉന്മധ്വനിയുടെ പരിവാരത്വം പ്രാപിക്കുന്നത് അതുപോലെ, ആ ഉദാത്തസ്വരം പദത്തില്‍ ഒരു പ്രാവശ്യം ഉച്ചരിക്കുന്നപക്ഷം അല്പമായിത്തീരുന്നു. (അനുദാത്താദികളെ അപേക്ഷിച്ച്). അത്ര മാത്രവുമല്ല - ഉച്ചധ്വനിയുള്ള സ്വരം വക്താവിന്റെ ഏത് അവയവാര്‍ഥത്തെ നന്നായി വെളിവാക്കുന്നതിന് ഇച്ഛിക്കുന്നുവോ അതു സംഭവിക്കുന്നു. അതിനാല്‍ അതിന് (ഉദാത്തസ്വരത്തിന്) പ്രാധാന്യമുണ്ട്. സമാസസ്വരം - ഒരു പദത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രകൃതിക്കോ പ്രത്യയത്തിനോ അതടങ്ങുന്ന ഭാഗത്തിനോ അര്‍ഥത്തിനു പ്രാധാന്യം ഉണ്ടാകുന്നതുപോലെ സമാസത്തിലും ഏതു പദത്തിലാണോ ഉദാത്തത ഉള്ളത് ഉച്ചാരണത്തില്‍ ആ പദത്തിന്റെ അര്‍ഥത്തിന് പ്രാധാന്യം വരുന്നു. സ്വരാനുക്രമണീയെന്ന ഗ്രന്ഥത്തില്‍ വേങ്കടമാധവന്‍ എഴുതുന്നു: (1.3.2, 3.22) "തത്രോത്തരപദാര്ഥസ്യ പ്രാധാന്യം യത്രവര്തതോ. ഉദാത്തസ്തത്രഭവതി.. യദിസ്വരഃ പൂര്വചദേ തദര്ഥഃ പ്രസ്ഫുടോ ഭവേത്. സര്വേഷ്വേവ സമാസേഷു യത്രയത്ര സ്വരോഭവേത്. കാശംകുശം വാവലമ്ബ്യ സ്വരംതം സ്ഥാപയേദിതി..'' - ഉത്തരപദത്തിന് എവിടെ പ്രാധാന്യം ഉണ്ടോ അവിടെ ഉത്തരപദത്തില്‍ ഉദാത്തസ്വരം വരുന്നു-ഉദാത്തസ്വരം പൂര്‍വപദത്തിലാണെങ്കില്‍ അതിന്റെ അര്‍ഥം പ്രസ്ഫുടം - പ്രധാനം - ആയിരിക്കും. എല്ലാ ഉദാത്തസ്വരയുക്തമായ സമാസത്തിലും അര്‍ഥത്തിന്റെ പ്രധാനത ഏതെങ്കിലും പ്രകാരത്തില്‍  സ്പഷ്ടമാക്കണം. arshanadamonline

No comments:

Post a Comment