Wednesday, October 25, 2017

അമ്മമാര്‍ മക്കള്‍ക്കുവേണ്ടി അനുഷ്ഠിക്കുന്ന പ്രധാന വ്രതങ്ങളില്‍ ഒന്നാണ് സ്‌കന്ദ ഷഷ്ഠി. സുബ്രഹ്മണ്യപ്രീതിയിലൂടെ സന്താനാഭിവൃദ്ധി നേടിത്തരുന്നതാണു ഷഷ്ഠീവ്രതം. സര്‍പ്പമായി മാറിയ മകന്‍ സുബ്രഹ്മണ്യനെ തിരിച്ചു കിട്ടുന്നതിനായി അമ്മ പാര്‍വതീ ദേവി ഷഷ്ഠീവ്രതം അനുഷ്ഠിച്ചെന്നാണ് ഐതിഹ്യം. താരകാസുരനെ നിഗ്രഹിച്ച ദിവസമാണ് സ്‌കന്ദഷഷ്ഠി ആചരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
വെളുത്ത പക്ഷത്തെ ഷഷ്ഠിദിവസമാണു വ്രതം ആചരിക്കുന്നത്. തുലാം മാസത്തിലെ ഷഷ്ഠിയാണ് സ്‌കന്ദ ഷഷ്ഠിയായി അനുഷ്ഠിക്കുന്നത്. പഞ്ചമി നാളില്‍ അതായത് ഷഷ്ഠിക്ക് തൊട്ടുമുന്നത്തെ ദിവസം ഒരിക്കല്‍ മാത്രം ആഹാരം. ഷഷ്ഠി ദിവസം രാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.സുബ്രഹ്മണ്യ ഭജനം ഉത്തമം. രാവിലെ ആറു നാഴിക പുലരുന്നതു വരെ ഷഷ്ഠിയുണ്ടെങ്കില്‍ അത് അര്‍ക്ക ഷഷ്ഠിയെന്നും അസ്തമയത്തിന് ആറു നാഴിക മുമ്പ് വരുന്ന ഷഷ്ഠി സ്‌കന്ദ ഷഷ്ഠിയെന്നും അറിയപ്പെടുന്നു. സര്‍പ്പദോഷ പരിഹാരമായും മഹാരോഗനിവാരണത്തിനായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാറുണ്ട്. ഇന്നേ ദിവസം ഉപവാസമാണ് ഉത്തമം.
ഷഷ്ഠി തുടങ്ങുന്നതിന് ആറ് ദിവസം മുന്നേ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ എടുക്കുന്നതും നന്ന്. സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. ഷഷ്ഠിദിവസത്തില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. ആഡംബരം ഒഴിവാക്കി ഭക്തിയോടെവേണം വ്രതം അനുഷ്ഠിക്കാന്‍. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍.
താരകാസുര നിഗ്രഹത്തിനായാണ് ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചത്. ശിവന്റെ നേത്രാഗ്നി ശരവണ പൊയ്കയില്‍ പതിക്കുകയും അതില്‍ നിന്ന് ആറ് കുഞ്ഞുങ്ങള്‍ പിറക്കുകയുമായിരുന്നു. കന്യകമാരായ കാര്‍ത്തിക സഹോദരിമാരാണ് ഈ കുഞ്ഞുങ്ങളെ പരിപാലിച്ചത്. അങ്ങനെയാണ് കാര്‍ത്തികേയന്‍ എന്ന പേര് കൈവന്നത്. ശരവണ പൊയ്കയിലെത്തിയ പാര്‍വ്വതീ ദേവി ആറ് കുഞ്ഞുങ്ങളേയും ആറ് മുഖങ്ങളോടുകൂടിയ ഒറ്റശരീരമാക്കി. അങ്ങനെ ഷണ്‍മുഖന്‍ എന്ന പേരുണ്ടായി.
മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും നാമമുണ്ട്. ശിവന്റെ നേത്രാഗ്‌നിയില്‍ നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും പാര്‍വ്വതി സമ്മാനിച്ച വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വിളിക്കപ്പെടുന്നു. വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും അറിയപ്പെടുന്നു. പാര്‍വതീദേവിയുടെ അനുഗ്രഹത്താല്‍ ഏകശരീരിയാകയാല്‍ സ്‌കന്ദന്‍ എന്നും യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും അറിയപ്പെടുന്നു.
അനന്തവും ഗോപ്യവുമായ ജ്ഞാനത്തിന്റെ മൂര്‍ത്തിയാകയാല്‍ ഗുഹന്‍ എന്നും സുബ്രഹ്മണ്യന് പേരുണ്ട്. ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും അറിയപ്പെടുന്നു. ദേവന്മാരുടെ സേനാപതിയാകയാല്‍ ദേവസേനാപതിയെന്നൊരു നാമം കൂടിയുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news726772#ixzz4wZBzGoUx

No comments:

Post a Comment