Monday, October 30, 2017

എന്താണ് മനുഷ്യമനസ്സ്. എങ്ങനെ പ്രവര്‍ത്തിക്കുന്നു. ആരാണ് നമ്മളില്‍ വൈരുദ്ധ്യങ്ങളായ സ്വഭാവ സംസ്‌കാരങ്ങള്‍ രൂപപ്പെടുത്തിയത്. എന്തുകൊണ്ടാണ് ചില സ്വഭാവങ്ങളുടെ വിധേയത്വത്തിലോ അടിമത്തത്തിലോ വീണുപോയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മെ ഈ രൂപത്തില്‍ ആക്കിയതാരാണ്. നമ്മുടെ സ്വഭാവങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമോ?
ദൗര്‍ബല്യത്തില്‍ നിന്ന് ആത്മധൈര്യത്തിലേക്ക് ഉയരാന്‍ നമുക്ക് സാധിക്കുമോ? കഴിവില്ല എന്ന് തോന്നുന്നവരെ പോലും കഴിവുള്ളവരാക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങളെല്ലാം ഓരോ വ്യക്തിയുടേയും മനസ്സിന്റെ ചോദ്യങ്ങളാണ്. മോട്ടിവേഷണല്‍ ക്ലാസുകള്‍ എന്ന പേരില്‍ അനവധി മാനേജ്‌മെന്റ് ക്ലാസുകള്‍ ഒക്കെയുണ്ടെങ്കിലും അതിലൂടെ പരിവര്‍ത്തനം വരുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ താരതമ്യേന കുറവാണെന്ന് കാണാം. എന്നാല്‍ നിത്യവും ഭദവദ് ഗീത വായിക്കാന്‍ തുടങ്ങിയാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം കണ്ടെത്താം. അതിലൂടെ സ്വജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുവാനും സാധിക്കും.
ജീവിതമെന്നത് അറിവിന്റെ ശാസ്ത്രം മാത്രമല്ല അത് പ്രായോഗികതയുടെ അനുഭവശക്തികൂടിയാണ്. നമുക്ക് അറിവ് പകര്‍ന്നുതരുന്നതിനൊപ്പം അതെങ്ങനെ സ്വജീവിതത്തില്‍ കൈവരിക്കാമെന്ന വഴികളും ഗീത കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ ഇത്രമാത്രം പ്രായോഗികതയുള്ള ശാസ്ത്രം ലോകത്തില്‍ ഉണ്ടായിട്ടില്ലെന്നു പറയാം. ഗീതയെ എന്നും ലോകസാഹിത്യത്തിന് മുന്നിലും, മതഗ്രന്ഥങ്ങളുടെ മുന്നിലും ഭഗവദ് ഗീതയ്ക്ക് എന്നും മഹനീയ സ്ഥാനം ഉണ്ടെന്നതാണ് സത്യം.
മനുഷ്യന്‍ അറിയാത്ത മനസ്സ് മനുഷ്യന്റെ മുന്നില്‍ അവതരിപ്പിച്ചതിലാണ് ഗീതയുടെ വിജയം. ഓരോ കുഞ്ഞും ജനിച്ചുവളരുമ്പോള്‍ ആഗ്രഹിക്കുന്നത് വിജയിക്കുവാനും ഒന്നാം സ്ഥാനത്തെത്തുവാനും എല്ലാവരാലും സ്‌നേഹിക്കപ്പെടാനും കഴിവുള്ള വ്യക്തിയാവാനും ഒക്കെയാണല്ലോ. കൊച്ചുകുഞ്ഞുങ്ങളോട് ചോദിച്ചുകഴിഞ്ഞാല്‍ ആരും മോശക്കാരനാവണമെന്ന് പറഞ്ഞുകേള്‍ക്കാറില്ല. എന്താണ് ജീവിതം എന്ന് അറിയാത്ത പ്രായത്തില്‍ പോലും വിജയജീവിതത്തിന്റെ സങ്കല്‍പങ്ങളും ആഗ്രഹങ്ങളും അവരിലുണ്ട്. എന്നാല്‍ വളര്‍ന്നുവലുതാകുമ്പോള്‍ ചുറ്റുപാടുകളുടെ സ്വാധീനവും സ്വഭാവ വൈരുദ്ധ്യങ്ങളും എല്ലാം ആ വ്യക്തിത്വത്തെ ആടിയുലച്ച് വിജയിക്കണമെന്ന സകല തൃഷ്ണയും ചവിട്ടി താഴ്ത്തി ദൗര്‍ബല്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവീഴ്ത്തുന്നു. പരിമിതികളും കുറവുകളും ഏറെയുണ്ടെന്ന ചിന്തയാണ് അവരെ അലട്ടുന്നത്.
