Saturday, October 14, 2017

നാരദഭക്തിസൂത്രം - 44
”കാമക്രോധമോഹ സ്മൃതിഭ്രംശ ബുദ്ധിനാശ
സര്‍വനാശ കാരണത്വാത്”
ദുസ്സംഗംകൊണ്ട് ക്രമേണ നമ്മുടെ മാനുഷിക മൂല്യങ്ങളെല്ലാം നശിക്കുന്നു. അതെങ്ങിനെയെന്ന് ഈ സൂത്രത്തില്‍ വരച്ചുകാട്ടിയിരിക്കുന്നു.
ദുസ്സംഗം മൂലം നമ്മളില്‍ വിഷയസുഖങ്ങളില്‍ താല്‍പ്പര്യം ജനിക്കും. ക്രമേണ അത് കാമമായി മാറും. കാമത്തിനു കണ്ണില്ലാ എന്ന പഴഞ്ചൊല്ലുപോലെ നാം പരിസരം മറക്കാനിടവരും. കാമം മൂത്ത് അച്ഛനമ്മമാരെ ചീത്ത പറയുന്ന, അവരെ ധിക്കരിക്കുന്ന ഒരു പറ്റം ആളുകളെ നമുക്ക് ചുറ്റും കാണാം. കാമത്തെ എതിര്‍ക്കുന്നവരോടെല്ലാം ക്രോധം വളരും.
ക്രോധം മൂത്ത് വിഭ്രമം എന്ന സമ്മോഹ അവസ്ഥയിലെത്തും. അത് ഓര്‍മനാശവും ക്രമേണ ബുദ്ധിനാശവും വരുത്തിവയ്ക്കും.
ഭാഗവതത്തില്‍ പറയുന്നു,
കോപാല്‍ ഭവതി സമ്മോഹഃ സമ്മോഹാല്‍സ്മൃതിവിഭ്രമഃ
സ്മൃതിവിഭ്രമാല്‍ ബുദ്ധിനാശഃ ബുദ്ധിനാശാല്‍ പ്രണശ്യതിഃ
ഈ നാല്‍പത്തിനാലാം സൂത്രത്തില്‍ പറഞ്ഞ കാര്യം തന്നെയാണ് ഭാഗവതത്തിലും വിവരിക്കുന്നത്. മനുഷ്യന്‍ എങ്ങനെ നാശത്തിലേക്ക് പതിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണിത്.
മനുഷ്യന്‍ നാശത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ ദുര്‍ജനസംസര്‍ഗം പൂര്‍ണമായി ഒഴിവാക്കണം.
അജാമിളന്‍ ഒരു വേശ്യസ്ത്രീയെ കണ്ടതാണ് വഴിതെറ്റുന്നതിന് കാരണമായിത്തീര്‍ന്നത്.
ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ മാക്ബത്ത് ചില പൈശാചിക പ്രവര്‍ത്തകരെ കണ്ടതാണ് മാക്ബത്തിനെ ക്രമേണ നാശത്തിലേക്ക് നയിച്ചത്.


ജന്മഭൂമി: http://www.janmabhumidaily.com/news720362#ixzz4vWDS6AHa

No comments:

Post a Comment