Tuesday, October 17, 2017

ലളിതാസഹസ്രനാമം 257 
" ഓം ജാഗരിണ്യൈ നമ : "
ജാഗ്രത് അവസ്ഥയുള്ളവളാണു ദേവി . നിദ്രയുടെ മൂന്ന് അവസ്ഥകളിൽ ഒന്നാണല്ലൊ ' ജാഗ്രത് ' എന്നത് . അതിൽ ഉണർന്നിരിക്കുന്ന അവസ്ഥയാണ് ജാഗ്രത് . 
ജാഗ്രത്തിൽ അനുഭവിച്ച എല്ലാം സ്വപ്നത്തിൽ നഷ്ടമാകുന്നു. സ്വപ്നത്തിൽ അനുഭവിച്ചതെല്ലാം സുഷുപ്തിയിൽ നഷ്ടമാകുന്നു. സുഷുപ്തിയിൽ ഞാൻ പോലുമില്ല, സുഖാനുഭവം മാത്രം. ഇവിടെ എല്ലാ സങ്കൽപങ്ങളും ലയിച്ച് പോകുന്നു. സുഷുപ്തിയിൽ എല്ലാ സംസാര ക്ലേശങ്ങളും അസ്തമിക്കുന്നു. എല്ലാ ഭേദങ്ങളും അവസാനിക്കുന്നു.
സുഷുപ്തി ബ്രഹ്മാനുഭവത്തിന്റെ അടുത്ത് എത്തിയപോലെയാണ്. ബ്രഹ്മാനുഭവത്തിൽ പൂർണ ആനന്ദം ഒരു മറയും കൂടാതെ അനുഭവപ്പെടുന്നു. സുഷുപ്തിയിൽ സങ്കൽപ്പങ്ങൾ ലയിച്ചു ഒരു മറയായി നിന്ന് അനുഭവത്തെ മൂടിനിൽക്കുന്നു. അത്ര മാത്രമേ ഉള്ളു വ്യത്യാസം
ദേവി എപ്പോഴും ഉപാസകരുടെ കാര്യങ്ങളിൽ ഉണർവോടെയിരിക്കുന്നവളാണ് എന്നു കീർത്തിക്കുന്നു .
ജാഗര ശബ്ദത്തിന് ' ഉടുപ്പ് ' എന്നൊരർത്ഥം കൂടിയുണ്ട് . ശരീരമാകുന്ന ഉടുപ്പിനെ ദേവി സംരക്ഷിക്കുന്നു . നമ്മുടെ ഉള്ളിലെ ദേവീചൈതന്യം ദേഹത്താൽ ആവരണം ചെയ്തിരിക്കുന്നു . ആ ശരീരത്തെ ദേവി സംരക്ഷിക്കുന്നു . അങ്ങനെ ഓരോ ജീവിയുടെ ശരീരത്തേയും ഈ പ്രപഞ്ചത്തെത്തന്നെയും ദേവി സംരക്ഷിക്കുന്നു . കാരണം പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ശക്തിയാണല്ലോ ദേവി . സർവതിന്റേയും കവചത്തെ / ശരീരത്തെ സംരക്ഷിക്കുന്നവളാണു ദേവി എന്നും പറയാം . ജാഗരിണിയായ ദേവിയെ നമിക്കുന്നു . 

No comments:

Post a Comment