അവിടം മുതല്‍ വിജയിച്ച് മുന്നോട്ടുപോകുന്നവരോട് അസൂയയും തനിക്ക് കഴിവില്ല എന്ന അപകര്‍ഷതാബോധവും മുന്നേറാനുള്ള കഴിവില്ല എന്ന് തോന്നുമ്പോഴുള്ള അര്‍ഷവും പ്രതിഷേധവും എല്ലാം അവരെ ദുഷ്ടരും ക്രൂരരും ആക്കി മാറ്റുന്നു. അതായത് ഏതൊരു സാഹചര്യം മുതലാണ് വിജയിക്കാന്‍ ആഗ്രഹിച്ച വ്യക്തി സ്വയം പരാജിതനാകുന്നതെന്ന് കണ്ടെത്തി അതിനുള്ള കാരണങ്ങള്‍ മനസ്സിലാക്കി അവിടം മുതല്‍ ഒരു മാനസിക ചികിത്സ കൊടുക്കാന്‍ സാധിച്ചാല്‍ വഴിതെറ്റുന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ സാധിക്കും.
പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കളിച്ചും ചിരിച്ചും ജീവിതത്തിന്റെ അല്ലലുകള്‍ അറിയാതെ വളരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്ന കുട്ടികള്‍ക്ക് ഗീതാ പഠനം അനിവാര്യമാണ്. കാരണം ഈയൊരു പ്രായത്തിലാണ് വിജയിക്കാന്‍ ആഗ്രഹിച്ച വ്യക്തി തന്റെ കുറവുകളെക്കുറിച്ച് ചിന്തിച്ചും പഴി പറഞ്ഞും വഴിതെറ്റിപ്പോകുന്നത്. ഇന്ന് കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് വലിയ ചര്‍ച്ചകളും മറ്റും നടക്കുന്നുണ്ടല്ലോ. മന്ത്രിസഭ പോലും കാര്യമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും ഏത് സാഹചര്യമാണ് കുട്ടിയെ ഇതിലേക്ക് നയിച്ചതെന്ന് ചിന്തിക്കുവാനോ അതിന് പരിഹാരം പറഞ്ഞുകൊടുക്കാനോ ശ്രമിക്കുന്നില്ല. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മാനസികമായി വളരുന്നില്ല എന്നതും വളരെ വേദനാത്മകമായ വസ്തുതയാണ്.
ഈ സമൂഹത്തിലുള്ള എല്ലാ മുതിര്‍ന്ന വ്യക്തികളോടും അപേക്ഷിക്കുന്നത് നിങ്ങള്‍ ഗീത പഠിച്ച് ഉത്തമ മനഃശാസ്ത്രജ്ഞരായി കുട്ടികളിലേക്ക് ഇറങ്ങിത്തിരിക്കണം എന്നാണ്. അവരിലെ മനഃപരിണാമദിശയുടെ പ്രാധാന ഘട്ടത്തില്‍ അവരിലെ പോസിറ്റീവ് ഊര്‍ജ്ജവും നെഗറ്റീവ് ആയി മാറാതെ നിലനിര്‍ത്താന്‍ ഗീതയിലൂടെ സഹായിക്കണം.
ഒരു സര്‍ക്കാരിനും ഇത്രയും നാള്‍ സാധിക്കാത്ത മനോവികാസ വിപ്ലവം ആയിരിക്കുമത്. ഇനിയും നാം സമൂഹത്തിന്റെ രക്ഷയ്ക്കുവേണ്ടി അവതാരപുരുഷന്മാരെ കാത്തിരിക്കരുത്. പകരം നാം അരങ്ങിലേക്ക് ഇറങ്ങിത്തിരിക്കുക തന്നെ വേണം. ഈ ധാര്‍മ്മിക ഉത്തരവാദിത്തം ഓരോ പൗരന്മാരും ഏറ്റെടുക്കുകയാണെങ്കില്‍ നമുക്ക് വളരുന്ന കുട്ടികളെയോര്‍ത്ത് ഉത്കണ്ഠപ്പെടേണ്ടതില്ല. നാം കൈകെട്ടി മിണ്ടാതിരുന്നാല്‍ നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നത് നിസ്സഹായരായി കണ്ടും കരഞ്ഞും ഇരിക്കേണ്ടി വരും.
നാം തന്നെയാണ് സമൂഹത്തില്‍ പരിവര്‍ത്തനം വരുത്താന്‍ പറ്റിയ ഏറ്റവും നല്ല അവതാരങ്ങള്‍. കാരണം അവതരിക്കുക എന്ന വാക്കിന് വൈകുണ്ഠത്തില്‍ നിന്നോ കൈലാസത്തില്‍ നിന്നോ ഇറങ്ങി വരുന്ന ദൈവങ്ങള്‍ എന്നല്ല അര്‍ത്ഥം. മറിച്ച് സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്ക്, താഴെ തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ചുയര്‍ത്താനുള്ള അറിവും ശക്തിയും നേടി വെളിച്ചം പകര്‍ന്നു നയിക്കലാണത്.


ജന്മഭൂമി: http://www.janmabhumidaily.com/news729134#ixzz4x2SGId9a

No comments:

Post a Comment