Saturday, October 14, 2017

രണ്ടുപേര്‍ തമ്മില്‍ പരസ്പരം കാണുമ്പോള്‍ ഉപചാരവാക്കുകള്‍ പറയുക സാധാരണമാണ്. അതൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹലോ എന്ന് പറഞ്ഞ് ഹസ്തദാനം നല്‍കുന്നതാണ് ഇപ്പോഴത്തെ പതിവ്. ഹസ്തദാനം ഇല്ലെങ്കില്‍ കൂടി ഹായ്, ഹലോ എന്നൊക്കെയുള്ള വിദേശീയരുടെ ഉപചാരവാക്കുകള്‍ കടമെടുത്തുകൊണ്ടാണ് ഇന്നത്തെ തലമുറ അഭിവാദ്യം ചെയ്യുന്നത്. മഹത്തായൊരു സംസ്‌കാരം സ്വന്തമായി നിലനില്‍ക്കെയാണ് ഇത്.
നമസ്‌തേ എന്ന ഉപചാരവാക്കാണ് ഭാരതീയര്‍ ഉപയോഗിച്ചിരുന്നത്. ഇരു കരതലങ്ങളും ഹൃദയഭാഗത്തോട് ചേര്‍ത്ത്, താമരമൊട്ടിന്റെ ആകൃതിയില്‍ കൂപ്പിക്കൊണ്ട്, ശിരസ്സ് കുമ്പിട്ടാണ് നമസ്‌തേ പറയുക. നമ്മെക്കാള്‍ പ്രായം കൂടിയവരേയും സമപ്രായക്കാരേയും സുഹൃത്തുക്കളേയും എന്തിനേറെ അപരിചിതരോടുപോലും നമസ്‌തേ പറയാം. പരമ്പരാഗതമായ അഞ്ച് ഉപചാരവാക്കുകളില്‍ ഒന്നാണിത്.
മറ്റൊരാളോടുള്ള ആദരസൂചകമായാണ് നമസ്‌തേ പറയുന്നത്. ഇത് ബന്ധങ്ങള്‍ ദൃഢമാക്കും. സംസ്‌കൃത പദങ്ങളായ നമഃ യും തേയും ചേരുന്നതാണ് നമസ്‌തേ. ഇതിന്റെ അര്‍ത്ഥം ഞാന്‍ നിന്നെ പ്രണമിക്കുന്നു എന്നാണ്. നമസ്‌തേയെ ‘എന്റെ അല്ല’ എന്നര്‍ത്ഥത്തില്‍ ന മ എന്നും വ്യാഖ്യാനിക്കാറുണ്ട്. മറ്റൊരാളുടെ സാന്നിധ്യത്തില്‍ ഞാന്‍ എന്ന ഭാവം വെടിയാന്‍ ഒരാള്‍ തയ്യാറാകുമ്പോള്‍ അതിനൊരു ആത്മീയ പ്രാധാന്യം കൂടി കൈവരുന്നു.
കൈകൂപ്പുമ്പോള്‍ അതിനൊരു ആരാധനാതലം കൂടിയുണ്ട്. അത് കൂടുതല്‍ അഗാധവുമാണ്. എന്നിലും നിന്നിലും ഉള്ള ഈശ്വരന്‍ ഒന്നാണെന്ന് അത് ബോധ്യപ്പെടുത്തുന്നു. ശിരസ്സ് കുനിക്കുന്നതിലൂടെ മറ്റൊരാളിലെ ദൈവികതെയാണ് നമിക്കുന്നത്. ചിലപ്പോള്‍ കണ്ണുകള്‍ അടച്ചുകൊണ്ടാവും അഭിവാദ്യം ചെയ്യുന്നത്. നമ്മുടെ തന്നെ ഉള്ളിലേക്കാണ് അപ്പോള്‍ നോക്കുന്നതെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നമസ്‌തെ എന്നതിന് പകരം രാം രാം, ജയ് ശ്രീകൃഷ്ണ, നമോ നാരായണ, നമശിവായ, ഓം ശാന്തി തുടങ്ങിയ വാക്കുകളും ഒരാളെ വണങ്ങുമ്പോള്‍ സാധാരണ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ നമ്മുടെ ഉപചാരം കേവലമൊരു പ്രകടനമോ ഉപരിപ്ലവമോ ആവരുത്. അത് ഹൃദയത്തില്‍ നിന്നും വരുന്നതാവണം. സ്‌നേഹത്തിന്റേയും ബഹുമാനത്തിന്റേയും ഒരന്തരീക്ഷം സൃഷ്ടിക്കുന്നതാവണം. അതിലൂടെ മറ്റൊരാളുമായുള്ള സംസര്‍ഗ്ഗം കൂടുതല്‍ ആഴത്തിലുള്ളതാക്കാം. കൃത്രിമത്വം നിറഞ്ഞ, ആത്മാര്‍ത്ഥതയില്ലാത്ത ഉപചാര രീതികള്‍ക്ക് പകരം കൈകള്‍ കൂപ്പി ഉപചാരം അര്‍പ്പിക്കാന്‍ നമ്മുടെ കുട്ടികളേയും ശീലിപ്പിക്കേണ്ടിയിരിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news720818#ixzz4vWDAfr8h

No comments:

Post a Comment