Thursday, October 12, 2017

ഒന്ന് തിരിഞ്ഞുനോക്കൂ...
ജീവിതത്തിൽ പുറകോട്ടു തിരിഞ്ഞുനോക്കുമ്പോഴാണ് നമ്മൾ പ്രതീക്ഷിച്ചപോലെയോ പ്ലാൻ ചെയ്തപോലെയോ ഒന്നുമല്ല ജീവിതം മുന്നോട്ടുപോയത് എന്ന്‌ അറിയാൻ കഴിയുക. നമ്മുടെ ബലത്തിനോ ശക്തിക്കോ സാഹചര്യത്തിനോ അപ്പുറം ഏതോ ഒരദൃശ്യകരം നമ്മെ വാരിപ്പിടിച്ച് എത്തേണ്ടതെവിടെയോ അവിടെ എത്തിരിച്ചിരിക്കുന്നു.
ഇത്രയുംകാലം ഇങ്ങനെ ആ അദൃശ്യബലത്തിലും സംരക്ഷണത്തിലും ജീവിച്ചുവെങ്കിൽ ഭാവിയിലും അതുതന്നെയല്ലേ നമ്മെ നയിച്ചുകൊണ്ടുപോയി ഒരിടത്തെത്തിക്കുക! സത്യത്തിൽ ആ ബലത്തെയല്ലേ നാം ആശ്രയിക്കേണ്ടത്; എന്നിട്ട് നമ്മുടെ ബുദ്ധിയെയും ശക്തിയെയും അതിലേക്ക് ലയിപ്പിച്ച് അതിന്റെ മൗന-സംസാരത്തെയും ശ്രദ്ധിച്ച്, അതുപറയുന്നപോലെ പ്രവർത്തിച്ച്, ഭാവിയെക്കുറിച്ച് യാതൊരുവിധ ആകുലതകളോ ഇല്ലാതെ എല്ലാം അതിലേക്കു സമർപ്പിച്ച് മുന്നോട്ടുപോയാൽ പോരെ! നമ്മുടെ വിവേകം, ഈ തിരിച്ചറിവിലൂടെയല്ലേ, ഇനിമുതലെങ്കിലും പ്രവർത്തിക്കേണ്ടത്!
ശരിക്കും മനുഷ്യൻ ഒരുകാരണവുമില്ലാതെയാണ് ഭാവിയെക്കുറിച്ച് ആശങ്കാകുലരാവുന്നതും കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോർത്ത് നെടുവീർപ്പിടുന്നതും. ഒരു ശരീരത്തിന് പ്രാരാബ്ധമെന്തോ അതനുഭവിച്ചേ മതിയാകൂ; കാരണം പ്രാരാബ്‌ധമാണ് ആദ്യമുണ്ടായത്, അതിനുശേഷം ശരീരവും. ശരീരവശാലുള്ള പ്രാരാബ്ധം പൂർത്തിയായിക്കഴിഞ്ഞാൽ ഇവിടത്തെ ഡ്യൂട്ടിയും അവസാനിച്ചു. അതുകൊണ്ടു ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രതിസന്ധികൾ വരുമ്പോൾ ദുഃഖിച്ചിട്ടെന്തു ഫലം; അതിനെ മാറ്റാൻ ശ്രമിക്കുന്നതുകൊണ്ടെന്തു പ്രയോജനം! വരുന്നതെന്തോ അതു പോകാനുള്ളതാണ്; പ്രതിസന്ധികൾ വന്നുപോകട്ടെ, അതു നാം എന്തായാലും അനുഭവിക്കേണ്ടതുതന്നെ. എല്ലാം വരുമ്പോഴും പോകുമ്പോഴും ഇതിനൊക്കെ അതീതമായ ആ അദൃശ്യശക്തിയെ ആശ്രയിക്കുക, അതിൽ ഭക്തിയുണ്ടാവുക...sudha bharat

No comments:

Post a Comment